‘നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് മന്ത്രി; മുഖ്യമന്ത്രി എന്ത് ചെയ്തു?’–പരിഹസിച്ച് സതീശൻ

തിരുവനന്തപുരം∙ ബ്രഹ്മപുരം വിഷയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് ആരോഗ്യമന്ത്രിയാണ്. എറണാകുളത്ത് വിഷപ്പുക നിറഞ്ഞ് 10–ാം ദിവസം മാസ്ക് ധരിക്കണമെന്ന് ഉപദേശിച്ച മന്ത്രിയാണ്. തീപിടിച്ച് മൂന്നാം ദിവസം മന്ത്രി പറഞ്ഞു ആരോഗ്യപ്രശ്നം ഇല്ലെന്ന്. എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അങ്ങനെ പറഞ്ഞത്? ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥലമായിരുന്നു. എവിടെ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ആരോഗ്യപ്രശ്നം ഇല്ലെന്നു പറഞ്ഞത്?–വി.ഡി.സതീശൻ ചോദിച്ചു. ബ്രഹ്മപുരത്ത് മാലിന്യ നീക്കത്തിന് കരാർ എടുത്ത കമ്പനി പെട്രോൾ ഒഴിച്ചാണ് മാലിന്യം കത്തിച്ചതെന്നും, തീപിടിപ്പിച്ച കമ്പനിയെ തദ്ദേശമന്ത്രി ന്യായീകരിക്കുകയാണെന്നും വി.ഡി.സതീശൻ പറഞ്ഞതോടെ ഭരണപക്ഷം ബഹളമുണ്ടാക്കി. അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്ന് തദ്ദേശ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതെ മൈക്ക് ഓഫ് ചെയ്തതിൽ പ്രതിപക്ഷം പ്രതിഷേധിച്ചു”

