ആരോഗ്യ രംഗത്തെ ശോച്യാവസ്ഥക്ക് സമഗ്ര വികസന പദ്ധതി; കാസർകോട് മണ്ഡലത്തിലെ ഒൻപത് സർക്കാർ ആശുപത്രികൾക്ക് സമഗ്ര വികസന പദ്ധതി; ആരോഗ്യ മന്ത്രിക്ക് കല്ലട്ര മാഹിൻ എം.എൽ.എയുടെ നിവേദനം സമർപ്പിച്ചു

മെഡിക്കൽ കോളേജ് ആശുപത്രി ബ്ലോക്ക് ഉടൻ തുറക്കണം; ജനറൽ ആശുപത്രിയിൽ 39 തസ്തികകളിൽ നിയമനം നടത്തണം
കാസർകോട്: കാസർകോട് നിയോജക മണ്ഡലത്തിലെ സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തി സാധാരണക്കാർക്ക് മികച്ച ചികിത്സയും ആരോഗ്യപരിരക്ഷയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന് കല്ലട്ര മാഹിൻ എം.എൽ.എ വിശദമായ നിവേദനം നൽകി. കാസർകോട് സർക്കാർ മെഡിക്കൽ കോളേജ് ഉൾപ്പെടെ മണ്ഡലത്തിലെ ഒൻപത് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിനും ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുമുള്ള നിർദേശങ്ങളാണ് നിവേദനത്തിലുള്ളത്.
ആശുപത്രികളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുക, ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ഒഴിവുകൾ നികത്തുക, ജനസംഖ്യയ്ക്കും രോഗികളുടെ എണ്ണത്തിനും ആനുപാതികമായി പുതിയ തസ്തികകൾ സൃഷ്ടിക്കുക, ആവശ്യമായ ചികിത്സാ ഉപകരണങ്ങളും വാഹനങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രി ബ്ലോക്ക് ഉടൻ പ്രവർത്തനസജ്ജമാക്കണം
ഉക്കിനടുക്കയിലെ കാസർകോട് സർക്കാർ മെഡിക്കൽ കോളേജിന്റെ ആശുപത്രി ബ്ലോക്കിന്റെ നിർമാണം പൂർത്തീകരിച്ച് എത്രയും വേഗം പ്രവർത്തനസജ്ജമാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. രണ്ടാം വർഷ എം.ബി.ബി.എസ് പഠനം ആരംഭിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ക്ലിനിക്കൽ പരിശീലനം ലഭിക്കുന്നതിനുള്ള സൗകര്യങ്ങളും ഉറപ്പാക്കണം.
നാഷണൽ മെഡിക്കൽ കമ്മീഷൻ ക്ലിനിക്കൽ ടീച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടായി അംഗീകരിച്ചിട്ടുള്ള കാസർകോട് ജനറൽ ആശുപത്രിയിൽ ആവശ്യമായ ക്ലിനിക്കൽ വിഭാഗം ഡോക്ടർമാരുടെ സേവനവും അധ്യാപന സൗകര്യങ്ങളും ലഭ്യമാക്കണം. ഉക്കിനടുക്കയിൽനിന്ന് ജനറൽ ആശുപത്രിയിലേക്ക് വിദ്യാർഥികളുടെ യാത്ര സുഗമമാക്കുന്നതിന് 50 സീറ്റുള്ള ബസും അനുവദിക്കണമെന്നാണ് ആവശ്യം.
ജനറൽ ആശുപത്രിയിൽ 39 ഒഴിവുകൾ നികത്തണം; ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കണം
ജില്ലാ ആസ്ഥാനത്തെ കാസർകോട് ജനറൽ ആശുപത്രിയിൽ 17 ഡോക്ടർമാരുടെയും 22 മറ്റ് ജീവനക്കാരുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ന്യൂറോളജി, ജനറൽ മെഡിസിൻ, സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, അനസ്തേഷ്യ, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, റേഡിയോ ഡയഗ്നോസിസ്, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ ഒഴിവുകൾ ഉൾപ്പെടെയാണ് നികത്തേണ്ടത്.
സ്റ്റാഫ് നഴ്സുമാർ, ഹെഡ് നഴ്സുമാർ, ഹോസ്പിറ്റൽ അറ്റൻഡർമാർ, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് സ്റ്റോർ കീപ്പർ, മെഡിക്കൽ റെക്കോർഡ് അറ്റൻഡന്റ്, നോൺ മെഡിക്കൽ സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലും നിയമനം ആവശ്യമാണ്.
പുതിയ സി.ടി സ്കാൻ മെഷീൻ അനുവദിക്കുക, എം.ആർ.ഐ ലാബ് ആരംഭിക്കുക, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റിനെ നിയമിക്കുക, നിലവിലുള്ള ഐ.സി.യുവിൽ കിടക്കകളുടെ എണ്ണം വർധിപ്പിക്കുക, ഇ.ഇ.ജി ടെക്നീഷ്യൻ തസ്തിക സൃഷ്ടിക്കുക എന്നിവയും പ്രധാന ആവശ്യങ്ങളാണ്.
