തൃശൂരിൽ പൊലീസ് ജീപ്പിൽനിന്ന് ചാടിയ പ്രതി ചികിത്സയിലിരിക്കെ മരിച്ചു

“തൃശൂർ∙ പൊലീസ് ജീപ്പില്‍നിന്ന് ചാടിയതിനെത്തുടർന്ന് ഗുരുതര പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (30) ആണു മരിച്ചത്. ഗുരുതര പരുക്കുകളോടെ 3 ദിവസം മുൻപാണു സനുവിനെ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. നഗരത്തില്‍ മദ്യലഹരിയിൽ ബഹളംവച്ച് കത്തിക്കാട്ടി ആളുകളെ ഭീഷണിപ്പെടുത്തുന്ന സമയത്താണ് ഇയാളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. അറസ്റ്റ് രേഖപ്പെടുത്തി വിയ്യൂരിലെ ജില്ലാ പൊലീസ് കസ്റ്റഡി കേന്ദ്രത്തിലേക്കു പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ അശ്വനി ആശുപത്രി ജംഗ്ഷനിൽവച്ചു വാഹനത്തിൽനിന്നും ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. ഇയാളെ കൊണ്ടു വന്നിരുന്ന വാഹനത്തിൽ തന്നെ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഈസ്റ്റ് പൊലീസ് വലിയതുറ സ്റ്റേഷനുമായി ബന്ധപ്പെട്ടതിൽ ഇയാള്‍ നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് അറിഞ്ഞു”

