KSDLIVENEWS

Real news for everyone

വീട്ടമ്മയെ കൊന്ന് കൊക്കയില്‍ തള്ളിയ സംഭവം; നാടുകാണി ചുരത്തില്‍ പൊലീസ് പരിശോധന

SHARE THIS ON

മലപ്പുറം: കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണി ചുരത്തിലെത്തി.

പ്രതിയായ സമദുമായാണ് കോഴിക്കോട് കസബ പൊലീസ് നാടുകാണി ചുരത്തിലെത്തിയത്. വീട്ടമ്മയുടെ മൃതദേഹം ഇവിടെയാണ് ഉപേക്ഷിച്ചതെന്നാണ് സമദിന്‍റെ മൊഴി. നാടുകാണി ചുരത്തില്‍ മൃതദേഹം ഉപേക്ഷിച്ചെന്ന് പറയുന്ന സ്ഥലത്താണ് പൊലീസ് പരിശോധന നടത്തുന്നത്. തമിഴ്നാട് അതിര്‍ത്തിയിലാണ് പരിശോധന. തമിഴ്നാട് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്ത് നാട്ടുകാരും തടിച്ചുകൂടിയിട്ടുണ്ട്.

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്ന് സൈനബ (57) എന്ന വീട്ടമ്മയെ കാണാതായ സംഭവത്തിലാണ് വഴിത്തിരിവ്. കസബ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സമദ് വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന് മൊഴി നല്‍കുകയായിരുന്നു. ഇതോടെയാണ് വീട്ടമ്മയെ കാണാതായ സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. ഈ മാസം ഏഴിനാണ് കുറ്റിക്കാട്ടൂര്‍ വെളിപറമ്ബ് സ്വദേശി സൈനബയെ കാണാതായത്. സ്ത്രീയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് മലപ്പുറം സ്വദേശിയായ സമദിന്‍റെ മൊഴി. ഇതേതുടര്‍ന്നാണ് മൃതദേഹം വീണ്ടെടുക്കാന്‍ കോഴിക്കോട് കസബ പൊലീസ് നാടുകാണി ചുരത്തിലേക്ക് പോയത്.

സൈനബയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായാണ് കൊലനടത്തിയതെന്നാണ് സമദിന്‍റെ മൊഴി.

എന്നാല്‍, സ്വര്‍ണം കളവ് പോയോ എന്ന് ഇപ്പോള്‍ പറയാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നയാളാണ് സൈനബ. സംഭവം നടക്കുമ്ബോള്‍ 17 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ അണിഞ്ഞിരുന്നു. സൈനബ വധത്തില്‍ കൊല നടത്തിയത് മലപ്പുറം സ്വദേശിയായ സമദും സഹായിയാ സുലൈമാനും ചേര്‍ന്നാണെന്നാണ് പൊലീസ് എഫ്‌ഐആര്‍. ഈ മാസം ഏഴിന് മുക്കത്തിനടുത്ത് വെച്ചാണ് കൊല നടത്തിയത്. സൈനബക്ക് പരിചയത്തിലുള്ള സമദിനൊപ്പം കോഴിക്കോട് ബസ് സ്റ്റാന്‍ഡിനടുത്തുവെച്ച്‌ കാറില്‍ പോവുകയായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

മുക്കത്തിന് സമീപത്തുവെച്ച്‌ കാറില്‍ നിന്നും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയശേഷം മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു. കൊലപാതകം പൂര്‍ണമായും ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. സൈനബയെ കാണാതായെന്ന് കാണിച്ച്‌ നേരത്തെ കോഴിക്കോട് കസബ പൊലീസിന് പരാതി ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!