ഫുജൈറയിലെ തുടർച്ചയായ അപകടങ്ങൾ; അന്വേഷണം പ്രഖ്യാപിച്ച് യുഎഇ

ദുബൈ: 14 പേരുടെ മരണത്തിനിടയാക്കിയ ഫുജൈറ അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ട്രക്ക് ഡ്രൈവറെ ആശുപത്രിയിൽ നിന്ന് റിമാൻഡ് ചെയ്തു. ഡ്രൈവറുടെ പാസ്പോർട്ട് ഉൾപ്പെടെ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായ രണ്ട് അപകടങ്ങൾ ശൈഖ് ഖലീഫ റോഡിലുണ്ടായിരുന്നു. ഒന്ന് നിർത്തിയിട്ട ട്രക്കിൽ വാഹനം ഇടിച്ചാണ്.
ഷിപ്പിങ് കണ്ടെയ്നറുമായി വന്ന ട്രക്ക് മറ്റുവാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞാണ് രണ്ടാമത്തെ അപകടം. ഈ അപകടത്തിന് കാരണമായ ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്ത ശേഷമാണ് ആശുപത്രിയിൽ തന്നെ റിമാൻഡ് ചെയ്തത്. ഇയാളുടെയും പാസ്പോർട്ട്, ലൈസൻസ് തുടങ്ങിയ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. അപകടത്തിൽപെട്ട് കേടുപാടുണ്ടായ മുഴുവൻ വാഹനങ്ങളും വിദഗ്ധർ പരിശോധിക്കും. രണ്ട് അപകടങ്ങളുടേയും സമഗ്രപരിശോധനാ റിപ്പോർട്ട് തയാറാക്കും. അപകടത്തിൽ മരിച്ചവരുടെ മരണകാരണം കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തും. മരിച്ചവരെ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തുന്നുണ്ട്. ഇതിനായി ബന്ധുക്കളിൽ നിന്ന് സാമ്പിൾ ശേഖരിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

