KSDLIVENEWS

Real news for everyone

റഷ്യയുടെ യുക്രൈന്‍ അധിനിവേശം ഉടനെന്ന് അമേരിക്ക

SHARE THIS ON

റഷ്യയുടെ യുക്രൈന്‍ അധിനിവേശം ഉടനെന്ന് അമേരിക്ക. യുക്രൈനില്‍ റഷ്യന്‍ അധിനിവേശമുണ്ടായാല്‍ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ വേണ്ടി പോലും സൈന്യത്തെ അയക്കില്ലെന്നും അമേരിക്ക അറിയിച്ചു. അമേരിക്കയുടെയും റഷ്യയുടെയും സൈനികര്‍ പരസ്പരം വെടിവെക്കുന്നത് ലോകമഹായുദ്ധമാണെന്നും എന്നാല്‍ നമ്മളിപ്പോള്‍ ജീവിക്കുന്നത് മറ്റൊരു ലോകത്താണെന്നും യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. റഷ്യ അധിനിവേശം നടത്താന്‍ സാധ്യത നിലനില്‍ക്കേ തങ്ങളുടെ പൗരന്മാരോട് യുക്രൈന്‍ വിടാന്‍ വീണ്ടും നിര്‍ദേശിച്ച്‌ ബൈഡന്‍ നിര്‍ദേശിച്ചിരുന്നു. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്‍ തങ്ങളുടെ പൗരന്മാരോട് കിഴക്കന്‍ യൂറോപ്പിലെ യുക്രൈനില്‍ നിന്ന് മടങ്ങാന്‍ നിര്‍ദേശിച്ചത്. കഴിഞ്ഞ ആഴ്ചയും സമാന നിര്‍ദേശം ബൈഡന്‍ നല്‍കിയിരുന്നു. ‘ഏതെങ്കിലും തീവ്രവാദ സംഘവുമായി ഏറ്റുമുട്ടുന്നത് പോലെയല്ലിത്, ലോകത്തിലെ ഏറ്റവും വലിയ സൈന്യമുള്ള രാജ്യത്തോടാണ് ഇടപെടുന്നത്. അതിനാല്‍ കാര്യങ്ങള്‍ പെട്ടെന്ന് അപകടകരമായേക്കും’ ബൈഡന്‍ പറഞ്ഞു.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് കഴിഞ്ഞ ദിവസം തങ്ങളുടെ പൗരന്മാരോട് യുക്രൈന്‍ വിടാന്‍ നിര്‍ദേശിച്ചിരുന്നു. റഷ്യയുടെ സൈനിക നടപടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നിര്‍ദേശം. സൈനിക നടപടിയും കോവിഡും നിലനില്‍ക്കേ യുഎസ് പൗരന്മാര്‍ യുക്രൈനിലേക്ക് പോകരുതെന്നും അവിടെയുള്ളവര്‍ സ്വകാര്യ സംവിധാനങ്ങള്‍ വഴി തിരിച്ചെത്തണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. യുക്രൈനില്‍ റഷ്യന്‍ അധിനിവേശം നടത്തിയാല്‍ യുഎസിന് തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്താനാകില്ലെന്ന് പുതിയ നിര്‍ദേശങ്ങളിലൂടെ തീര്‍ത്തുപറഞ്ഞിരിക്കുകയാണ്.

അതേസമയം, യുക്രൈന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെയും പടക്കോപ്പുകളും റഷ്യ വിന്യസിച്ചു. യു.എസ് കിഴക്കന്‍ യൂറോപ്പിലും യുക്രൈനിലുമായി കൂടുതല്‍ സൈന്യത്തെ അയച്ചതിനു പിന്നാലെയാണ് റഷ്യ യുദ്ധസന്നാഹങ്ങള്‍ ഊര്‍ജിതമാക്കിയത്. യുക്രൈന്‍ അതിര്‍ത്തിയിലെ റഷ്യന്‍ നീക്കത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. സൈന്യത്തിന്റെ എണ്ണം കൂട്ടിയതിനു പുറമെ വന്‍തോതിലുള്ള കവചിത വാഹനങ്ങളും പടക്കോപ്പുകളും ആയുധസാമഗ്രികളുമെല്ലാം ഇവിടെ വിന്യസിച്ചിട്ടുണ്ട്. റഷ്യന്‍ നിയന്ത്രണത്തിലുള്ള ക്രീമിയയിലും അയല്‍രാജ്യമായ ബെലാറസിലുമെല്ലാം സൈനിക മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ യുക്രൈന്‍ അതിര്‍ത്തിയിലും ക്രീമിയയിലുമായി വിന്യസിക്കപ്പെട്ടിട്ടുണ്ടെന്നാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തത്. ക്രീമിയയില്‍ പുതുതായി വിന്യസിക്കപ്പെട്ട സൈനികര്‍ക്കായി താല്‍ക്കാലിക പാര്‍പ്പിടങ്ങളും ടെന്റുകളും സജ്ജീകരിച്ചുകഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!