KSDLIVENEWS

Real news for everyone

ചാന്‍സലറുടെ പ്രതിനിധി ഞങ്ങള്‍ നിയമിക്കുന്ന ആളാകും, വിദ്യാഭ്യാസമന്ത്രി നേരിട്ടുവന്നു പറഞ്ഞു-ഗവര്‍ണര്‍

SHARE THIS ON

ഗവർണറും സർക്കാരുമായി വീണ്ടും കടുത്ത ഏറ്റുമുട്ടലിനാണോ കളമൊരുങ്ങിയിരിക്കുന്നത്

= സർക്കാരുമായി ഒരു തർക്കത്തിനോ സംഘർഷത്തിനോ ഇല്ല. എന്റെ തീരുമാനം ഞാൻ അടിച്ചേൽപ്പിച്ചാൽ മാത്രമേ തർക്കം ഉണ്ടാകുകയുള്ളൂ. ചാൻസലർ എന്ന നിലയിലുള്ള എന്റെ അധികാരം ഞാൻ ഉപേക്ഷിച്ചു. ഞാൻ ഒരു വൈസ് ചാൻസലറെ പുനർനിയമിച്ചിരുന്നെങ്കിൽ, പ്രശ്നം ഉണ്ടാവുമായിരുന്നില്ല. പ്രശ്നങ്ങൾ ഒഴിവാക്കാനായിരുന്നു പുനർനിയമനത്തിന് അനുമതി നൽകിയത്. എന്നാൽ, ഇനി ഈ സമ്മർദം സഹിക്കാൻ തയ്യാറല്ല. വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള െസർച്ച് കമ്മിറ്റിയുടെ നിർദേശങ്ങളിൽ തീരുമാനങ്ങളെടുക്കുന്ന ഘട്ടത്തിൽ ചാൻസലർക്ക് അഭിപ്രായംപറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.


ഒരു തരത്തിലുമുള്ള രാഷ്ട്രീയസമ്മർദവും ഗവർണറുടെമേൽ ചെലുത്തിയിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്താണ് പ്രതികരണം

= ഒരൊറ്റച്ചോദ്യമാണ് ചോദിക്കാനുള്ളത്. എ.ജി.യുടെ അഭിപ്രായം തേടിയത് ആരാണ്? ഞാനല്ല. എ.ജി. കത്തിൽ അഭിസംബോധന ചെയ്തിരിക്കുന്നത് വിദ്യാഭ്യാസ സെക്രട്ടറിയെയാണ്. നിങ്ങളോട് എ.ജി.യുടെ അഭിപ്രായം തേടാൻ ആര് നിർദേശിച്ചു എന്ന് ഞാൻ വിദ്യാഭ്യാസ സെക്രട്ടറിയോട് ചോദിച്ചു. അദ്ദേഹം പരിപൂർണ മൗനംപാലിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഇതെല്ലാം സംഭവിച്ചത്. ഇതെല്ലാം കത്തിൽ പറയുന്നുണ്ട്. എന്റെ വ്യക്തമായ ജഡ്ജ്മെന്റിന് വിരുദ്ധമായാണ് കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറുടെ നിയമനകാര്യത്തിൽ ഞാൻ പ്രവർത്തിച്ചത്. കടുത്ത സമ്മർദത്തെത്തുടർന്ന് അങ്ങനെ പ്രവർത്തിക്കേണ്ടി വന്നു. അത് ശരിയല്ലെന്ന് എന്റെ ബോധം എന്നോട് പറയുന്നു. സർക്കാർ എന്നോട് ഇത്തരം ഒത്തിരികാര്യങ്ങൾ ചെയ്യാൻ പറയുന്നു. എനിക്ക് അത് തുടരാൻ കഴിയില്ല. അതിനാൽ സർക്കാർ സ്വയം ചെയ്യട്ടെ എന്നാണ് പറയാനുള്ളത്.


പൗരത്വ നിയമത്തെക്കുറിച്ചുള്ള സർക്കാരിന്റെ പ്രമേയത്തിലുള്ള ഗവർണറുടെ വിയോജിപ്പ് ഇപ്പോൾ വീണ്ടും ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്ത് തോന്നുന്നു

= നിങ്ങൾക്ക് വിരുദ്ധ അഭിപ്രായമുണ്ടെങ്കിൽ, അത് പ്രകടിപ്പിക്കാൻ നിങ്ങൾ ഉപയോഗിക്കുന്ന ഭാഷ പ്രധാനമാണ്. റെസിഡന്റ് എന്ന് വിളിക്കുമ്പോൾ നമ്മൾ ജീവിക്കുന്നത് ബ്രിട്ടീഷ് ഭരണകാലത്താണെന്നാണ് ഓർമിപ്പിക്കുന്നത്. അത് അംഗീകരിക്കാനാകില്ല.

