മമത ബാനർജി ആശുപത്രിയിൽ ; കണങ്കാലിനും തോളിനും സാരമായ പരിക്കെന്ന് ഡോക്ടർ 48 മണിക്കുർ നിരീക്ഷണത്തിൽ

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിക്കേറ്റതിന് പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്ദിഗ്രാമിലെ എസ്എസ്കെഎം ആശുപത്രിയിലാണ് മമത ബാനര്‍ജി ഇപ്പോഴുള്ളത്.
കണങ്കാലിന്റെയും, തോളിന്റെയും എല്ലിന് സാരമായ പരിക്കേറ്റതായി ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചു.മുഖ്യമന്ത്രി 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും, ചെറിയ പനിയുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
എം ആര് ഐ സ്കാന്‍ കഴിഞ്ഞയുടന്‍ മുഖ്യമന്ത്രിയെ ആശുപത്രിയുടെ വിവിഐപി ബ്ലോക്കിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. ‘കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം തുടര്‍ചികിത്സ തീരുമാനിക്കും’ഡോക്ടര്‍ പറഞ്ഞു.നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മമത ബാനര്‍ജിക്ക് പരിക്കേറ്റത്. നാലഞ്ചു പേര് ചേര്‍ന്ന് തന്നെ കൈയേറ്റം ചെയ്തതായി മമത ആരോപിച്ചിരുന്നു. ഇതൊക്കെ വെറും നാടകമാണെന്നായിരുന്നു ബി ജെ പിയുടെ പ്രതികരണം. ഇന്നലെയായിരുന്നു മമത ബാനര്‍ജി നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

