സിദ്ധരാമയ്യയ്ക്കു മന്ത്രി 1.9 കോടിയുടെ കട്ടിലും 2 ജോടി സോഫയും ദീപാവലി സമ്മാനമായി നൽകി; ആരോപണവുമായി കുമാരസ്വാമി

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു ഒരു മന്ത്രി 1.9 കോടി രൂപ വിലവരുന്ന ആഡംബര കട്ടിലും 2 ജോടി സോഫകളും ദീപാവലി സമ്മാനമായി നൽകിയെന്ന ആരോപണവുമായി ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് കുമാരസ്വാമി. ഇതേക്കുറിച്ച് ചിലർ തനിക്ക് വിവരം തന്നതായും എല്ലായ്‌പ്പോഴും തന്നെ നുണയനെന്നു വിളിക്കുന്ന സിദ്ധരാമയ്യ നേരിട്ട് ഇതിന്മേൽ വിശദീകരണം നൽകണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. സംസ്ഥാനം വരൾച്ചാക്കെടുത്തി നേരിടുന്നതിനിടെ മന്ത്രിമന്ദിരങ്ങൾ നവീകരിക്കുന്നതും മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങുന്നതും കുമാരസ്വാമി വിമർശിച്ചു. കഴിഞ്ഞ തവണ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന് സുഹൃത്തായ ഡോക്ടർ സമ്മാനിച്ച 70 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര ഹ്യൂബ്ലോ വാച്ചിനെച്ചൊല്ലി കുമാരസ്വാമി ഉയർത്തിയ ആരോപണം വിവാദ കൊടുങ്കാറ്റ് ഉയർത്തിയിരുന്നു. ദുബായ് എൻഎംസി സ്പെഷ്യൽറ്റി ഹോസ്പിറ്റലിലെ കാർഡിയോ സർജനും മലയാളിയുമായ ഡോ.ഗിരീഷ് ചന്ദ്ര വർമയാണ് വാച്ച് സമ്മാനിച്ചത്. നിമയസഭയിലും പുറത്തും വിവാദം ഉയർത്തിയതോടെ വിധാൻ സൗധയിലെ ഗാലറിയിലേക്ക് സിദ്ധരാമയ്യ വാച്ച് സമർപ്പിക്കുകയായിരുന്നു.