വിവാദങ്ങളുണ്ടാകുമ്പോൾ ഗവർണർ മുൻ തീരുമാനങ്ങളിൽനിന്ന് പിന്മാറുന്നത് ശരിയല്ലെന്ന വാദവും ഉയരുന്നു. വിവാദങ്ങളാണോ ഇപ്പോഴത്തെ നിലപാടിന് കാരണം


= തീരുമാനത്തിൽ നിന്ന് ഞാൻ പിന്മാറുന്നില്ല. നിർദേശം നൽകുകയാണ് ചെയ്തത്. എന്നെ ചാൻസലർ സ്ഥാനത്തുനിന്ന് ഒഴിവാക്കിക്കൊണ്ട് ഒറ്റ വരിയുള്ള ഓർഡിനൻസ് കൊണ്ടു വരൂ. ഗവർണർ എന്ന നിലയിൽ ഒറ്റനിമിഷം കൊണ്ട് ഞാൻ അതിൽ ഒപ്പുവെക്കും. മുഖ്യമന്ത്രി ചാൻസലർ പദവി ഏറ്റെടുക്കട്ടെ. നിയമപരമായ, വ്യവസ്ഥാപരമായ കാര്യങ്ങൾ മാത്രമേ പിന്തുണയ്ക്കാൻ കഴിയൂ. ഞാൻ ഉന്നത വിദ്യാഭ്യാസ രംഗത്തെ ച്യുതി കണ്ടുകൊണ്ടിരിക്കുകയാണ്. പലതും മാധ്യമങ്ങളിലൂടെയാണ് ഞാൻ അറിയുന്നത്. നിയമിതനായ വ്യക്തി ഏതെങ്കിലും മന്ത്രിയുടെയോ രാഷ്ട്രീയക്കാരന്റെയോ അടുത്തബന്ധുവോ അടുപ്പക്കാരനോ ആണെന്ന വിവരങ്ങൾ. സർവകലാശാലകൾ മാത്രമേ പാർട്ടിയുടെ പിന്തുണക്കാരെ സന്തോഷിപ്പിക്കാനുള്ള വേദിയായുള്ളൂ? അവർക്ക് വഴങ്ങുന്ന വൈസ് ചാൻസലർമാർ വേണം. എനിക്ക് എതിർപ്പില്ല. പക്ഷേ, ചാൻസലർ എന്ന ചുമതല മുഖ്യമന്ത്രി ഏറ്റെടുക്കണം.

എന്തായിരിക്കും ഗവർണറുടെ അടുത്ത നടപടി

= യുക്തമായ നടപടികളെല്ലാം ഞാൻ എടുക്കും. എന്തൊക്കെ നടപടികൾ എടുക്കാമോ അതെല്ലാം എടുത്തിട്ടുണ്ട്. എടുക്കുന്നുണ്ട്. സർവകലാശാലകളുമായി ബന്ധപ്പെട്ട് ഫയലുകളിൽ ഒരു നടപടിയും എടുക്കേണ്ടതില്ലെന്ന നിർദേശം ഞാൻ എന്റെ ഓഫീസിന് നൽകിക്കഴിഞ്ഞു. ഈ ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയ്ക്കുക. ചാൻസലർ എന്ന നിലയിൽ ഞാൻ പ്രവർത്തിക്കുകയില്ല.


തർക്കങ്ങൾ പരിഹരിക്കാൻ ഏത് തരത്തിലുള്ള ഉറപ്പാണ് സർക്കാർ നൽകേണ്ടത്

= നിയമങ്ങളെ ആദരിക്കുക. ഏത് ഉത്തരവാദിത്വമാണോ ഏൽപ്പിച്ചിരിക്കുന്നത് അത് ചെയ്യുക. എനിക്ക് തന്നിരിക്കുന്ന അധികാരങ്ങൾ കൃത്യമായി നിർവചിച്ചിട്ടുണ്ട്. ഗവർണർ എന്ന നിലയിൽ നിങ്ങൾക്ക് എന്നെ ഉപദേശിക്കാം. എനിക്ക് എന്റെ കടമകൾ നിർവഹിക്കാൻ കഴിയണം. ചാൻസലർ എന്ന നിലയിൽ നിങ്ങൾക്ക് എന്നെ ഉപദേശിക്കാൻ അധികാരമില്ല.

