KSDLIVENEWS

Real news for everyone

ബേക്കൽ കോട്ടയിലെ 3.52 ഏക്കർ സ്ഥലം വിട്ടുകിട്ടണമെന്ന് സംസ്ഥാനത്തോട് വീണ്ടും ആവശ്യപ്പെട്ട് കേന്ദ്രം

SHARE THIS ON

കാസർകോട് ∙ ബേക്കൽ കോട്ടയ്ക്കകത്ത് ബേക്കൽ ബംഗ്ലാവ് ഉൾപ്പെടെ സംസ്ഥാന സർക്കാർ കൈവശമുള്ള 3.52 ഏക്കർ സ്ഥലം വിട്ടു കിട്ടാൻ ആവശ്യപ്പെട്ട് കേന്ദ്ര പുരാവസ്തു വകുപ്പ് സംസ്ഥാന സർക്കാരിന് വീണ്ടും കത്ത് നൽകി. കേന്ദ്ര ആർക്കിയോളജിക്കൽ വകുപ്പിനു ബേക്കൽ കോട്ടയിൽ 38 ഏക്കർ സ്ഥലമാണുള്ളത്. 114 വർഷം പഴക്കമുള്ളതാണ് സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള സ്ഥലത്തെ ബംഗ്ലാവ്.

ബേക്കൽ ബംഗ്ലാവ് ഉൾപ്പെട്ട 10 സെന്റ് സ്ഥലം സംസ്ഥാന സർക്കാർ ടൂറിസം വകുപ്പ് മുഖേന 2006ൽ ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപറേഷനു(ബിആർഡിസി) കൈമാറിയതാണ്. ബാക്കി സ്ഥലം സംസ്ഥാന സർക്കാർ തന്നെ കൈവശം വച്ചു. ബ്രിട്ടിഷുകാർ പണിത ബംഗ്ലാവിൽ നേരത്തെ താമസ സൗകര്യം അനുവദിച്ചിരുന്നു. ബിആർഡിസി അറ്റകുറ്റപ്പണി ചെയ്തുവെങ്കിലും കമേഴ്സ്യൽ ആവശ്യത്തിനു ഇത് ഉപയോഗിക്കാൻ പാടില്ലെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് നിബന്ധന വച്ചതോടെ താമസ സൗകര്യം നിലച്ചു.


ബിആർഡിസി തുടർ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറി. പിന്നീട് വൈദ്യുതി ബന്ധം നിലച്ചു. 3 കിടപ്പു മുറി, മുന്നിലും പിറകിലും വിശാലമായ വരാന്ത, മധ്യത്തിൽ ഹാൾ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ഉള്ളതാണ് കെട്ടിടം. അടുക്കള, കുതിര ലായം എന്നിവയും ഉണ്ട്. കെട്ടിടത്തിന്റെ ഭിത്തിയിൽ ബ്രിട്ടിഷ് മുദ്ര കാണാം.

മുൻപും ചർച്ച 

പള്ളിക്കര വില്ലേജിൽ എഫ്എംബി റജിസ്റ്റർ രേഖ തിരുത്തിയാണ് ഈ സ്ഥലം സംസ്ഥാന സർക്കാർ കൈവശം വയ്ക്കുന്നതെന്നാണ് കേന്ദ്ര പുരാവസ്തു വകുപ്പ് ആരോപിക്കുന്നത്. 3 കെട്ടിടം ഉൾപ്പെടെ 3.52 ഏക്കർ സ്ഥലം തിരിച്ചു കിട്ടണമെന്ന കേന്ദ്ര പുരാവസ്തു വകുപ്പ് ആവശ്യം സംബന്ധിച്ച് പല തവണ ചർച്ച നടന്നുവെങ്കിലും പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തീരുമാനമായില്ല. കെട്ടിടത്തിന്റെ ഓടും കഴുക്കോലും ഉൾപ്പെടെ അനുദിനം നശിക്കുന്നു. മഴയും വെയിലുമേറ്റു കെട്ടിടം ആകെ നാശോന്മുഖമാണ്. ബ്രിട്ടിഷ് ഭരണ കാലത്ത് പണിത കെട്ടിടം അതേപടി നിലനിർത്തി സംരക്ഷിക്കാൻ തന്നെയാണ് പുരാവസ്തു വകുപ്പും ലക്ഷ്യമിടുന്നത്.

സ്ഥലം വിട്ടു കിട്ടിയാൽ മ്യൂസിയം ഒരുക്കാൻ കേന്ദ്ര പുരാവസ്തു വകുപ്പ്

കോട്ടയിൽ 2000 മുതൽ 2 വർഷം നടത്തിയ ഖനനത്തിൽ ഒട്ടേറെ പുരാവസ്തുക്കൾ കിട്ടിയിരുന്നു. ഇവ ബേക്കൽ കോട്ട സന്ദർശകർക്കു കാണാൻ ഇപ്പോൾ സംവിധാനമില്ല. പീരങ്കി അവശിഷ്ടങ്ങൾ, നാണയങ്ങൾ പ്രിന്റ് ചെയ്യുന്ന മിന്റ്, മൺപാത്രങ്ങൾ, വിദേശങ്ങളിൽ നിന്നുള്ള പാത്രങ്ങൾ, ചിലങ്ക, നാണയങ്ങൾ തുടങ്ങിയ വിവിധങ്ങളായ പുരാവസ്തുക്കൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മേഖലാ ഓഫിസുകളിൽ പെട്ടിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ പുരാവസ്തുക്കളെല്ലാം പ്രദർശിപ്പിക്കുന്നതിനുള്ള മ്യൂസിയം കൂടി ഒരുക്കണമെന്ന ലക്ഷ്യത്തിലാണ് കേന്ദ്ര പുരാവസ്തു വകുപ്പ് അധികൃതർ. ഇതിന്റെ ഭാഗമായാണ് കെട്ടിടവും മറ്റു സ്ഥലവും വിട്ടു കിട്ടാൻ വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ചത്”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!