ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സി.എ.എ നടപ്പാക്കല്‍ ബി.ജെ.പിയുടെ വൃത്തികെട്ട വോട്ട് ബാങ്ക് രാഷ്ട്രീയം -അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം ബി.ജെ.പിയുടെ വൃത്തികെട്ട വോട്ട് ബാങ്ക് രാഷ്ട്രീയമാണ് വ്യക്തമാക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാള്‍. ഈ നിയമം പിൻവലിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ 3.5 കോടി ന്യൂനപക്ഷങ്ങളുണ്ട്. പാക്കിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള പാവപ്പെട്ട കുടിയേറ്റക്കാർക്ക് ഇവിടെ വീടും ജോലിയും നല്‍കിക്കൊണ്ട് തങ്ങളുടെ ജനങ്ങളുടെ പണം ചെലവഴിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നതായി അദ്ദേഹം ആരോപിച്ചു. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പാവപ്പെട്ട ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സി.എ.എ റദ്ദാക്കണമെന്നാണ് രാജ്യം ആവശ്യപ്പെടുന്നതെന്നും നിയമം റദ്ദാക്കിയില്ലെങ്കില്‍ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