കൂടാതെ ലെവൽ-2 ട്രോമാ കെയർ, എമർജൻസി ഓപ്പറേഷൻ തിയേറ്റർ, ട്രോമാ ഐ.സി.യു എന്നിവ ഉൾപ്പെടുന്ന ആധുനിക ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നതിനും മൾട്ടി സ്റ്റോറി ആശുപത്രി കെട്ടിടങ്ങളുടെ നിർമാണത്തിനും ആവശ്യമായ ഫണ്ട് അനുവദിക്കണം. പുതിയ കെട്ടിടത്തിന്റെ നിർമാണം വേഗത്തിലാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ബദിയടുക്ക സി.എച്ച്.സിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം
മലയോര പഞ്ചായത്തും എൻഡോസൾഫാൻ ദുരിതബാധിത മേഖലയുമായ ബദിയടുക്കയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആവശ്യമായ ഭൗതിക സൗകര്യങ്ങൾ നിലവിലുണ്ടെന്നിരിക്കെ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് കിടത്തി ചികിത്സ ആരംഭിക്കണമെന്നാണ് ആവശ്യം. പബ്ലിക് ഹെൽത്ത് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുക, ക്ലറിക്കൽ തസ്തികകൾ അനുവദിക്കുക, ചികിത്സാ ഉപകരണങ്ങളും വാഹനവും ലഭ്യമാക്കുക എന്നിവയും നിർദേശിച്ചിട്ടുണ്ട്.
ചെങ്കള, മൊഗ്രാൽ പുത്തൂർ, മധൂർ ആശുപത്രികൾക്കും കൂടുതൽ സൗകര്യങ്ങൾ
മണ്ഡലത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചെങ്കള പഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററിന്റെ ഒ.പി സമയം വൈകിട്ട് ആറു മണി വരെ ദീർഘിപ്പിക്കണം. നഴ്സിംഗ് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുക, ലബോറട്ടറി സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, പബ്ലിക് ഹെൽത്ത് ജീവനക്കാരെ ജനസംഖ്യാനുപാതികമായി നിയമിക്കുക, സബ് സെന്ററുകളുടെ എണ്ണം വർധിപ്പിക്കുക, ഡ്രൈവർ തസ്തികയോടെ വാഹനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
മൊഗ്രാൽ പുത്തൂർ ഫാമിലി ഹെൽത്ത് സെന്ററിലെ കെട്ടിട സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിച്ച് ഒ.പി സമയം വൈകിട്ട് ആറു മണി വരെ നീട്ടണം. ആവശ്യമായ ജീവനക്കാരെയും വാഹനവും അനുവദിക്കണം.
മധൂർ ഫാമിലി ഹെൽത്ത് സെന്ററിന് കൂടുതൽ സൗകര്യപ്രദമായ സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കുന്നതിനും ഒ.പി സമയം ദീർഘിപ്പിച്ച് ഡ്രൈവർ തസ്തികയോടെ വാഹനം അനുവദിക്കുന്നതിനും നടപടി വേണമെന്നും ആവശ്യപ്പെട്ടു.
എൻഡോസൾഫാൻ ബാധിത മേഖലകളിൽ പ്രത്യേക പരിഗണന
എൻഡോസൾഫാൻ ദുരിതബാധിത പഞ്ചായത്തുകളായ കുംബഡാജെ, കാറഡുക്ക, ബെള്ളൂർ എന്നിവിടങ്ങളിലെ ആരോഗ്യ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കണമെന്ന ആവശ്യത്തിനും നിവേദനത്തിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.
കുംബഡാജെ, കാറഡുക്ക ഫാമിലി ഹെൽത്ത് സെന്ററുകളിൽ ഡോക്ടർമാരുടെ സേവനം വർധിപ്പിച്ച് ഒ.പി സമയം വൈകിട്ട് ആറു മണി വരെ നീട്ടണം. ഫിസിയോതെറാപ്പി സേവനം വിപുലീകരിക്കുക, ലബോറട്ടറി സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ആവശ്യമായ വാഹനങ്ങൾ അനുവദിക്കുക എന്നിവയും ആവശ്യപ്പെട്ടു.
മലയോര-കർണാടക അതിർത്തി പ്രദേശവും എൻഡോസൾഫാൻ ദുരിതബാധിത മേഖലയുമായ ബെള്ളൂർ പഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററിൽ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണം വർധിപ്പിക്കുന്നതിനൊപ്പം ഫിസിയോതെറാപ്പി സൗകര്യങ്ങളും വാഹനവും അനുവദിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
മണ്ഡലത്തിലെ ഓരോ പ്രദേശത്തെയും ജനങ്ങളുടെ ചികിത്സാ ആവശ്യങ്ങൾ പരിഗണിച്ച് സർക്കാർ ആശുപത്രികളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആധുനിക ചികിത്സാ സൗകര്യങ്ങൾ തദ്ദേശീയമായി ലഭ്യമാക്കുന്നതിനും സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് കല്ലട്ര മാഹിൻ എം.എൽ.എയുടെ ആവശ്യം. സർക്കാർ ആശുപത്രികളുടെ ശേഷി വർധിപ്പിക്കുന്നതിലൂടെ സാധാരണക്കാർക്ക് ഉയർന്ന ചികിത്സയ്ക്കായി ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