അപ്പോൾ ചാൻസലർ പദവിയിൽ ഇല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു


= ഒരു സംശയവുമില്ല. ഞാൻ തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. അതിൽനിന്ന് പിന്മാറുകയില്ല.
അത് ഭരണപരമായ ഒരു പ്രശ്നമാകില്ലേ? അങ്ങനെ ഒരവസ്ഥ ആദ്യമായാണല്ലോ
എന്തുപ്രശ്നം. എത്രയും വേഗം ഓർഡിനൻസ് കൊണ്ടുവരുക, ചാൻസലർ സ്ഥാനത്തുനിന്ന് എന്നെ മാറ്റുക. മുഖ്യമന്ത്രി ചാൻസലറാകട്ടെ. അല്ലെങ്കിൽ വിദ്യാഭ്യാസമന്ത്രിയാകട്ടെ.

അത് കീഴ്വഴക്കമില്ലാത്ത കാര്യമല്ലേ

= അതെ പുതിയ കാര്യമാണ്. എന്തിനാണ് ഗവർണറെ ചാൻസലറാക്കുന്നത്. സർക്കാർ ഇടപെടില്ല എന്ന് ഉറപ്പിക്കാനല്ലേ. രാഷ്ട്രീയമായ ഇടപെടൽ ഉണ്ടാകില്ല എന്ന് ഉറപ്പിക്കാനല്ലേ. അത് നടക്കുന്നില്ലെങ്കിൽ തുടരേണ്ട കാര്യമില്ല. പദവിയിൽ ഇരുന്നാൽ ഞാൻ എന്റെ അധികാരം ഉപയോഗിക്കും. അധികാരത്തിലിരുന്നു കൊണ്ട് സ്വാധീനങ്ങൾക്ക് വഴങ്ങുന്ന ഒരാളല്ല ഞാൻ.


എന്തെങ്കിലും സമവായ ശ്രമങ്ങൾ സർക്കാർ നടത്തിയോ

= ഞാൻ ഡൽഹിയിൽ പത്താം തീയതിയാണ് എത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ചു. ധനമന്ത്രി കാണാൻ വരുന്നുണ്ട് എന്നറിയിച്ചു. ഒപ്പം ചീഫ് സെക്രട്ടറിയും ഫിനാൻസ് സെക്രട്ടറിയും വേണം എന്ന് ഞാൻ പറഞ്ഞു. കാരണം രണ്ട് ദിവസം മുമ്പ് അവരാണ് മുഖ്യമന്ത്രിക്കുവേണ്ടി എന്നെ കാണാൻ വന്നത്. കണ്ണൂരിൽ എത്തിയശേഷം മുഖ്യമന്ത്രി വിളിച്ചു. അതിനുശേഷം വിളിച്ചിട്ടില്ല. നമുക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകാം. എല്ലാവർക്കും അതിന് അവകാശമുണ്ട്. ആ പരിഗണന എനിക്കും വേണം.

പ്രശ്നം പുറത്തുവന്നതു കൊണ്ടാണ് പ്രതികരിക്കേണ്ടി വന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് താങ്കൾക്കുള്ള പരോക്ഷ വിമർശനം കൂടിയാണോ


= ഞാനല്ല വിഷയം പുറത്തു പറഞ്ഞത്. ഞാൻ കത്തെഴുതുകയാണ് ചെയ്തത്. പത്രസമ്മേളനം വിളിച്ച് ഇക്കാര്യം പറഞ്ഞിട്ടില്ല. കാരണം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ഒന്നും അറിയില്ല. കത്തെഴുതാൻ തീരുമാനമെടുത്തത് ഈ മാസം എട്ടിനാണ്. സർവകലാശാലകൾ നേരിടുന്ന പ്രശ്നങ്ങൾ ഈ സംസ്ഥാനത്തെ ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അതിനാൽ, ഈ കത്ത് മാധ്യമങ്ങൾക്ക് നൽകുമെന്ന് ഞാൻ എന്നെ കാണാൻ പത്താംതീയതി വന്ന ധനമന്ത്രിയോടും ഉദ്യോഗസ്ഥരോടും പറഞ്ഞിരുന്നു. വൈസ് ചാൻസലർമാരുടെ കാഷ്വൽ ലീവ് അനുവദിക്കാനല്ല ഞാൻ ഇരിക്കുന്നത്. മുഖ്യമന്ത്രി വൈസ് ചാൻസലറെ നിയമിക്കുന്നു, ഞാൻ അവർക്ക് കാഷ്വൽ ലീവ് അനുവദിക്കുന്നു! ഇത് തുടരാനാകില്ല.

