KSDLIVENEWS

Real news for everyone

മൂന്നാം മുറയേക്കാള്‍ ഭീകരം..! ഇങ്ങനെയൊന്നും ഒരിക്കലും ചെയ്യരുത്’; കരയാത്ത കുഞ്ഞിനെ കരയിപ്പിച്ച വൈറല്‍ വീഡിയോയില്‍ പ്രതികരിച്ച് ഡോ: സൗമ്യ സരിന്‍

SHARE THIS ON

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ജനിച്ച ഉടന്‍ കരയാത്ത ഒരു കുഞ്ഞിനെ കരയിപ്പിക്കുന്നതിന്റെ വീഡിയോ ആണ്.

ആറ് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കുഞ്ഞിനെ കരയിപ്പിക്കാനായി ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമങ്ങളും ഒടുവില്‍ കുഞ്ഞ് കരയുന്നതുമായിരുന്നു ഉള്ളത്. പ്രമുഖരടക്കം നിരവധി പേരാണ് ഈ വീഡിയോ പങ്ക് വെച്ചിരുന്നത്.

എന്നാല്‍ വീഡിയോയിലെ പ്രവൃത്തിയെ നിശിതമായി വിമര്‍ശിച്ച്‌ കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഷാര്‍ജ മെഡ്‌കെയര്‍ ഹോസ്പിറ്റലിലെ സ്‌പെഷലിസ്റ്റ് പീഡിയാട്രിഷനും നിയോനറ്റോളജിസ്റ്റുമായ ഡോ. സൗമ്യ സരിന്‍. നവജാത ശിശുക്കള്‍ കരഞ്ഞില്ലെങ്കില്‍ എങ്ങനെയാണ് ചികിത്സിക്കേണ്ടത് എന്നതിന് പൊതുവായ അംഗീകരിക്കപ്പെട്ട പ്രോട്ടോകോള്‍ ഉണ്ടെന്നാണ് സൗമ്യ പറയുന്നത്. ഇവിടെ കുഞ്ഞിനോട് കാണിക്കുന്നത് ക്രൂരതയാണെന്നും സൗമ്യ പറയുന്നു.

കരയാത്ത ഒരു നവജാതശിശുവിന് അത്യാവശ്യം കിട്ടേണ്ട ഒരു ചികിത്സയും ആ കുഞ്ഞിന് കിട്ടിയിട്ടില്ല എന്നും സൗമ്യ ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടേയാണ് സൗമ്യ സരിന്റെ പ്രതികരണം. കരയുന്നതിനായി കുഞ്ഞിനോട് വളരെ പ്രാകൃതമായാണ് അവര്‍ പെരുമാറുന്നത് എന്നും സൗമ്യ സരിന്‍ കൂട്ടിച്ചേര്‍ത്തു. സൗമ്യ സരിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

സമ്പൂര്‍ണ അസംബന്ധം!

‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മുടെ സോഷ്യല്‍ മീഡിയയില്‍ കിടന്നു കറങ്ങുന്ന വീഡിയോ ആണിത്. പല പ്രമുഖരടക്കം ഷെയര്‍ ചെയ്തിട്ടുണ്ട്. വ്യൂസ് മില്യണ്‍ കടന്നു. ജനിച്ച ഉടനെ കരയാത്ത ഒരു ‘കരയിപ്പിച്ച’ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും വാനോളം പ്രശംസിച്ചു ആരോ പടച്ചു വിട്ട ഒരു വീഡിയോ. വീഡിയോ വ്യാജമാണെന്ന് തോന്നുന്നില്ല. ഹിന്ദി ആണ് സംസാരിക്കുന്നത്. അതിനാല്‍ ഉത്തരേന്ത്യയില്‍ എവിടെയോ സംഭവിച്ചതാകാം.

സത്യത്തില്‍ ഈ വീഡിയോ കണ്ടപ്പോള്‍ ഞാനും കരഞ്ഞുപോയി… സന്തോഷം കൊണ്ടല്ല. ആ കുഞ്ഞിന്റെ ദുരവസ്ഥ ആലോചിച്ചിട്ട്! കാരണം കരയാത്ത ഒരു നവജാതശിശുവിന് അത്യാവശ്യം കിട്ടേണ്ട ഒരു ചികിത്സയും ആ കുഞ്ഞിന് കിട്ടിയിട്ടില്ല. പകരം കിട്ടിയതോ ഒരിക്കലും ഒരു നവജാതശിശുവിനോട് ചെയ്യാന്‍ പാടില്ലാത്ത ‘പീഡനം!’ ഈ ചെയ്ത ചികിത്സ എന്ന പേരിലുള്ള പീഡനത്തിന്റെ ഫലം ആ കുഞ്ഞു ജീവിതകാലം മുഴുവന്‍ അനുഭവിക്കാന്‍ പോകുകയാണ് എന്നതില്‍ ഒരു സംശയവും ഇല്ല.

ജനിച്ചു ആദ്യ ഒരു മിനിറ്റില്‍ കരയാത്ത കുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ട ചികിത്സാരീതികള്‍ എന്താണെന്നുള്ളത് ലോകത്തു മുഴുവന്‍ പൊതുവായി അംഗീകരിക്കപ്പെട്ട പ്രോട്ടോകോള്‍ ആണ്. അതിന് ‘നിയോനേറ്റല്‍ റീസസിറ്റേഷന്‍ പ്രോഗ്രാം’ എന്ന് പറയും. ആദ്യത്തെ ഒരു മിനിറ്റില്‍ കരയാത്ത കുഞ്ഞിന് ആദ്യശ്വാസം കൃത്രിമമായി നല്‍കുക എന്നതാണ് ഏറ്റവും മുഖ്യം. അതിന് പല ഉപകരണങ്ങളും ആവശ്യമാണ്. ഇവിടെ അതൊന്നും കാണാനേ ഇല്ല.

