KSRTC ബസ് കാറിലിടിച്ച് നിയന്ത്രണംവിട്ടു, പള്ളി മതിലും കമാനവും തകർത്തു; 16 പേർക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കോന്നി കിഴവള്ളൂരിൽ കെ.എസ് ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 1.40-നായിരുന്നു അപകടം. കാറിലിടിച്ച ബസ് പിന്നീട് റോഡരികിലുള്ള പള്ളിയുടെ ചുറ്റുമതിലും കമാനവും ഇടിച്ചു തകർത്തു. പത്തനംത്തിട്ടയിൽ നിന്ന് തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ കെ.എസ്.ആർ.ടി.സി എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ വശത്തേക്ക് വെട്ടിച്ച ബസ് കിഴവള്ളൂർ ഓർത്തഡോക്സ് വലിയ പള്ളിയുടെ ചുറ്റുമതിലും ഗേറ്റും തകർത്തു. പള്ളിയുടെ കമാനം ബസിനു മുകളിലേക്ക് പൊട്ടിവീണു. കാർ ഓടിച്ചിരുന്ന ഡ്രെെവർ ആലുവ സ്വദേശിയാണെന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് അമിതവേഗത്തിൽ തെറ്റായ ദിശയിൽ കയറി വന്നതാണെന്നാണ് അപകടകാരണമെന്നാണ് സി.സി.ടി.വി ദൃശ്യങ്ങശിൽ നിന്ന് വ്യക്തമാക്കുന്നത്. അപകടത്തിൽ പരിക്കേറ്റ നാലു പേരെ കോന്നി താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രെെവർക്കും യാത്രക്കാരിയായ വനിതയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. പരിക്കേറ്റ മറ്റ് യാത്രക്കാരുടെ നില ഗുരുതരമല്ല.

