പാലക്കാട് സുബൈര്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; 9 പ്രതികള്‍, 167 സാക്ഷികള്‍

പാലക്കാട് > എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 971 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എസ് ഷംസുദ്ദീന്‍ പാലക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒന്നില്‍ സമര്‍പ്പിച്ചത്. കേസില്‍ ഒമ്ബത് പ്രതികളാണുള്ളത്.
കേസില്‍ ആകെ 167 സാക്ഷികളുണ്ട്. സിസിടിവി, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ 208 രേഖകള്‍ കേസിന്റെ ഭാഗമായി ഹാജരാക്കി.
ബിജെപി പ്രവര്‍ത്തകനായിരുന്ന സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരമാണ് സുബൈര്‍ വധമെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍. കേസില്‍ ഉള്‍പ്പെട്ട ഒമ്ബത് പേരെയും പിടികൂടിയെന്നും സംഭവത്തില്‍ കൂടുതല്‍ പ്രതികളില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഒമ്ബത് പേരും ചേര്‍ന്ന് അഞ്ചിടങ്ങളിലായി നടത്തിയ ഗൂഢോലോചനയുടെ ഭാഗമായാണ് കൊലപാതകമെന്നും കുറ്റപത്രത്തിലുണ്ട്. കേസില്‍ അറസ്റ്റിലായ ഒമ്ബത് പേരും ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ്.
ആര്‍എസ്‌എസ് ജില്ലാ സഹ കാര്യവാഹകായ കൊട്ടേക്കാട് ആനപ്പാറ നടുവില്‍വീട്ടില്‍ എസ് സുചിത്രന്‍ (32), ആര്‍എസ്‌എസ് ജില്ലാ കാര്യകാര്യദര്‍ശി എലപ്പുള്ളി പള്ളത്തേരി സ്വദേശി ജി ഗിരീഷ് (41), മണ്ഡല കാര്യവാഹക് എടുപ്പുകുളം പി കെ ചള്ള ജാനകി നിവാസില്‍ ആര്‍ ജിനീഷ് (കണ്ണന്‍– 24), എലപ്പുള്ളി വടക്കോട് കള്ളിമുള്ളി രമേഷ് (41), എടുപ്പുകുളം എന്‍ വി ചള്ള ആറുമുഖന്‍ (37), മരുതറോഡ് ആലമ്ബള്ളം ശരവണന്‍ (33), ഇരട്ടക്കുളം സ്വദേശി വിഷ്ണുപ്രസാദ് (23), കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹക് അട്ടപ്പള്ളം സ്വദേശി മനു (മൊണ്ടി മനു–31), കല്ലേപ്പുള്ളി വേനോലി കുറുപ്പത്ത് വീട്ടില്‍ ശ്രുബിന്‍ലാല്‍(30) എന്നിവരാണ് പ്രതികള്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെയും ആസൂത്രണം ചെയ്തവരെയും പിടികൂടാനായി എന്നതാണ് കേസിന്റെ പ്രത്യേകത.
സുബൈറിനെ ഏപ്രില്‍ 15നു പകല്‍ ഒന്നരയോടെയാണു നോമ്ബിക്കോട് വച്ചു പിതാവിന്റെ കണ്‍മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയത്. സുബൈറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാളുകളും തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന് 90 ദിവസം കഴിയുന്നതിന് മുമ്ബതന്നെ കുറ്റപത്രം സമര്‍പ്പിച്ചു.

