KSDLIVENEWS

Real news for everyone

സ്ഫോടന സാധ്യതയുള്ള സാമഗ്രികൾ: മുഖ്യമന്ത്രിയെത്തുമ്പോൾ ആലപ്പുഴ ബീച്ചിലെ കടകളടയ്ക്കണമെന്ന് നിർദേശം

SHARE THIS ON

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിനാല്‍ ആലപ്പുഴ ബീച്ചിലെ കടകൾ വെള്ളിയാഴ്ച അടച്ചിടാന്‍ പോലീസ് നിര്‍ദേശം. സുരക്ഷാനടപടിയെന്നാണ് വിശദീകരണം. കെപിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

മുഖ്യമന്ത്രിക്ക് ആലപ്പുഴയില്‍ രണ്ട് പരിപാടികളാണുള്ളത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശന്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷവും കെപിഎംഎസിന്റെ സംസ്ഥാന സമ്മേളനവുമാണ് ഇവ. വൈകീട്ട് അഞ്ചുമണി കഴിഞ്ഞാണ് മുഖ്യമന്ത്രി ബീച്ചിലെത്തുക. അതിനാല്‍ രാവിലെ മുതല്‍തന്നെ കടകള്‍ തുറക്കരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

അതിനിടെ, ആരോപണം സംബന്ധിച്ച് പോലീസ് വിശദീകരണം നൽകി. വേദിക്ക് സമീപത്തുള്ള 14 കടകള്‍ തുറക്കരുതെന്നാണ് നിര്‍ദേശം നല്‍കിയതെന്ന് പോലീസ് വ്യക്തമാക്കി. 84 കടകള്‍ അടച്ചിടാന്‍ സൗത്ത് പോലീസ് നിര്‍ദേശം നല്‍കിയെന്ന ആരോപണം തെറ്റാണ്. മുഖ്യമന്ത്രി റോഡില്‍നിന്ന് വേദിയിലേക്ക് കടന്നുവരുന്ന വഴിയരികിലും വേദിയുടെ സമീപത്തുമുള്ള 14 കടകള്‍ക്ക് മാത്രമാണ് സുരക്ഷ കണക്കിലെടുത്ത് വെള്ളിയാഴ്ച അടച്ചിടാന്‍ നോട്ടീസ് നല്‍കിയതെന്നും പോലീസ് പറഞ്ഞു.

പല കടകളിലും ചായയും മറ്റു ഭക്ഷ്യവസ്തുക്കളും പാകംചെയ്യാന്‍ ഗ്യാസ് സ്റ്റൗ ഉള്‍പ്പെടെയുള്ള സ്‌ഫോടന സാധ്യതയുള്ള സാമഗ്രികള്‍ ഉപയോഗിക്കുന്നുണ്ട്. 25,000-ഓളം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്ന പരിപാടിയാണ്. ഇതിനിടയില്‍ കേള്‍ക്കുന്ന ചെറിയ സ്‌ഫോടന ശബ്ദംപോലും ജനങ്ങളെ ഭയചകിതരാക്കും. അത്തരം സാഹചര്യങ്ങളില്‍ ജനങ്ങള്‍ തിക്കിലും തിരക്കിലുംപെട്ട് അപകടം ഉണ്ടാവാന്‍ ഇടയുള്ളതിനാലും ഇത് മുഖ്യമന്ത്രിയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാലുമാണ് കടയടയ്ക്കാന്‍ നോട്ടീസ് നല്‍കിയതെന്നാണ് നൽകുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!