കരുതല് പെരുന്നാള് ദിനത്തിലും തുടരാം; ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വ്രതാനുഷ്ഠാനത്തിലൂടെ ആർജിച്ച സ്വയം നവീകരണം സമൂഹത്തിനും പ്രയോജനപ്പെടുത്തുമ്പോഴാണ് മഹത്വമേറുന്നതെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഈദുൽ ഈദുൽ ഫിത്ർ ആശംസകൾ നേർന്നു. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രാർത്ഥനകൾ കോവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ നടത്താൻ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുകയാണെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പെരുന്നാൾ സന്ദേശം
നാളെ ഈദുൽ ഫിത്ർ ആണ്. മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ പൂർണ പരിസമാപ്തിയുടെ ആഹ്ലാദത്തിലാണ്. ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ. മാനവികതയുടെയും ഒരുമയുടെയും സഹാനുഭൂതിയുടെയും ദാന കർമ്മങ്ങളുടെയും ഏറ്റവും ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിതറും മുന്നോട്ട് വെക്കുന്നത്.
മഹാവ്യാധിക്ക് മുൻപിൽ ലോകം മുട്ട് മടക്കാതെ ഒരുമയോടെ പൊരുതുമ്പോൾ അതിജീവനത്തിന്റെ ഉൾക്കരുത്ത് നേടാൻ വിശുദ്ധ മാസം വിശ്വാസ ലോകത്തിന് കരുത്ത് പകർന്നു. ഒത്തു ചേരലുകളും സന്തോഷം പങ്കു വെക്കലുകളും ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിലും പ്രധാനമാണ്. എന്നാൽ കൂട്ടം ചേരലുകൾ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങൾ കുടുംബത്തിൽ തന്നെ ആകണം. പെരുന്നാൾ നമസ്കാരം വീടുകളിൽ തന്നെ നിർവഹിച്ച് വ്രത കാലത്ത് കാണിച്ച കരുതൽ പെരുന്നാൾ ദിനത്തിലും കാത്ത് സൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണം. റമദാൻ മാസക്കാലത്ത് കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടുള്ള വ്രതാനുഷ്ഠാനവും പ്രാർത്ഥനകളുമാണ് നടന്നത്. അതിൽ സഹകരിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു.
കഴിഞ്ഞ വർഷവും കോവിഡ് കാലത്തായിരുന്നു റമദാൻ. ഈദ് ദിനത്തിലും വീടുകളിൽ നിന്ന് പ്രാർത്ഥന നടത്തി കോവിഡ് പ്രതിരോധത്തോട് സഹകരിച്ച മാതൃകാപരമായ അനുഭവമാണ് ഉണ്ടായത്. ഇത്തവണ കോവിഡ് സാഹചര്യം കൂടുതൽ രൂക്ഷമാണ്. അതുകൊണ്ട് തന്നെ ഈദ് ദിന പ്രാർത്ഥന വീട്ടിൽ നടത്തുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ സ്വയം പാലിക്കാൻ എല്ലാവരും തയാറാകണം. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രാർത്ഥനകൾ വീടുകളിൽ തന്നെ നടത്താൻ തീരുമാനിച്ച സഹോദരങ്ങളോട് ഞാൻ പ്രത്യേകം നന്ദി അറിയിക്കുകയാണ്.
വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം മുൻപോട്ടുള്ള ജീവിതത്തിലും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപെടുന്നതാകണം. അപ്പോഴാണ് അതിന്റെ മഹത്വം കൂടുതൽ പ്രകാശിക്കുക.

