രണ്ടിലയില്നിന്ന് രണ്ടായവര് നാലിടത്ത് നേര്ക്കുനേര്

കോട്ടയം: വേർപിരിഞ്ഞ കേരള കോൺഗ്രസ് ജോസ് -ജോസഫ് വിഭാഗങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നേർക്കുനേർ മത്സരിക്കുന്നത് നാലിടത്ത്. തൊടുപുഴ, ഇടുക്കി, ചങ്ങനാശ്ശേരി, കടുത്തുരുത്തി സീറ്റുകളിലാണ് ഇരുപാർട്ടികളും മത്സരിക്കുന്നത്. ഇരുകൂട്ടർക്കും ഇത് അഭിമാനപ്പോരാട്ടമാണ്.
ഇതിൽ ഇടുക്കിയിൽ സ്റ്റാർ ഫൈറ്റിനാണ് കളമൊരുങ്ങുന്നത്. േജാസ്പക്ഷം സ്ഥാനാർഥിയായി റോഷി അഗസ്റ്റിനും ജോസഫ് ഗ്രൂപ്പിന്റെ ഫ്രാൻസിസ് ജോർജുമാണ് മാറ്റുരയ്ക്കുന്നത്. 2016-െല മത്സരത്തിന്റെ തനിയാവർത്തനം. പക്ഷേ ഇരുകൂട്ടരും ഇത്തവണ മുന്നണിമാറിയാണ് മത്സരമെന്നുമാത്രം.
കടുത്തുരുത്തിയിൽ മോൻസ് – സ്റ്റീഫൻ പോരാട്ടം ഇത് നാലാംതവണയാണ്. പാർട്ടിയും മുന്നണിയും മാറിയുംമറിഞ്ഞുമുള്ള മത്സരമാണ് ഇവിടുത്തെ പ്രത്യേകത. 2001-ലും 2006-ലും സ്റ്റീഫൻജോർജ് യു.ഡി.എഫിലും (കേരള കോൺഗ്രസ്- എം) മോൻസ് ജോസഫ് (കേരള കോൺഗ്രസ് ജോസഫ്) എൽ.ഡി.എഫി.ലുമായിരുന്നു. 2001-ൽ സ്റ്റീഫനും 2006-ൽ മോൻസും ജയിച്ചു. കേരള കോൺഗ്രസുകൾ ഒന്നായശേഷം 2011-ൽ നടന്ന തിരഞ്ഞെടുപ്പിൽ മോൻസ് യു.ഡി.എഫിന്റെ ഭാഗമായി. ഇടതുപക്ഷ പിന്തുണയോടെയാണ് അന്ന് സ്റ്റീഫൻ ജോർജ് മത്സരിച്ചത്. മത്സരത്തിൽ േമാൻസ് ജയിച്ചു. ഇത്തവണ സ്റ്റീഫൻ ജോർജ് എൽ.ഡി.എഫിലും മോൻസ് ജോസഫ് യു. ഡി.എഫിലുമാണ്.
റോഷി അഗസ്റ്റിൻ X ഫ്രാൻസിസ് ജോർജ്
:കഴിഞ്ഞതവണ യു.ഡി.എഫ്. സ്ഥാനാർഥിയായി റോഷി മത്സരിച്ചപ്പോൾ ജനാധിപത്യ കോൺഗ്രസ് സ്ഥാനാർഥിയായി ഇടതുപക്ഷത്തിനൊപ്പമായിരുന്നു ഫ്രാൻസിസ് ജോർജ്. റോഷിക്കായിരുന്നു ജയം.
മോൻസ് ജോസഫ് X സ്റ്റീഫൻ ജോർജ്
:കഴിഞ്ഞ തവണയും ഇവരുതമ്മിലായിരുന്നു പോരാട്ടം. ജയം മോൻസിനൊപ്പം. ഇത്തവണ സ്റ്റീഫൻ ജോർജ് എൽ.ഡി.എഫിലും മോൻസ് ജോസഫ് യു. ഡി.എഫിലുമാണ്.
പി.ജെ. ജോസഫ് X കെ.ഐ. ആന്റണി
:തൊടുപുഴയാണ് ജോസ് -ജോസഫ് പോരാട്ടം നടക്കുന്ന മറ്റൊരു മണ്ഡലം. പി.ജെ. ജോസഫിന്റെ തട്ടകമായ തൊടുപുഴയിൽ അദ്ദേഹത്തെ നേരിടുന്നത് പുതുമുഖമായ കെ.ഐ. ആന്റണി.
ജോബ് മൈക്കിൾ Xവി.ജെ. ലാലി
:ചങ്ങനാശ്ശേരിയിൽ മത്സരിക്കുന്ന കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ജോബ് മൈക്കിളിനും ജോസഫ് ഗ്രൂപ്പിലെ വി.ജെ. ലാലിക്കും സ്വന്തംനാട്ടിൽ ആദ്യമത്സരമാണ്

