ലോകകാര്യങ്ങള്‍ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈഓവര്‍ കാണാന്‍ വന്നതിന്റെ ചേതോവികാരം മനസ്സിലാകും: വിദേശകാര്യ മന്ത്രിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്രയും തിരക്കുള്ള, ലോകകാര്യങ്ങള്‍ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈഓവര്‍ കാണാന്‍ വന്നതിനു പിന്നിലുള്ള ചേതോവികാരം എല്ലാവര്‍ക്കും മനസ്സിലാകും. 2024ലെ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം ഉള്‍ക്കൊള്ളുന്ന മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏല്‍പിച്ചിരിക്കുന്നുവെന്നാണ് പുറത്തുകേള്‍ക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
”വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ജയശങ്കര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായിരുന്നു. അദ്ദേഹം ഒരു ഫ്‌ളൈഓവറിന്റെ മുകളില്‍നിന്ന് നോക്കുന്ന കാഴ്ച ഇന്ന് മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്രയും തിരക്കുള്ള, ലോകകാര്യങ്ങള്‍ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈഓവര്‍ കാണാന്‍ വന്നു എന്നു പറയുമ്ബോള്‍ അതിനു പിന്നിലുള്ള ചേതോവികാരം എന്താണെന്ന് വേഗംതന്നെ നമ്മുടെ നാട്ടുകാര്‍ക്കെല്ലാം മനസ്സിലാകും. അത് ചിലതിന്റെയെല്ലാം തുടക്കം മാത്രമാണെന്നു മാത്രമാണ് ഇപ്പോള്‍ പറയാനുള്ളത്. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ തീര്‍ക്കാനുള്ള ഘട്ടത്തിലും അതെല്ലാം മാറ്റിവച്ച് ഫ്‌ളൈഓവര്‍ നോക്കാന്‍ വേണ്ടി കേരളത്തില്‍ വന്നെങ്കില്‍ അത് കേവലമായൊരു ഫ്‌ളൈഓവര്‍ നോട്ടത്തിനു മാത്രമല്ല എന്നു നാം തിരിച്ചറിയണം.”-മുഖ്യമന്ത്രി പറഞ്ഞു.
നമ്മളെല്ലാം അതതു ഘട്ടത്തില്‍ വരുന്ന കാര്യങ്ങള്‍ക്ക് അനുസരിച്ച് നീങ്ങാറാണല്ലോ… എന്നാല്‍, പത്തു പതിനെട്ട് മാസം കഴിഞ്ഞാല്‍ രാജ്യത്താകെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അപ്പോള്‍ ഈ പറയുന്ന കഴക്കൂട്ടം ഭാഗം ഉള്‍ക്കൊള്ളുന്ന മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏല്‍പിച്ചിരിക്കുന്നുവെന്നാണ് പുറത്തുകേള്‍ക്കുന്നത്. അതിന്റെ ഭാഗമായുള്ള ഒരു വരവ് കൂടിയാണിത്. മറ്റു കാര്യങ്ങളിലേക്ക് ഇപ്പോള്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ജയശങ്കര്‍ തിരുവനന്തപുരത്തെത്തിയത്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിന്റെ ആദ്യദിനമായിരുന്നു കഴക്കൂട്ടം ഫ്‌ളൈഓവറിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രി എത്തിയത്. ഇതോടൊപ്പം വിദ്യാര്‍ത്ഥികളുമായും യുവാക്കളുമായും മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ ഭാഗമായാണ് 2.7 കിലോമീറ്റര്‍ ദൂരമുള്ള ഫ്ളൈഓവര്‍ നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ദേശീയപാതയില്‍ കഴക്കൂട്ടം ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫ്ളൈഓവര്‍ സന്ദര്‍ശിച്ച മന്ത്രി ദേശീയപാതാ പ്രോജക്‌ട് ഡയറക്ടര്‍ പ്രദീപ്കുമാര്‍, റീജ്യനല്‍ ഓഫീസര്‍ ബി.എല്‍ മീണ എന്നിവരോട് നിര്‍മാണപ്രവൃത്തിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