മുഖ്യമന്ത്രി നേരിട്ടുവന്ന് ചർച്ച നടത്തിയാൽ താങ്കൾ വഴങ്ങുമോ

= ഇതൊരു സാധ്യതാ ചോദ്യമാണ്. അദ്ദേഹം വരില്ല. അദ്ദേഹം മറ്റൊരാളെ അയക്കും. എനിക്ക് തോന്നുന്നത് അദ്ദേഹം വിദ്യാഭ്യാസത്തെ വലിയ പ്രാധാന്യത്തിൽ കണ്ടിട്ടില്ലെന്നാണ്. സർവകലാശാലകൾ അദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ടതല്ല എന്നാണ് തോന്നുന്നത്.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ഉദ്ധരിച്ചിരുന്നു. എന്തുപറയുന്നു

= അതായിക്കോട്ടെ. ഗവർണറുടെ പ്രസംഗം എഴുതിയത് സർക്കാരാണ്. അത് ഗവർണറുടെ പ്രസംഗമാണ്. പക്ഷേ, ഇത് ചാൻസലറുടെ അനുഭവമാണ്. വലിയ വ്യത്യാസമുണ്ട് രണ്ടും തമ്മിൽ. ശ്രീനാരായണ ഗുരു സർവകലാശാലയുടെ കാര്യമെടുക്കൂ. സർവകലാശാല രൂപവത്കരിച്ചത് ഓർഡിനൻസിലൂടെയാണ്. നിയമനിർമാണത്തിലൂടെയല്ല. ഓർഡിനൻസ് കൊണ്ടു വരുന്നത് അടിയന്തര ആവശ്യമുള്ള ഘട്ടങ്ങളിലാണ്. അതിനുശേഷം അത് മറന്നു. ഈ ഓർഡിനൻസ് നിയമമാക്കി മാറ്റിയില്ലെങ്കിൽ യു.ജി.സി.ക്ക് പ്രവർത്തിക്കാൻ കഴിയില്ല. ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ യു.ജി.സി.ക്ക് ഇടപെടാൻ കഴിയില്ല എന്ന് യു.ജി.സി.ചെയർമാൻ എന്നോടു പറഞ്ഞു. ഞാൻ മുഖ്യമന്ത്രിയെ വിളിച്ചു. ഇത് വളരെ പ്രധാനപ്പെട്ടതാണ്. നിയമമാക്കിയില്ലെങ്കിൽ യു.ജി.സി.ഒന്നും ചെയ്യില്ല എന്നുപറഞ്ഞു. എന്നിട്ടും അവർ മറന്നു. ഒരുവർഷം കഴിഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ഫാക്കൽറ്റിയെ നിയമിച്ചത്! ഫാക്കൽറ്റിയെ നിയമിക്കാൻ വൈകിയതിനാൽ പോർട്ടലിൽ പ്രവേശിക്കാൻ കഴിയില്ല. ഇതുമൂലം വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടക്കില്ല. യൂണിവേഴ്സിറ്റി രണ്ടുവർഷം ഒരു കോഴ്സ് പോലും ആരംഭിക്കാനാകാതെ പ്രവർത്തിക്കുന്നു. വൈസ് ചാൻസലർക്ക് ഇതുവരെ ശമ്പളം നിശ്ചയിച്ചിട്ടില്ല. അതിന് സർക്കാരിന് സമയം കിട്ടിയിട്ടില്ല. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി താഴേക്കുപോകുകയാണ്.

ബി.ജെ.പി.യുടെ ഇടപെടൽ ഗവർണറുടെ നിലപാടുകളിൽ ആരോപിക്കപ്പെടുന്നുണ്ട്. എന്താണ് പ്രതികരണം

= പ്രാദേശിക ബി.ജെ.പി.ക്കാർ കോഴിക്കോട് വൈസ് ചാൻസലറുടെ കാര്യത്തിൽ എന്റെമേൽ സമ്മർദമിടാൻ ശ്രമിച്ചു. ഞാൻ നിരസിച്ചു. മൂന്നുമാസം മാധ്യമങ്ങളിൽ മുഴുവൻ ഇത് നിറഞ്ഞു നിന്നു. ഞാൻ ശ്രദ്ധിക്കാൻ പോയില്ല. ബി.ജെ.പി.യെ കേട്ടിരുന്നെങ്കിൽ ഇത് സംഭവിക്കില്ലല്ലോ.

