നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച് കാർ തലകീഴായി മറിഞ്ഞു; ആറുപേർക്ക് പരിക്കേറ്റു

നീലേശ്വരം: കുഞ്ഞിന്റെ ചോറൂണിനായി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ചായ്യോത്ത്-അരയാക്കടവ് റോഡിൽ പെൻഷൻമുക്കിലായിരുന്നു അപകടം. അപകടത്തിൽ ചെമ്മട്ടംവയലിലെ കുഞ്ഞമ്പു നായർ (82), ഭാര്യ ഭാർഗവി (62), മകൻ പ്രശാന്ത് (42), ഭാര്യ മേഘ (30), സ്കൂട്ടർ യാത്രക്കാരായ സുധീഷ് (22), ഗോകുൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. പിഞ്ചുകുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാർ ഉടനെ നീലേശ്വരത്തെ സഹകരണ ആസ്പത്രിയിലെത്തിച്ചു. ഭാർഗവിയെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. പ്രശാന്തിന്റെ കുഞ്ഞിന്റെ ചോറൂണിനായി തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവർ. പയ്യന്നൂരിലേക്ക് പോകുകയായിരുന്ന സുധീഷും ഗോകുലും സഞ്ചരിച്ച സ്കൂട്ടർ തകരാറിലായതിനെത്തുടർന്ന് റോഡരികിൽ നിർത്തി നന്നാക്കുന്നതിനിടയിലാണ് കാർ സ്കൂട്ടറിലിടിച്ചത്

