നനഞ്ഞ പുസ്തകവുമായി വിദ്യാർഥിനി സ്കൂളിൽ, അധ്യാപികക്ക് സംശയം; ഒടുവിൽ മുഹ്‌സീനക്ക് സ്‌നേഹക്കൂടൊരുങ്ങി

അഞ്ചാലുംമൂട്: മുഹ്‌സീനക്ക് ഇനി പുസ്തകം നനയാതെ സൂക്ഷിക്കാം. താമസിക്കാനായി പുത്തൻ വീടിന്റെ താക്കോൽ ശനിയാഴ്ച സി.ആർ.മഹേഷ് എം.എൽ.എ. കൈമാറും.
പ്രാക്കുളം എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന മുഹ്‌സീന നനഞ്ഞ പുസ്തകവുമായി സ്കൂളിലെത്തിയത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക സി.എസ്.ഗീതാകുമാരിക്ക് മഴയില്ലാഞ്ഞിട്ടും പുസ്തകം നനഞ്ഞു കണ്ടതിലുണ്ടായ സംശയമാണ് മുഹ്‌സീനയ്ക്ക് വീടൊരുങ്ങുന്നതിന് കാരണമായത്. പിതാവ് നഷ്ടപ്പെട്ട് ഉമ്മയോടൊപ്പം കഴിയുന്ന മുഹ്‌സീന, വീട് ചോർന്നൊലിക്കുന്ന കാര്യം അങ്ങനെയാണ് പറയുന്നത്. വസ്ത്രവും പുസ്തകവും നനയാതെവയ്ക്കാൻ ഒരുമുറി ശരിയാക്കിത്തരുമോ എന്ന മുഹ്സീനയുടെ വിങ്ങുന്ന ചോദ്യം ടീച്ചർ, ഭർത്താവ് കൃഷ്ണകുമാറിനോട് പങ്കുവെച്ചു. അദ്ദേഹം അതു സ്നേഹസേനാ ചുമതലക്കാരൻ ഡോ. അനിൽ മുഹമ്മദിന്റെ ശ്രദ്ധയിൽപ്പെടുത്തി. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വ്യവസായപ്രമുഖന്റെ മുന്നിൽ ഡോ. അനിൽ മുഹമ്മദ് വിഷയം അവതരിപ്പിച്ചു. അദ്ദേഹം സന്തോഷത്തോടെ മുഹ്‌സീനയ്ക്ക് വീട് നിർമിച്ചുനൽകാനുള്ള സാമ്പത്തികബാധ്യത ഏറ്റെടുത്ത് ഏഴുലക്ഷം െചലവിൽ 580 ചതുരശ്ര അടി വിസ്തീർണമുള്ള വീട് ഒരുക്കി.
കഴിഞ്ഞ ഡിസംബർ 20-ന് ശിലപാകിയ വീട് പണിപൂർത്തിയാക്കി നൽകാനായതിൽ ഏറെ സന്തോഷമുെണ്ടന്ന് ഡോ. അനിൽ മുഹമ്മദ് പറഞ്ഞു. ശനിയാഴ്ച 11-ന് പ്രാക്കുളത്തുെവച്ച് സി.ആർ.മഹേഷ് എം.എൽ.എ. താക്കോൽദാനകർമം നിർവഹിക്കും. കെ.ആർ.ഡി.എ. ചെയർമാൻ എം.ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിക്കും.

