അപ്രതീക്ഷിത മഴ വിടാതെ; വെള്ളമുയർന്ന് കവ്വായി വയൽ: പുഞ്ചയെ മുക്കിയ മഴയിൽ ദുരിതത്തിലായി കർഷകർ

കാഞ്ഞങ്ങാട്: കവ്വായി വയലിലെ പുഞ്ചയെ മുക്കിയ വെള്ളക്കെട്ട് ചൊവ്വാഴ്ച വൈകീട്ട് പെയ്ത മഴയിൽ വീണ്ടും ഉയർന്നതോടെ കർഷകർ പ്രതീക്ഷ പൂർണമായും കൈവിട്ടു.
അഞ്ച് ദിവസമായി പൂർണമായും വെള്ളത്തിനടിയിലായ നെൽച്ചെടികൾ മുഴുവനും ചീഞ്ഞതോടെയാണ് കർഷകർക്ക് പ്രതീക്ഷ അസ്തമിച്ചത്. 15 ദിവസം മുൻപാണ് കവ്വായി പത്തേക്കർ വയലിൽ ഏഴ് കർഷകർ സ്വന്തമായും പാട്ടമായും നാട്ടിക്കൃഷി ഇറക്കിയത്.
നാട്ടി നട്ട് ഒരാഴ്ച പിന്നിടുംമുൻപ് അപ്രതീക്ഷിതമായി പെയ്ത കനത്തമഴയിൽ പുഞ്ചയെ വെള്ളം വിഴുങ്ങുകയായിരുന്നു. മഴതോർന്നാൽ വെള്ളം ഇറങ്ങി പുഞ്ച തരിയെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകരെല്ലാം. എന്നാൽ ദിവസവും വൈകുന്നേരങ്ങളിൽ തുടരുന്ന മഴയിൽ പുഞ്ചയിലെ വെള്ളം ഇറങ്ങുന്നതിനുപകരം വെള്ളക്കെട്ട് ഉയരുകയായിരുന്നു.
നഷ്ടം, നഷ്ടം മാത്രം
കാലം തെറ്റി പെയ്ത മഴയിൽ കവ്വായി വയലിലെ 10 ഏക്കറിലെ പുഞ്ച ചീയുന്ന കാര്യം കഴിഞ്ഞദിവസം ‘മാതൃഭൂമി’ വാർത്തയായി നൽകിയിരുന്നു. കൃഷിയിറക്കിയവർക്കെല്ലാം അരലക്ഷം രൂപയ്ക്കു മുകളിൽ നഷ്ടം സംഭവിച്ചതായി കർഷകർ പറയുന്നു.
കവ്വായി വയലിൽനിന്ന് ഒരു കിലോമീറ്റർ താഴോട്ട് മാറി പരിത്തിപ്പുഴയിലെ മുട്ടറക്കാൽ അണക്കെട്ടിലെയും അഞ്ച് കിലോമീറ്ററോളം അകലെയുള്ള പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിലെയും ജലവിതാനം ക്രമീകരിച്ചാണ് കവ്വായി, കാരാട്ടുവയൽ, അരയി പ്രദേശങ്ങളിലെ വയലുകളിൽ നെല്ല് അടക്കമുള്ള കൃഷികൾ നടത്തുന്നത്. വെള്ളക്കെട്ടുള്ള കവ്വായി വയലിലെ വെള്ളം കൃഷിക്കായി സമീപത്തെ ബണ്ടിലൂടെ ഇറക്കിയും താഴ്ത്തിയുമാണ് നിയന്ത്രിക്കുന്നത്.
പോംവഴി, ബണ്ട് നവീകരിക്കൽ
: നവംബർ പാതിയോടെ ചെറുകിട ജലസേചന വകുപ്പ് ഇരു അണക്കൈട്ടുകളും അടച്ച് വേനൽ കരുതലിനായി വെള്ളം പരമാവധി തടഞ്ഞുനിർത്തിയിരുന്നു. മഴവെള്ളവും ഉറവ വെള്ളവും കടലിലേക്ക് ഒഴുകിപ്പോകാതെ നിലനിർത്തുന്നതിനോടൊപ്പം പുഴയിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനുമുള്ള ജലസേചന വകുപ്പിന്റെ ഈ നടപടി കർഷകർക്കുമാത്രമല്ല സമീപപ്രദേശത്തെ ജലസ്രോതസ്സുകൾക്കും ഏറെ പ്രയോജനപ്പെടുന്നതാണ്.
കാരാട്ടുവയലിലെ 100 ഏക്കറിലേക്ക് പുഞ്ചക്കൃഷിക്കായി വെള്ളം പമ്പ് ചെയ്യുന്നത് മുട്ടറക്കൽ അണക്കെട്ട് ഉപയോഗപ്പെടുത്തിയാണ്. അപ്രതീക്ഷിത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് അണക്കെട്ട് തുറന്ന് ഒഴിവാക്കിയാൽ തുറന്നുവിടുന്ന വെള്ളത്തിന്റെ നഷ്ടം പിന്നീട് തിരിച്ചുപിടിക്കാൻ പറ്റാത്തതാണ്.
നടപടി തുടങ്ങി
കവ്വായി വയലിലെ പ്രശ്നത്തിന് ഇവിടെയുള്ള 700 മീറ്ററോളം നീളംവരുന്ന ബണ്ട് നവീകരിക്കലാണ് ഏക പോംവഴിയെന്നാണ് ജലസേചന വകുപ്പ് എൻജിനിയർമാർ പറയുന്നത്. ഇതിനായുള്ള നടപടിക്രമം തുടങ്ങിയതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി..

