KSDLIVENEWS

Real news for everyone

നിറംമങ്ങി ബേക്കൽ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ; കാണാൻ ആളില്ലാതെ പ്രദർശനം നിർത്താനൊരുങ്ങുകയാണ് സംഘാടകർ.

SHARE THIS ON

ഉദുമ: വിനോദസഞ്ചാരകേന്ദ്രമായ ബേക്കൽകോട്ടയിൽ തുടങ്ങിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ നിറംമങ്ങുന്നു. കാണാൻ ആളില്ലാതെ പ്രദർശനം നിർത്താനൊരുങ്ങുകയാണ് സംഘാടകർ.

എല്ലാ ദിവസവും സന്ധ്യയ്ക്ക് ഒരു പ്രദർശനമെന്ന കണക്കിലാണ് കഴിഞ്ഞ വർഷം ഡിസംബർ 20-ന് പ്രദർശനം തുടങ്ങിയത്. പിന്നീട്, പ്രേക്ഷകർ കുറഞ്ഞതോടെ അവധിദിവസങ്ങളായ ശനി, ഞായർ മാത്രമാക്കി ചുരുക്കി. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടുപേരാണ് പ്രദർശനം കാണാനുണ്ടായിരുന്നത്.

പിറ്റേന്ന് കാണാൻ ആളില്ലാത്തതിനാൽ പ്രദർശനം നടന്നില്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ.)യുടെ ബേക്കൽകോട്ടയിലെ ജീവനക്കാർ പറയുന്നു. സംസ്ഥാന വിനോദസഞ്ചാരവകുപ്പ് നാലുകോടി രൂപ ചെലവഴിച്ച് നടപ്പാക്കിയതാണ് ഈ പദ്ധതി. ആൾക്കൂട്ടത്തെ ആകർഷിക്കാതെ ഇതും അകാലത്തിൽ പൊലിയുമോ എന്ന ആശങ്കയിലാണ് വിനോദസഞ്ചാര മേഖലിയിൽ പ്രവർത്തിക്കുന്നവർ. ബേക്കൽകോട്ടയുടെ ഉള്ളിൽ കോട്ടയുടെ ചരിത്രം, നൂതനരീതിയിലുള്ള ശബ്ദ-വെളിച്ച സംവിധാനങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ് പ്രദർശനം. സിനിമാനടൻ ജയറാമും ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മിയുമാണ് ശബ്ദം നൽകിയിരിക്കുന്നത്. വിനോദ സഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കും ഇത് ഏറെ പ്രയോജനപ്പെടുമെന്നായിരുന്നു സംഘാടകർ കണക്കുകൂട്ടിയിരുന്നത്. ഫ്രഞ്ച് സാങ്കേതികസംവിധാനമായ ‘സോൺഎറ്റ്‌ലുമിയർ’ ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പ്രദർശനമാണിത്.

ലൈറ്റ് ആൻഡ് സൗണ്ട് ഷോ യാഥാർഥ്യമാക്കുന്നതിൽ ചരിത്രകാരന്മാരായ ഡോ. സി.ബാലൻ, ഡോ. ശിവദാസൻ എന്നിവരുടെ കൃതികളെയാണ് ആശ്രയിച്ചത്. ബാഹുബലി ഉൾപ്പെടെയുള്ള സിനിമകളുടെ തിരക്കഥാകൃത്തായ വിജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നണിയിൽ ഉണ്ടായിരുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ബി.എൻ.എ. ടെക്‌നോളജി കൺസൽട്ടിങ്, ബേക്കലിൽ ഒരുക്കിയ ഷോ ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന് കൈമാറിയിട്ടുണ്ട്. 2000-ത്തിൽ ഫയൽ നീക്കം തുടങ്ങുകയും 2016-ൽ പദ്ധതിയായി വികസിക്കുകയും ചെയ്തതിന്റെ ന്യൂനതയാണ് ഈ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്കുള്ളതെന്നു ചെറുപ്പക്കാർ പറയുന്നു. മൈസൂർ വൃന്ദാവനം പോലുള്ള സ്ഥലങ്ങളിലെ പ്രദർശനമെന്നധാരണയിലാണ് ആളുകൾ ആദ്യദിവസങ്ങളിൽ കാണാനെത്തിയിരുന്നത്. അങ്ങനെയല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കാഴ്ചക്കാർ കുറഞ്ഞത്.

ബേക്കൽകോട്ടയുടെ ചരിത്രത്തിനൊപ്പം ലേസർഷോയും മറ്റു വിനോദപരിപാടികളും ഉൾപ്പെടുത്തിയാൽ ഈ പ്രദർശനം കാണാൻ ആളെ കിട്ടുമെന്ന് വിനോദസഞ്ചാരമേഖലയിൽ മോട്ടിവേഷൻ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന സൈഫുദ്ദീൻ കളനാട് അഭിപ്രായപ്പെട്ടു.

അതേസമയം, കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ് പ്രദർശനം ആഴ്ചയിൽ രണ്ടുദിവസമായി ചുരുക്കിയാതെന്നാണ് ഡി.ടി.പി.സി. അധികൃതരുടെ വിശദീകരണം.

വിനോദസഞ്ചാരവകുപ്പ് കണ്ണൂർ കോട്ടയിൽ വർഷങ്ങൾക്കുമുൻപ് തുടങ്ങിയ ഇത്തരത്തിലുള്ള പ്രദർശനവും അകാലത്തിൽ അസ്തമിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!