എന്തുകൊണ്ടാണ് അപ്പോൾ ഈ വിയോജനം രേഖപ്പെടുത്താതിരുന്നത്

= ഒരൊറ്റച്ചോദ്യം. കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനക്കാര്യത്തിൽ എ.ജി.യുടെ അഭിപ്രായം തേടിയത് ആരാണ്. ഞാൻ എ.ജി.യുടെ അഭിപ്രായം ചോദിച്ചില്ല. സർക്കാരല്ലേ ചോദിച്ചത്? ഈ അഭിപ്രായം തേടലിലൂടെ സർക്കാർ അവരുടെ താത്പര്യത്തിനുവേണ്ടി എന്റെമേൽ സമ്മർദം ചെലുത്താനാണ് ശ്രമിച്ചത്. അവരുടെ പ്രതിനിധിയെ നിയമിക്കാനായിരുന്നു ഇത്. മറ്റൊരു ഉദാഹരണം. വിദ്യാഭ്യാസമന്ത്രി എന്നെ കാണാൻവന്നു. ഞങ്ങൾ സെർച്ച് കമ്മിറ്റിയെ നിയമിക്കാൻ പോകുന്നുവെന്ന് പറഞ്ഞു. സെർച്ച് കമ്മിറ്റിയിൽ ഒരു പ്രതിനിധി ഗവർണറുടേതാകണം. ഗവർണറുടെ പ്രതിനിധി വിദ്യാഭ്യാസമന്ത്രി നിയമിക്കുന്ന ഒരാളായിരിക്കുമെന്നും ഇതാണ് നടപ്പ് രീതിയെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ ഒരു സെർച്ച് കമ്മിറ്റി പറ്റില്ലെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഒരു സെർച്ച് കമ്മിറ്റി ഉണ്ടെങ്കിൽ അത് ബ്രേക്ക് ചെയ്യാൻ പോവുകയാണ്. കാരണം ഞാൻ ചാൻസലറാണ്. സമ്മതിക്കില്ല എന്ന് വ്യക്തമാക്കി. ഇത്തരം നിർദേശങ്ങളുമായാണ് സർക്കാർ വരുന്നത്. അവർ വളരെ ആസൂത്രിതമായി എനിക്കെതിരേ പ്രചാരണം നടത്തുകയാണ്. റെസിഡന്റായി പ്രവർത്തിക്കുകയാണെന്നാണ് അവർ ആരോപിക്കുന്നത്. ഇത്തരം വിശേഷണങ്ങളിൽ താത്പര്യമില്ലെന്ന് ഞാൻ പറഞ്ഞു. എന്റെ സമീപനം സർക്കാരുമായി സംഘർഷം ഒഴിവാക്കലാണ്. സർക്കാരുമായി ഒരു യുദ്ധത്തിനും താത്പര്യമില്ല. എന്നാൽ, ഇത്തരത്തിൽ കടുത്ത സമ്മർദത്തിൽ, അടിച്ചമർത്തുന്ന അന്തരീക്ഷത്തിൽ ചാൻസലറായി തുടരാൻ എനിക്ക് താത്പര്യമില്ല. ചാൻസലർ എന്നത് ഭരണഘടനാപരമായ ചുമതലയല്ല. കേരള നിയമസഭ പാസാക്കിയ നിയമപ്രകാരം ഏർപ്പെടുത്തിയ ചുമതലയാണ്. സർക്കാരിന് ഈ നിയമം ഭേദഗതി ചെയ്യാം. എന്നിട്ട് ചാൻസലറായി ചുമതലയേൽക്കാം. എത്രവേണമെങ്കിലും ആളുകളെ നിങ്ങൾക്ക് താത്പര്യമുള്ള പദവികളിൽ നിയമിക്കാം. നിങ്ങൾക്ക് താത്പര്യമുള്ള രാഷ്ട്രീയ പ്രതിനിധികളെ നിയമിക്കാൻ എന്നെ ഉപകരണമാക്കിയാൽ, അത് സമ്മതിക്കാനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!