കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനസജ്ജമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

കാഞ്ഞങ്ങാട്: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മാർച്ച് മാസത്തോടെ പ്രവർത്തനസജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലയിലെ ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങൾ അവലോകനം ചെയ്യുന്നതിനായി കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ടാറ്റ ട്രസ്റ്റ് ഗവൺമെന്റ് കോവിഡ് ആശുപത്രി നിലനിൽക്കുന്ന സ്ഥലത്ത് സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. നിലവിലുള്ള സംവിധാനത്തെക്കുറിച്ചും പുതുതായി ആരംഭിക്കേണ്ട സംവിധാനത്തെക്കുറിച്ച് പരിശോധിക്കുന്നതിന് സാങ്കേതിക വിദഗ്ധസമിതിയെ നിയോഗിക്കും. ഈ മാസം അവസാനം സാങ്കേതിക വിദഗ്ധ സമിതി പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിതമായ പഞ്ചായത്തുകളിൽ പ്രത്യക ന്യൂറോ ക്ലിനിക്കുകൾ നടത്തും. വർഷത്തിൽ നാലു തവണ പതിനൊന്ന് പഞ്ചായത്തുകളിലും ആരോഗ്യ കേന്ദ്രങ്ങളിൽ ന്യൂറോളജിസ്റ്റുകൾ നേരിട്ട് എത്തി രോഗികളെ പരിശോധിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തുക. എല്ലാ പഞ്ചായത്തുകളിലും ന്യൂറോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കുന്നതിനാണ് ന്യൂറോ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. നിലവിൽ കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ സേവനം നടത്തുന്ന ന്യൂറോളജിസ്റ്റിന്റെയും കൂടുതൽ ന്യൂറോളജിസ്റ്റുകളുടെയും സേവനം ഇതിന് പ്രയോജനപ്പെടുത്തും. കാസർകോട് ഗവ. മെഡിക്കൽ കോളേജ് നിർമാണം പൂർത്തീകരിച്ച് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനാണ് പ്രധാന പരിഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങൾ അവലോകനം ചെയ്തു

