KSDLIVENEWS

Real news for everyone

നരബലിയില്‍ കൂടുതല്‍ പേര്‍ക്ക് പങ്ക്? പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും, ഇലന്തൂരിലെ വീട്ടില്‍ തെളിവെടുപ്പ് തുടരും

SHARE THIS ON

പത്തനംതിട്ട: ഇലന്തൂരിലെ നരബലി കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ ദുര്‍മന്ത്രവാദിയായ പെരുമ്ബാവൂര്‍ വെങ്ങോല വേഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫി (52), നാട്ടുവൈദ്യനായ പത്തനംതിട്ട ഇലന്തൂര്‍ കാരംവേലി കടംപള്ളി വീട്ടില്‍ ഭഗവല്‍ സിംഗ് (68), ഇയാളുടെ രണ്ടാം ഭാര്യ ലൈല എന്നിവരാണ് അറസ്റ്റിലായത്. ഉച്ചയോടെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കുക.

കാലടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന റോസ്‌‌ലി (49), ധര്‍മ്മപുരി സ്വദേശിനി പദ്മ (52) എന്നിവരാണ് കൊല്ലപ്പെട്ടത്. റോസ്‌ലി ജൂണ്‍ എട്ടിന് രാത്രിയിലും പദ്മ സെപ്തംബര്‍ 26നുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പ്രതികളുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹങ്ങള്‍ ഇന്നലെ പുറത്തെടുത്തിരുന്നു.

56 കഷ്ണങ്ങളാക്കിയ പദ്മയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ മകന് കഴിഞ്ഞില്ല. റോസ്‌ലിയുടെ അസ്ഥികൂടം മാത്രമാണ് കിട്ടിയത്. അഞ്ചു കഷ്ണങ്ങളാണ് കിട്ടിയത്. മൃതദേഹഭാഗങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഡി എന്‍ എ പരിശോധനയടക്കം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക.

അതേസമയം, ഭഗവല്‍ സിംഗിന്റെ ഇലന്തൂരിലെ വീട്ടില്‍ ഇന്നും തെളിവെടുപ്പ് തുടരും. ഫോറന്‍സിക് സംഘവും പൊലീസും പരിശോധന നടത്തും. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച്‌ പൊലീസ് വിശദമായി പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!