KSDLIVENEWS

Real news for everyone

കോഴിക്കോട് കാണാതായ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയിൽനിന്ന് കണ്ടെത്തി

SHARE THIS ON

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ കാണാതായ സൈനബയുടെ മൃതദേഹം ലഭിച്ചു. നാടുകാണി ചുരത്തിലെ ഗണപതി കല്ലിന് സമീപം താഴ്ചയിൽ നിന്നാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്. മൃതദേഹം സൈനബയുടേത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പോലീസിനൊപ്പം ഉണ്ടായിരുന്ന മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കസബ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു പ്രതിയായ സമദ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിക്കും. സൈനബയുടെ മൃതദേഹമാണോ എന്ന് സ്ഥിരീകരിക്കാനുള്ള ശാസ്ത്രീയ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. നവംബർ ഏഴിനാണ് സൈനബയെ കാണാതാകുന്നത്. ഏഴാം തീയതി ഉച്ചയോടെ സൈനബയെ സുഹൃത്ത് മലപ്പുറം സ്വദേശി സമദും സുഹൃത്തായ ഗൂഢല്ലൂര്‍ സ്വദേശി സുലൈമാനും ചേര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പുതിയ സ്റ്റാന്റ് പരിസരത്ത് നിന്ന് കാറില്‍ കയറ്റി കൊണ്ടുപോയത്. മുക്കം ഭാഗത്ത് വെച്ച് കാറില്‍ വെച്ച് സൈനബയെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം നാടുകാണി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ഇടുകയായിരുന്നെന്നാണ് മൊഴി. Close Player സൈനബയെ സമദും സുലൈമാനും തട്ടിക്കൊണ്ടുപോയത് വര്‍ഷങ്ങളായുള്ള പരിചയം മുതലെടുത്താണ്. സൈനബ നിരവധി ആഭരണങ്ങള്‍ ധരിക്കുന്ന കാര്യം സമദാണ് സുലൈമാനോട് പറഞ്ഞത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സ്വര്‍ണം തട്ടിയെടുക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു. സമദ് ആവശ്യപ്പെട്ട പ്രകാരം നവംബര്‍ ആറിനാണ് സുലൈമാന്‍ ഗൂഡല്ലൂരില്‍ നിന്നും തിരൂരില്‍ എത്തിയത്. അന്നേ ദിവസം തിരൂര്‍ ആശുപത്രിക്ക് സമീപം സുലൈമാന്‍ മുറിയെടുത്ത് താമസിച്ചു. ഏഴാം തീയതി സുലൈമാനും സമദും ചേര്‍ന്ന് സുഹൃത്തിന്റെ ആള്‍ട്ടോ കാര്‍ വാടകക്കെടുത്താണ് കോഴിക്കോട്ട് എത്തിയത്. താനൂരില്‍ സുഖമില്ലാതെ കിടക്കുന്ന ഒരാള്‍ക്കൊപ്പം ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ 10000 രൂപ തരാമെന്ന് പറഞ്ഞാണ് കോഴിക്കോട് പുതിയ ബസ്റ്റാന്റിന് അടുത്ത് നിന്നും സൈനബയെ കാറില്‍ കയറ്റിയത്. സമദിന്റെ കുന്നുംപുറത്തെ വീട്ടില്‍ വെച്ച് സൈനബയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനായിരുന്നു സമദിന്റെ ലക്ഷ്യം. എന്നാല്‍ വീട്ടില്‍ എത്തിയ സമയത്ത് വീട്ടില്‍ ഭാര്യയും കുഞ്ഞും ഉണ്ടായിരുന്നതിനാല്‍ ഉദ്ദേശം സാധിച്ചില്ല. തുടര്‍ന്ന് സമദ് മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ച് തിരികെ കാറില്‍ കയറുകയും അസുഖബാധിതനായ ആളുടെ വീട്ടില്‍ മറ്റാരൊക്കെയോ ഉള്ളതിനാല്‍ അവിടെ പോകാന്‍ കഴിയില്ലെന്ന് പറയുകയുമായിരുന്നു. തിരികെ കോഴിക്കോട് വിടാമെന്ന് പറഞ്ഞാണ് ഇരുവരും സൈനബയുമായി യാത്ര തുടര്‍ന്നത്. തുടര്‍ന്ന് കൂടെ വന്നതിന് സൈനബ 2000 രൂപ ആവശ്യപ്പെട്ടു. വൈകീട്ട് അഞ്ചരയോടെ വാഹനം മുക്കത്തിന് അടുത്ത് എത്തിയെന്നും അവിടെ വച്ച് പിന്‍ സീറ്റിലിരുന്ന സമദ് തൊട്ടടുത്തിരുന്ന സൈനബയുടെ കഴുത്തില്‍ അവരുടെ ഷാള്‍ ഉപയോഗിച്ച് മുറുക്കിയെന്നും ഷാള്‍ വരിഞ്ഞ് മുറുക്കാന്‍ വാഹനം ഓടിച്ചിരുന്ന സുലൈമാന്‍ സഹായിച്ചെന്നും സമദിന്റെ മൊഴിയില്‍ ഉണ്ട്. ശ്വാസം നിലച്ചതായി ഉറപ്പിച്ചതോടെ ആഭരണങ്ങള്‍ ഇരുവരും ചേര്‍ന്ന് കൈക്കലാക്കി. ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയ പണവും ഇരുവരും എടുത്തു. സൈനബയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. രാത്രി എട്ടുമണിയോടെയാണ് സൈനബയുടെ മൃതദേഹം ഇരുവരും ചേര്‍ന്ന് ചുരത്തില്‍ നിന്ന് താഴ്ചയിലേക്കിട്ടത്. അവിടെ നിന്ന് അതേ കാറില്‍ ഗൂഡല്ലൂരില്‍ സുലൈമാന്‍ താമസിച്ചിരുന്ന മുറിയില്‍ എത്തിയ ഇരുവരും അവിടെ വച്ച് പണം വീതിച്ചെടുത്തു. സമദിന്റെ മുണ്ടില്‍ രക്തക്കറ ഉണ്ടായിരുന്നതിനാല്‍ കഴുകി വൃത്തിയാക്കി കടയില്‍ പോയി പുതിയ വസ്ത്രം ധരിക്കുകയും ചെയ്തു. അന്നേ ദിവസം ആ മുറിയിലാണ് ഇരുവരും താമസിച്ചത്. പിറ്റേ ദിവസം സൈനബയുടെ ബാഗും ഫോണും സമദിന്റെ വസ്ത്രങ്ങളും കത്തിക്കാനെന്ന് പറഞ്ഞ് സുലൈമാന്‍ കുറച്ച് ആളുകളെ കൂട്ടി മുറിയില്‍ എത്തിയെന്നും ഇവര്‍ ചേര്‍ന്ന് സമദിന്റെ കയ്യില്‍ ഉണ്ടായിരുന്ന സ്വര്‍ണം തട്ടിയെടുത്തെന്നും സമദ് പോലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!