പണ്ട് രാഹുകാലം നോക്കിയായിരുന്നു ആളുകള്‍ പുറത്തിറങ്ങിയിരുന്നത്, ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമയം നോക്കിയും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പണ്ട് രാഹുകാലം നോക്കിയായിരുന്നു ആളുകള്‍ പുറത്തിറങ്ങിയിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമയം നോക്കിയാണ് പുറത്തേക്കിറങ്ങുന്നതെന്നും രമേശ് ചെന്നിത്തല.
ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് മുഖ്യമന്ത്രിയ്ക്ക് പ്രശ്നമല്ല. മുഖ്യമന്ത്രിക്ക് സുരക്ഷ വേണ്ട എന്നല്ല പറയുന്നത്. പക്ഷേ ഇതുപോലെ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകരുത്. മുഖ്യമന്ത്രി യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വര്‍ണ്ണ കള്ളക്കടത്തിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് തെളിഞ്ഞെന്നും കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉന്നയിച്ച കാര്യങ്ങള്‍ എല്ലാം ശരിയാണെന്ന് തെളിഞ്ഞു. സ്വര്‍ണ്ണകള്ളക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണ്. അതുകൊണ്ടാണ് സര്‍ക്കാരിനും സി.പി.എമ്മിനും ഇത്ര വെപ്രാളമെന്നും അദ്ദേഹം പറഞ്ഞു.
‘കേന്ദ്ര ഏജന്‍സികള്‍ കള്ളക്കളി കളിക്കുന്നു.സിപിഎമ്മും ബി.ജെ.പിയും തമ്മില്‍ കള്ളക്കളി നടക്കുകയാണ്.എന്തിനാണ് സരിത്തിനെ വിജിലന്‍സ് പിടിച്ചതെന്നും എന്തുകൊണ്ടാണ് ഷാജ് കിരണിനെ അറസ്റ്റ് ചെയ്യാത്തത് ? വിജിലന്‍സ് ഡയറക്ടറെ മാറ്റിയിട്ടുണ്ട്. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ പ്രതികളാണ്.അതില്‍ ഒരാളെ മാറ്റി.മറ്റേ ആളെ മാറ്റാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.
‘സ്വര്‍ണ്ണക്കടത്തില്‍ ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണം വേണം.കേന്ദ്ര ഏജന്‍സികള്‍ ശരിയായി അന്വേച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി സെന്‍ട്രല്‍ ജയിലില്‍ ആകുമായിരുന്നു. കെ.ടി ജലീല്‍ വിശുദ്ധനാണ്. അദ്ദേഹത്തെ കുറിച്ച് ആരും ഒന്നും പറയരുത് എന്നാണ്.അദ്ദേഹത്തിന് ആരെ കുറിച്ചും എന്തും പറയാം. ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തില്ല. നിയമനിര്‍മ്മാണം കൊണ്ട് വരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

