ഓട്ടോ ഡ്രൈവർ കണ്ടക്ടറെ ബസിൽ കയറി ആക്രമിച്ചു; തളങ്കരയില്‍ ബസുകള്‍ മിന്നല്‍പണിമുടക്ക് നടത്തി

കാസർകോട്: തളങ്കരയിൽ കണ്ടക്ടറെ ബസിൽ കയറി ആക്രമിച്ചതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് കാസർകോട് -തളങ്കര റോഡിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ മിന്നൽപണിമുടക്ക് നടത്തി. ആക്രമണത്തിൽ പരിക്കേറ്റ കല്ലക്കട്ട സ്വദേശി മുഹമ്മദ് സാലിഹി(36)നെ ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 8.45 വോടെ തളങ്കര മാലിക് ദീനാർ ബസ് സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോഴാണ് റാഹി ഡീലക്സ് ബസിലെ കണ്ടക്ടർക്ക് നേരെ ആക്രമണമുണ്ടായത്. ഒരു ഓട്ടോ ഡ്രൈവറാണ് ആക്രമിച്ചതെന്ന് സാലിഹ് പറയുന്നു. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കൈക്കു കുത്തുകയും തല്ലുകയും ചെയ്തതായി സാലിഹ് പരാതിപ്പെട്ടു. ബസ് ആളെയെടുത്ത് പോകുന്നതിനെ ചൊല്ലിയുള്ള പ്രശ്നമാണ് ഇവിടെ സംഘർഷത്തിന് കാരണമാകുന്നതെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ബസ് ജീവനക്കാർക്ക് നേരെ അക്രമം നടന്നിരുന്നു. അപ്രതീക്ഷിതമായി ബസ് നിർത്തിവച്ചതോടെ വിദ്യാർഥികളും സർക്കാർ ജീവനക്കാരടക്കമുള്ളവർ ദുരിതത്തിലായി.

