എ.ഐ. ക്യാമറ: പിഴ അടയ്ക്കേണ്ടത് ഓൺലൈനിൽ; അറിയാതെ ആർ.ടി.ഒ. ഓഫീസിൽവരെ ആളെത്തുന്നു

കണ്ണൂർ: റോഡുകളിൽ സ്ഥാപിച്ച എ.ഐ. ക്യാമറ ട്രാഫിക് ലംഘനം കണ്ടെത്തിയാൽ പിഴത്തുക അടയ്ക്കാനാവുക ഓൺലൈനിൽ മാത്രം. ഇ-ചലാൻ ഡോട്ട് പരിവാഹൻ സെറ്റിലൂടെ സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ പിഴയടയ്ക്കാം. പിഴത്തുക എവിടെ അടയ്ക്കണമെന്നറിയാതെ ആർ.ടി.ഒ. ഓഫീസിൽവരെ ഇപ്പോൾ ആളുകളെത്തുന്നുണ്ട്. ക്യാമറ നിയമലംഘനം കണ്ടെത്തിയാൽ ഉടമകളുടെ വിലാസത്തിൽ നോട്ടീസ് കിട്ടും. വാഹനം രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പറിലേക്ക് മെസേജ് വരും. 30 ദിവസത്തിനകം പിഴയടയ്ക്കണം. ഇല്ലെങ്കിൽ കോടതിയിൽ അടയ്ക്കേണ്ടിവരും. പരാതിയുണ്ടെങ്കിൽ 15 ദിവസത്തിനകം ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ അറിയിക്കണം. തിരുവനന്തപുരം മൺവിളയിലെ കെൽട്രോൺ ഡേറ്റാ സെന്റർ ബാങ്കിലാണ് ദൃശ്യം ശേഖരിക്കുക. അവിടെനിന്ന് ലിസ്റ്റ് ചെയ്ത് ജില്ലാ കൺട്രോൾ റൂമുകളിലെത്തും. ഇവ നാഷണൽ ഇൻഫർമാറ്റിക് സെന്ററിന് (എൻ.ഐ.സി.) കൈമാറി ഇ-ചലാൻ ഉണ്ടാക്കും. ഇ-ചലാൻ.പരിവാഹൻ സെറ്റ് echallan.parivahan.gov.in എടുക്കുക. അതിൽ കാണുന്ന പേ ഓൺലൈനിൽ ക്ലിക്ക് ചെയ്യുക. വാഹന നമ്പർ നൽകുക. അതിന് താഴെ വാഹന ഷാസി നമ്പർ അല്ലെങ്കിൽ എൻജിൻ നമ്പറിന്റെ അവസാന അഞ്ച് ഡിജിറ്റ് എന്റർ ചെയ്യുക (ഇത് ആർ.സി. ബുക്കിലും ഇൻഷുറൻസ് രേഖയിലും ഉണ്ടാകും). ഗെറ്റ് ഡീറ്റെയിൽ ക്ലിക്ക് ചെയ്താൽ ഇതുവരെയുള്ള ചലാൻ വിവരങ്ങൾ കാണാം. അടച്ച തുകയും (ഡിസ്‌പോസ്ഡ്) ഇനി അടയ്ക്കാനുള്ളതും (പെൻഡിങ്) ഇതിലുണ്ട്. പെൻഡിങ്ങിൽ ക്ലിക്ക് ചെയ്താൽ പിഴ അറിയാം. എവിടെ, ഏതൊക്കെ സ്ഥലങ്ങളിൽ എന്നതടക്കം പൂർണ വിവരം കിട്ടും. ഈ വിൻഡോയിൽതന്നെ ഓൺലൈനായി പണം അടയ്ക്കാം. വണ്ടി നമ്പറും ഷാസി നമ്പറും കൊടുത്ത് ക്ലിക്ക് ചെയ്താൽ (ചലാൻ സ്റ്റാറ്റസ്) ചലാൻ നോട്ട് ഫൗണ്ട് എന്നാണെങ്കിൽ വണ്ടിക്ക് പണം ഈടാക്കിയിട്ടില്ല എന്നർത്ഥം.

