KSDLIVENEWS

Real news for everyone

പൈലറ്റും എസ്കോർട്ടും വേണ്ട’: അത് മറന്നു; 25 പേരുടെ ക്വിക്ക് ആക്‌ഷൻ, ആയുധധാരികൾ

SHARE THIS ON

തിരുവനന്തപുരം ∙ മുഖ്യമന്ത്രിക്കും ഗവർണർക്കുമാണ് സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷയുള്ളത്. കേന്ദ്ര–സംസ്ഥാന സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് സുരക്ഷാ ഭീഷണി അവലോകനം ചെയ്താണ് ഏതു വിഭാഗത്തിൽ സുരക്ഷ നൽകണമെന്ന് തീരുമാനിക്കുന്നത്. സുരക്ഷാ ഭീഷണിയില്ലെന്നു രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ടു നൽകിയാൽ അധിക സുരക്ഷ പിൻവലിക്കും. ഭീഷണിയുണ്ടെങ്കിൽ അതിനനുസരിച്ച് സുരക്ഷ വർധിപ്പിക്കും.

പ്രധാനമന്ത്രിക്ക് എസ്പിജി (സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്) സംരക്ഷണമാണെങ്കിൽ രാജ്യത്തെ പ്രധാന നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും സെഡ് പ്ലസ് സുരക്ഷയാണ്. വിഐപികള്‍ക്കും രാഷ്ട്രീയ നേതാക്കൾക്കും സുരക്ഷയൊരുക്കുന്നത് യെലോ ബുക്കിലെ നിർദേശം അനുസരിച്ചാണ്. പ്രധാനമന്ത്രി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക് സുരക്ഷയൊരുക്കുന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്ലൂ ബുക്കും സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് നിയമവും അനുസരിച്ചാണ്.

എസ്പിജി, സെഡ് പ്ലസ്, സെഡ്, വൈ, എക്സ് എന്നീ വിഭാഗങ്ങളിലായാണ് സുരക്ഷ ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ വ്യൂഹത്തിൽ അഡ്വാൻസ് പൈലറ്റ്, പൈലറ്റ്, എസ്കോർട്ട് 1, എസ്കോർട്ട് 2, ആംബുലൻസ്, സ്പെയർവണ്ടി, സ്ട്രൈക്കർ ഫോഴ്സ് എന്നിവയാണ് ഉണ്ടാകുക. അഡ്വാൻസ് പൈലറ്റ് നൽകുന്നത് സർക്കാർ ആവശ്യപ്പെട്ടത് അനുസരിച്ചാണ്. 

നിലവിലെ സാഹചര്യത്തിൽ വാഹനവ്യൂഹത്തോടൊപ്പം 25 അംഗ ക്വിക്ക് ആക്‌ഷൻ ടീമും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഇതിൽ 7 പേർ ആയുധധാരികളായിരിക്കും. മുഖ്യമന്ത്രിയുടെ പൊതുപരിപാടി നടക്കുന്ന സ്ഥലങ്ങളിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും അഗ്നിശമന സേനയും മെഡിക്കൽ സംഘവും ഉണ്ടാകും. സെഡ് പ്ലസ് സുരക്ഷയുള്ള ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിൽ ചിലർ എൻഎസ്ജി (ദേശീയ സുരക്ഷാ ഗാർഡ്) സുരക്ഷ ഉപയോഗിക്കുന്നുണ്ടെങ്കിലും കേരളത്തിലെ മുഖ്യമന്ത്രിമാർ ഈ സുരക്ഷ ഉപയോഗിച്ചിട്ടില്ല.

കേരള പൊലീസിന്റെ കമാൻഡോകളാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലുള്ളത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് കമാൻഡോകളുൾപ്പെടെ 50 ഉദ്യോഗസ്ഥർ വരെയുണ്ടാകും. ജില്ലകളിൽ എസ്പിമാരാണ് മുഖ്യമന്ത്രിക്കും മറ്റു വിഐപികൾക്കും സുരക്ഷ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്. സുരക്ഷാ ഭീഷണിയുള്ള സാഹചര്യമാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിൽ നൂറു മീറ്റർ അകലത്തിൽ പൊലീസുകാരെ വിന്യസിക്കും.

പ്രധാന റോഡിലേക്ക് ഇടറോഡുകളിൽനിന്നുള്ള ഗതാഗതം നിയന്ത്രിക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിലെ സുരക്ഷാ നിയന്ത്രണം എസ്പിക്കായിരിക്കും. എത്ര പൊലീസുകാരെ വിന്യസിക്കണമെന്ന് എസ്പിയാണ് തീരുമാനിക്കുന്നത്. ജില്ലയിലെ ഓരോ സ്റ്റേഷനില്‍നിന്നും ഉദ്യോഗസ്ഥരെ ഈ സംഘത്തിലേക്കു വിന്യസിക്കും. മുഖ്യമന്ത്രി എത്തുന്നതിന് ഒരു മണിക്കൂർ മുൻപ് ചടങ്ങു നടക്കുന്ന സ്ഥലം പൊലീസിന്റെ നിയന്ത്രണത്തിലാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

വിഐപി ഡ്യൂട്ടി പൊലീസുകാർക്ക് തലവേദനയാണ്. ഔദ്യോഗിക പരിപാടിയിൽ കാലതാമസമുണ്ടായാൽ വഴിയരികിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ വിഐപി വരുന്നതുവരെ മഴയും വെയിലുമേറ്റു ഭക്ഷണമില്ലാതെ റോഡരികില്‍ കഴിച്ചുകൂട്ടേണ്ടിവരും. പ്രധാന റോഡുകള്‍ക്കരികിലുള്ള പൊലീസ് സ്റ്റേഷനുകള്‍ക്കും വിഐപി ഡ്യൂട്ടി വലിയ തലവേദനയാണ്. വിഐപികള്‍ സ്റ്റേഷന്‍ അതിര്‍ത്തി കടക്കുന്നതുവരെ അകമ്പടി പോകണം.

മുഖ്യമന്ത്രിയാണെങ്കില്‍ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അകമ്പടി പോകേണ്ടത്. വ്യക്തിയുടെ സുരക്ഷയും സ്ഥാനവും അനുസരിച്ച് അകമ്പടിപോകുന്ന ഉദ്യോഗസ്ഥരുടെ റാങ്കിലും വ്യത്യാസം വരും. പൈലറ്റും എസ്കോർട്ടും വേണ്ടെന്നായിരുന്നു അധികാരമേറ്റെടുത്തപ്പോൾ മുഖ്യമന്ത്രി നൽകിയ നിർദേശം. എന്നാൽ, മുഖ്യമന്ത്രിയും മന്ത്രിമാരും പൈലറ്റ് വാഹനം ഉപയോഗിക്കുന്നുണ്ട്. റോഡ് ബ്ലോക്കാണെങ്കിൽ മന്ത്രിയുടെ ഗൺമാൻ ബന്ധപ്പെട്ട സ്റ്റേഷനിൽ വിളിച്ച് പൈലറ്റ് ആവശ്യപ്പെടാറുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!