KSDLIVENEWS

Real news for everyone

ആഴമുള്ള കുളത്തിലേക്ക് തലകീഴായി മറിഞ്ഞ് കാര്‍; ഉള്ളില്‍ അമ്മയും മകനും; രക്ഷകരായി അവര്‍

SHARE THIS ON

കൊല്ലം : ആഴമുള്ള കുളത്തിലേക്കു തലകീഴായി മറിഞ്ഞ കാറിനുള്ളിൽ കുടുങ്ങിയ അമ്മയ്ക്കും മകനും രക്ഷാദൂതരായത് ആകസ്മികമായി അതുവഴിയെത്തിയ, ഡ്യൂട്ടിയിൽ അല്ലാത്ത 2 അഗ്നിശമന സേനാ ഉദ്യോഗസ്ഥർ! സ്വകാര്യ ആവശ്യങ്ങൾക്കുള്ള യാത്രയ്ക്കായി രണ്ടിടത്തുനിന്നെത്തി, രണ്ടു വഴിയേ പോവുകയായിരുന്ന അവർ അപകടം നടന്ന സമയം അവിടെയെത്തിയ യാദൃച്ഛികതയെ ദൈവത്തിന്റെ കാരുണ്യമായി കാണുകയാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ട ആ അമ്മ.

ചവറ ടൈറ്റാനിയം–ശാസ്താംകോട്ട റോഡിൽ തേവലക്കര കൂഴംകുളം ജംക്‌ഷനു സമീപം വാഹനങ്ങൾ കൂട്ടയിടിച്ചതിനെ തുടർന്നാണു വെള്ളിമൺ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരി തേവലക്കര പാലയ്ക്കൽ ബീനാ ഭവനിൽ എസ്.അനുവും (39) 8 വയസ്സുകാരനായ മകൻ സനൽ കൃഷ്ണനും സഞ്ചരിച്ച കാർ കുളത്തിലേക്കു മറിഞ്ഞത്. ഇന്നലെ രാവിലെ 9.25 നായിരുന്നു അപകടം. തലകീഴായാണ് കാർ കുളത്തിലേക്കു വീണത്.

Anu-and-Sanal

കുളത്തിൽ വീണ കാറിൽനിന്നു രക്ഷപ്പെട്ട അനുവും മകൻ സനൽ കൃഷ്ണനും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനായ മിഥുനുമായി സന്തോഷം പങ്കിടുന്നു. ഇരുവരെയും രക്ഷപ്പെടുത്താൻ നേതൃത്വം നൽകിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനായ നൗഫർ സമീപം.

സുഹൃത്തുക്കൾക്കൊപ്പം പുത്തൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയ കരുനാഗപ്പള്ളി നിലയത്തിലെ ഫയർമാൻ മിഥുനും മൈനാഗപ്പള്ളിയിൽ നിന്ന് കൊട്ടുകാടുള്ള വാടകവീട്ടിലേക്കു പോയ ചവറ അഗ്നിരക്ഷാസേന നിലയത്തിലെ ഫയർമാൻ നൗഫർ പി.നാസറും അപകടം കണ്ടു കുളത്തിലേക്കു ചാടി. കാർ മുങ്ങാതെ കയർ കെട്ടി നിർത്തിയശേഷം അനുവിനെയും സനലിനെയും അവർ പുറത്തെടുത്തു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ അനുവിനും മകനും കാര്യമായ പരുക്കുണ്ടായില്ല.

ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ ഇരുവരും വീട്ടിൽ വിശ്രമത്തിലാണ്. ഇന്നലെ വൈകിട്ട് നൗഫറും മിഥുനും അനുവിന്റെ വീട്ടിലെത്തി. അനുവിന്റെ ഭർത്താവ് കെ.ഗിരീഷും മൂത്തമകൾ ദേവയാനിയും പറഞ്ഞാൽ തീരാത്ത നന്ദിയോടെ അവരെ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!