KSDLIVENEWS

Real news for everyone

ചിത്രം തെളിഞ്ഞു: നേമത്തും മഞ്ചേശ്വരത്തും കനത്ത പോരാട്ടം; പ്രചാരണത്തില്‍ മുമ്പേനടന്ന് എല്‍ഡിഎഫ്

SHARE THIS ON

തിരുവനന്തപുരം: പ്രധാന മുന്നണികൾ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതോടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി നിർണയം നേരത്തെ പൂർത്തിയാക്കി പ്രചരണത്തിന്റെ ആദ്യ ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് യുഡിഎഫും ബിജെപിയും സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നത്. ബിജെപി മൂന്നും കോൺഗ്രസ് ആറും മണ്ഡലങ്ങളിൽ ഇനിയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.

സിപിഎം സ്ഥാനാർഥിപ്പട്ടിക

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക

ബിജെപി സ്ഥാനാർഥിപ്പട്ടിക

ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് കെ.മുരളീധരന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ മണ്ഡലത്തിൽ പോരാട്ടം കനക്കും. സിറ്റിങ് എംഎൽഎ ഒ.രാജഗോപാലിന് പകരം കുമ്മനം രാജശേഖരനാണ് ബിജെപിക്കായി ഇവിടെ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട വി.ശിവൻകുട്ടി തന്നെയാണ് സിപിഎമ്മിനായി പോരിനിറങ്ങുന്നത്.

ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും ഇത്തവണ ത്രികോണ പോരാട്ടമാകും. 2016-ൽ 89 വോട്ടുകൾക്ക് മാത്രം മഞ്ചേശ്വരത്ത് പരാജയപ്പെട്ട സുരേന്ദ്രന് ഇത്തവണ മണ്ഡലം പിടിച്ചെടുക്കാൻ ആവുമെന്ന ശുഭപ്രതീക്ഷയാണുള്ളത്. എന്നാൽ 2016-ൽ സുരേന്ദ്രനെ പരാജയപ്പെടുത്തിയ പി.ബി.അബ്ദുൾ റസാഖിന്റെ നിര്യാണത്തെ തുടർന്ന് 2019-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം 7923 ആക്കാൻ സാധിച്ചിരുന്നു. പണത്തട്ടിപ്പ് കേസിൽ അകപ്പെട്ട സിറ്റിങ് എംഎൽഎ എം.സി.ഖമറുദ്ദീനെ മാറ്റി എ.കെ.എം.അഷ്റഫിനാണ് മുസ്ലിം ലീഗ് സീറ്റ് നൽകിയിട്ടുള്ളത്. സിപിഎം സ്ഥാനാർഥിയായി വി.വി.രമേശനാണ് രംഗത്തുള്ളത്.

കെ.സുരേന്ദ്രൻ മത്സരിക്കുന്ന കോന്നിയും മറ്റൊരു ത്രികോണ മത്സരത്തിനുള്ള വേദിയാണ്. ശബരിമല വിഷയം ഉയർത്തിക്കാട്ടി നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയാണ് സുരേന്ദ്രനുള്ളത്. 2019-ലെ ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് നില ഗണ്യമായി ഉയർത്താൻ അദ്ദേഹത്തിനായിരുന്നു. സിറ്റിങ് എംഎൽഎ കെ.യു.ജനീഷ് കുമാർ തന്നെയാണ് എൽഡിഎഫ് വീണ്ടും മത്സരത്തിനിറക്കുന്നത്. റോബിൻ പീറ്ററാണ് യുഡിഎഫ് സ്ഥാനാർഥി. ഇതിനിടെ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനായി മത്സരിച്ച പി.മോഹൻരാജ് തന്നെ തഴഞ്ഞതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ രാജിവെച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിലെ തർക്കം ഇവിടെ കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത കഴക്കൂട്ടവും സുരേഷ് ഗോപിയുടെ വരവോടെ തൃശൂരും ഇ.ശ്രീധരൻ സാന്നിധ്യത്തോടെ പാലക്കാടും ത്രികോണ മത്സരങ്ങൾ നടക്കുമെന്നുറപ്പായി. പദ്മജ വേണുഗോപാലാണ് സുരേഷ് ഗോപിക്കെതിരേയുളള യുഡിഎഫ് സ്ഥാനാർഥി. സിപിഐയുടെ സിറ്റിങ് സീറ്റാണിത്. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വി.എസ്.സുനിൽ കുമാറിനെ മാറ്റി നിർത്തിയ സിപിഐ ഇത്തവണ പി.ബാലചന്ദ്രനെയാണ് മണ്ഡലം നിലനിർത്താനായി ഇറക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!