തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി അറസ്റ്റിൽ; നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി

ചെന്നൈ ∙ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിൽ തമിഴ്നാട് വൈദ്യുതി – എക്സൈസ് വകുപ്പു മന്ത്രി വി.സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വൻസുരക്ഷയൊരുക്കിയ ഇഡി, കേന്ദ്രസേനയെ വിന്യസിച്ചു. എയിംസിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘവും മന്ത്രിയെ പരിശോധിക്കാനെത്തും.
അതേസമയം, മന്ത്രിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡിഎംകെ രംഗത്തെത്തി. ബാലാജിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ഡിഎംകെ ആരോപിച്ചു. അറസ്റ്റിനെ നിയമപരമായി നേരിടുമെന്ന് നിയമമന്ത്രി എസ്.രഘുപതിയും ബിജെപിയുടെ വിരട്ടല്‍ രാഷ്ട്രീയത്തിൽ പേടിക്കില്ലെന്ന് മന്ത്രി ഉദയനിധി സ്റ്റാലിനും പ്രതികരിച്ചു. തമിഴ്നാട് സെക്രട്ടേറിയറ്റിനുള്ളിലും സെന്തിൽ ബാലാജിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലും അടക്കം 6 ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
2013ൽ അണ്ണാഡിഎംകെ സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. മന്ത്രിയുടെ സഹോദരന്റെ വീട്ടിൽ ഉൾപ്പെടെ കഴിഞ്ഞ മാസം 8 ദിവസം ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 3 ഇഡി ഉദ്യോഗസ്ഥരും 2 ബാങ്ക് അധികൃതരുമാണ് ആയുധധാരികളായ കേന്ദ്രസേനാംഗങ്ങളുടെ അകമ്പടിയോടെ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫിസിൽ പരിശോധനയ്ക്ക് എത്തിയത്.
കേന്ദ്രസേനാംഗങ്ങളെ സെക്രട്ടേറിയറ്റിൽ കയറാൻ തമിഴ്നാട് പൊലീസ് അനുവദിച്ചില്ലിരുന്നില്ല. അകത്തുകയറിയ ഇഡി ഉദ്യോഗസ്ഥർ മന്ത്രിയുടെ ചേംബർ ഉള്ളിൽ നിന്നു പൂട്ടിയ ശേഷമാണു പരിശോധന നടത്തിയത്. റെയ്ഡിനെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, തമിഴ്‌നാട്ടിലേക്ക് പിൻവാതിലിലൂടെ കടന്നുകയറാനുള്ള ബിജെപിയുടെ തന്ത്രമാണെന്നും രാഷ്ട്രീയ പകപോക്കലാണെന്നും കുറ്റപ്പെടുത്തി.