അത് കൊടുക്കാത്ത പക്ഷം കുട്ടിയുടെ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ കുറയുകയും കുഞ്ഞിന് പല വൈകല്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇനി ആ സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്ത ആശുപത്രി ആണെന്ന് വാദിച്ചാലും അവര്‍ ചെയ്യുന്ന മറ്റു കാര്യങ്ങള്‍ അതിനേക്കാള്‍ ക്രൂരമാണ്. ഒരു പൂവിനെ പോലെ കൈകാര്യം ചെയ്യേണ്ടവരാണ് നവജാതശിശുക്കള്‍. അധികമായി ഉണ്ടാവുന്ന ഒരു കുലുക്കമോ അനക്കമോ ഒക്കെ അവരുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാക്കും.

ഇവിടെ ആ കുഞ്ഞിനെ എന്തൊക്കെയാണ് ചെയ്യുന്നത്? ബാക്കില്‍ മൃദുവായി തടവുന്നതിനു പകരം എത്ര പ്രകൃതമായാണ് ആ കുഞ്ഞിനെ കൈകാര്യം ചെയ്യുന്നത്! തല കീഴായി തൂക്കുന്നു, പുറം ഭാഗത്തു തല്ലുന്നു! മൂന്നാം മുറയെക്കാള്‍ ഭീകരമാണിത്. അതും പോരാഞ്ഞു നെഞ്ചില്‍ പിടിച്ചു അമര്‍ത്തുന്നു. 5 മിനിറ്റ് കഴിഞ്ഞു കുഞ്ഞു കരയുന്നു. ഈ ചെയ്തതിന്റെ ഫലമായാണ് കുഞ്ഞു കരഞ്ഞത് എന്ന് ദയവു ചെയ്ത് കരുതല്ലേ.

തൊണ്ണൂറു ശതമാനം കുഞ്ഞുങ്ങളും ചെറിയ സ്റ്റിമുലേഷനില്‍ തന്നെ കരയുന്നവരാണ്. പക്ഷെ ഈ കുഞ്ഞിന്റെ മാതാപിതാക്കള്‍ ഈ ജീവനക്കാര്‍ ചെയ്തതിന്റെ ഫലം അനുഭവിച്ചാല്‍ ഈ ജന്മം മുഴുവന്‍ കരയേണ്ടി വരും. കാരണം ഈ കുഞ്ഞിന്റെ തലച്ചോറില്‍ രക്തസ്രാവവും ഓക്‌സിജന്‍ ലഭ്യത കുറവും ഉണ്ടായിട്ടുണ്ടാകും എന്നത് ഏകദേശം തീര്‍ച്ചയാണ്. അതിന്റെ ഫലമോ, പലവിധം അംഗവൈകല്യങ്ങള്‍ ഉള്ള ഒരു കുഞ്ഞും!

ഞങ്ങള്‍ എം ബി ബി എസ് എടുക്കുമ്ബോള്‍ പറയുന്ന പ്രതിജ്ഞയില്‍ പ്രധാനഭാഗം ഒരു മനുഷ്യനെ സഹായിക്കാന്‍ കഴിഞ്ഞില്ലായെങ്കിലും അവര്‍ക്ക് ചികിത്സ വഴി ഒരു ബുദ്ധിമുട്ടുകളും ഉണ്ടാക്കരുത് എന്നതാണ്. ഓക്‌സിജന്‍ ഇല്ലാത്ത ഒരു ആശുപത്രി ആണെങ്കില്‍ പോലും ഇതില്‍ ചെയ്ത തെറ്റുകള്‍, ആ കുഞ്ഞിനോട് ചെയ്ത പ്രാകൃത രീതികള്‍ ഇവര്‍ക്ക് ഒഴിവാക്കാമായിരുന്നു. അതിന് വേണ്ടത് ബോധവല്‍ക്കരണം ആണ്. ഇനിയും നമ്മുടെ രാജ്യത്ത് എത്രയോ ഇടങ്ങളില്‍ അറിവ് എത്താന്‍ ബാക്കി നില്‍ക്കുന്നു!

നമുക്ക് ഈ വീഡിയോ പ്രചരിപ്പിക്കാതെ എങ്കിലും ഇരിക്കാം. കാരണം ഇതുകണ്ട ആരെങ്കിലും നാളെ ഇതേ രീതിയില്‍ ഒരു കുഞ്ഞിനെ കൈകാര്യം ചെയ്‌തേക്കാം. പിന്നേ പ്രമുഖരോടാണ്…നല്ല ഉദ്ദേശത്തോടെ ആണെങ്കിലും മെഡിക്കല്‍ കാര്യങ്ങള്‍ ഷെയര്‍ ചെയുമ്ബോള്‍ ഒരു തവണ എങ്കിലും ആധികാരികത പരിശോധിക്കുക. നിങ്ങള്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ഉണ്ട്. കാരണം നിങ്ങളെ കേള്‍ക്കുന്നത് ലക്ഷങ്ങളാണ്. വിശ്വസിക്കുന്നതും. സത്യം പറയാന്‍ കഴിഞ്ഞില്ലെങ്കിലും ഒരിക്കലും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്!’

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!