KSDLIVENEWS

Real news for everyone

24 മണിക്കൂറിനകം റോഡിലെ കുഴിയടയ്ക്കാന്‍ പദ്ധതി; ഇല്ലെങ്കില്‍ കരാറുകാരന് പിഴ

SHARE THIS ON

തിരുവനന്തപുരം:റോഡിൽ കുഴിയുണ്ടായാൽ 24 മണിക്കൂറിനുള്ളിൽ അടയ്ക്കാൻ നടപടിയുണ്ടാവും. പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് ആദ്യമായി ഏർപ്പെടുത്തുന്ന റണ്ണിങ് കരാർ പ്രകാരമാണിത്. പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾക്കാണിത്. പുതിയ ഒരു കരാറുകാരനോ മുമ്പുണ്ടായിരുന്ന ആൾക്കോ പുതിയ കരാറെടുക്കാം. 24 മണിക്കൂറിനുള്ളിൽ നന്നാക്കിയില്ലെങ്കിൽ കരാറുകാരൻ പിഴയടയ്ക്കേണ്ടിവരും.

പദ്ധതിക്കായി ആദ്യഘട്ടത്തിൽ 137.41 കോടിയാണ് അനുവദിച്ചത്. 117 പദ്ധതികളിലായി 2481.5 കിലോമീറ്റർ റോഡിന്റെ പരിപാലനത്തിനാണ് ആദ്യഘട്ടത്തിൽ തുക ചെലവഴിക്കുക.


കരാറുകാരൻ വ്യവസ്ഥ ലംഘിച്ചാൽ ചെലവിന്റെ 10 ശതമാനം പിഴ വകുപ്പിൽ കെട്ടിവെക്കണം. തുടർച്ചയായി പത്തുതവണ വീഴ്ചവന്നാൽ കരാർ റദ്ദാക്കും. ടെൻഡറായ പണികളിൽ വെള്ളിയാഴ്ച മുതൽ കരാർ ഒപ്പിട്ടുതുടങ്ങുമെന്ന് കരാറുകാർ പറഞ്ഞു.

നേരത്തേ ആറുമണിക്കൂറിനുള്ളിൽ പണികൾ തുടങ്ങണമെന്ന വ്യവസ്ഥയാണ് പൊതുമരാമത്ത് വകുപ്പ് ധനവകുപ്പിനയച്ച ഫയലിൽ സൂചിപ്പിച്ചത്. ഇത് പ്രായോഗികമല്ലെന്നു ബോധ്യമായതോടെ 24 മണിക്കൂറാക്കുകയായിരുന്നു.


റണ്ണിങ് കരാർ

ഒരു വർഷത്തേക്കോ അതിൽ താഴെയോ കാലയളവിലേക്ക് നൽകുന്ന കരാർ. അതത് സമയങ്ങളിൽ വരുന്ന ഓരോ അറ്റകുറ്റപ്പണിക്കും പ്രത്യേക എസ്റ്റിമേറ്റ്, ടെൻഡർ തുടങ്ങിയ സാങ്കേതിക കാലതാമസം ഒഴിവാക്കാനാണ് പുതിയ സംവിധാനം.

പ്രധാന നിബന്ധനകൾ


* റോഡിന്റെ കേടുപാട് സംബന്ധിച്ച് ഫോണിലൂടെയോ നേരിട്ടോ അറിയിപ്പ് ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ പണി തുടങ്ങണം. ഇല്ലെങ്കിൽ മറ്റ് ഏജൻസികൾ വഴി നന്നാക്കാനുള്ള സ്വാതന്ത്ര്യം ഉദ്യോഗസ്ഥർക്കുണ്ട്. ആദ്യമെടുത്ത കരാറുകാരൻ പിഴയടയ്ക്കേണ്ടിവരും.

* 24 മണിക്കൂർ കണക്കാക്കാൻ രാത്രിയെന്നോ അവധി ദിവസമെന്നോ ഭേദമില്ല.

* ജല അതോറിറ്റിയോ മറ്റു സ്വകാര്യ ഏജൻസികളോ വഴി റോഡിനുണ്ടാകുന്ന നാശം കരാറുകാരൻ പരിഹരിക്കണം. 2.5 ചതുരശ്ര മീറ്ററിൽ കൂടാത്ത നാശമുണ്ടെങ്കിൽ പരിഹരിച്ചാൽ മതി.


* നന്നാക്കി ആറുമാസത്തിനുള്ളിൽ വീണ്ടും തകരാറുണ്ടായാൽ കരാറുകാരൻ സ്വന്തം ചെലവിൽ കരാർ കാലാവധി കഴിഞ്ഞാലും പരിഹരിക്കണം.

പ്രായോഗികമോ എന്ന് പറയാനാവില്ല

കരാറിലുള്ള എല്ലാ വ്യവസ്ഥകളും പ്രായോഗികമാണെന്ന് ഇപ്പോൾ പറയാനാവില്ല. നടപ്പാക്കിത്തുടങ്ങുമ്പോൾ മാത്രമേ അത് അറിയാൻ കഴിയൂ.


-വർഗീസ് കണ്ണമ്പള്ളി, പ്രസിഡന്റ്, കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!