നിയമസഭ കയ്യാങ്കളി കേസ് ഇന്ന് കോടതിയിൽ ; ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹർജി നൽകിയേക്കും

തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ തുടങ്ങി ആറ് ഇടതു നേതാക്കളാണ് പ്രതികള്‍. കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കാനും സാധ്യതയുണ്ട്.ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് പൊലീസ് കുറ്റപത്രം. മന്ത്രിമാരായ ഇ പി ജയരാജനെയും കെ ടി ജലീലിനെയും കൂടാതെ വി ശിവന്‍കുട്ടി, കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മന്ത്രിമാര്‍ ഉള്‍പ്പെടെ കേസിലെ പ്രതികളായ ആറ് ഇടതുനേതാക്കളും കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമന്ന മന്ത്രിമാരുടെ ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് മന്ത്രിമാര്‍ വിചാരണ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. കേസ് എഴുതി തള്ളണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം സിജെഎം കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയുള്ള സര്‍ക്കാരിന്‍റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

