പാർലമെന്റ് ആക്രമണം; ഓട്ടോ ഡ്രൈവര്‍ മുതല്‍ എന്‍ജിനീയറിങ് ബിരുദധാരി വരെ; പ്രതികളെല്ലാം ‘ഭഗത് സിങ് ഫാന്‍ ക്ലബ്ബ്’ അംഗങ്ങൾ

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയവരില്‍ ആറു പ്രതികളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പൊതുഘടകങ്ങളൊന്നും ആദ്യഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായിരുന്നില്ല. തൊഴില്‍, ദേശം, വിദ്യാഭ്യാസം എന്നിങ്ങനെ എല്ലാം വ്യത്യസ്തം. കൂടുതല്‍ അന്വേഷണത്തില്‍ ഭഗത് സിങ് ഫാന്‍ ക്ലബ്ബ് എന്ന സമൂഹികമാധ്യമ പേജില്‍ ആറുപേരും അംഗങ്ങളാണ് എന്ന വിവരം പിന്നീട് പോലീസിന് ലഭിച്ചു. പ്രതികളെല്ലാം ഗുരുഗ്രാമിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നതെന്നും സംഭവം ആസൂത്രിതമാണെന്നുമാണ് കണ്ടെത്തല്‍. തൊഴിലില്ലായ്മ, പണപ്പെരുപ്പം, മണിപ്പൂര്‍ കലാപം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തികൊണ്ടുവന്ന് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യിപ്പിക്കുകയായിരുന്നു ആക്രമണത്തിലൂടെ ലക്ഷ്യംവെച്ചതെന്നാണ് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പ്രതികളായ നീലം ശര്‍മയും അമോല്‍ ഷിന്‍ഡെയും തൊഴില്‍രഹിതരാണ്. നിരവധിതവണ ശ്രമിച്ചെങ്കിലും ഇവര്‍ക്ക് ജോലി കിട്ടിയിരുന്നില്ല. പാര്‍ലമെന്റിനകത്ത് ആക്രമം നടത്തിയ സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവരേയും പുറത്ത് പ്രതിഷേധിച്ച അമോലിനേയും നീലംദേവിയെയും സംഭവം നടന്നയുടന്‍ പോലീസ് പിടികൂടിയിരുന്നു. ഇവരെ ഗുരുഗ്രാമിലെ വീട്ടില്‍ താമസിപ്പിച്ച വിക്കി ശര്‍മയെയാണ് പിന്നീട് അറസ്റ്റുചെയ്യുന്നത്. സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ ലളിത് ഝാ എന്ന ആറാമനെ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. ഡ്രൈവറായ സാഗര്‍ ശര്‍മ ഡല്‍ഹിയിലാണ് സാഗര്‍ ശര്‍മ ജനിച്ചത്. മാതാപിതാക്കള്‍ക്കും ഇളയസഹോദരിക്കുമൊപ്പം ലഖ്‌നൗവിലാണ് താമസിച്ചിരുന്നത്. സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്, ക്യൂബൻ വിപ്ലവ നേതാവ് ചെഗുവേര എന്നിവരെക്കുറിച്ചുള്ള പോസ്റ്റുകള്‍ സമൂഹികമാധ്യമങ്ങളില്‍ സാഗര്‍ പങ്കുവെച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പാര്‍ലമെന്റ് അക്രമത്തിന്റെ വീഡിയോയില്‍ സന്ദര്‍ശക ഗ്യാലറിയില്‍നിന്ന് ഇയാള്‍ താഴേക്കുചാടുന്നതും ഷൂസിനുള്ളില്‍ ഒളിപ്പിച്ച മഞ്ഞ സ്പ്രേ അടിച്ച് സ്പീക്കറുടെ സമീപത്തേക്ക് പോകുന്നതും കാണാം. എം.പിമാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തിയാണ് സാഗറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ഒരു പ്രതിഷേധത്തിന്റെ ഭാഗമായി ഡല്‍ഹിയിലേക്ക് പോകുകയാണെന്നാണ് ഇയാള്‍ കുടുംബാംഗങ്ങളോട് പറഞ്ഞത്. നീലം ആസാദ്, സാഗര്‍ ശര്‍മ മനോരഞ്ജന്‍ എന്‍ജിനീയറിങ് ബിരുദധാരി കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ബിരുദധാരിയായ മനോരഞ്ജന്‍ മൈസൂരു സ്വദേശിയാണ്. 34-കാരനായ ഇയാളാണ് പാര്‍ലമെന്റിനുള്ളില്‍ അതിക്രമം കാട്ടിയ രണ്ടാമന്‍. ബിരുദ പഠനത്തിനുശേഷം മനോരഞ്ജന് ജോലി ലഭിച്ചിരുന്നോ എന്നതില്‍ വ്യക്തതയില്ല. മകന്‍ തെറ്റുകാരനാണെന്ന് അംഗീകരിക്കാനാവുന്നില്ലെന്നും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ താന്‍ തൂങ്ങിമരിക്കുമെന്നുമാണ് മനോരഞ്ജന്റെ പിതാവ് ദേവരാജെ ഗൗഡ പറയുന്നത്. പാര്‍ലമെന്റ് നമ്മുടെ ഏവരുടെയുമാണ്. മഹാത്മഗാന്ധി മുതല്‍ നെഹ്‌റു വരെയുള്ളവര്‍ പണിത ക്ഷേത്രമാണത്. ക്ഷേത്രത്തോട് ഇങ്ങനെ ചെയ്യുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിരന്തരം പ്രതിഷേധം, ഉന്നത വിദ്യഭ്യാസം ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യംവിളിച്ച് പാര്‍ലമെന്റിന് പുറത്ത് ആക്രമം നടത്തിയവരിൽ ഒരാൾ 37-കാരിയായ നീലം ആസാദ് ആയിരുന്നു. ഈ വര്‍ഷം നടന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നീലം പങ്കാളിയായിരുന്നു.റെസ്ലിംങ് ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എംപിയുമായ ബ്രിജ് ഭൂഷണെതിരെ ലൈംഗിക ആരോപണമുയര്‍ത്തി ഗുസ്തി താരങ്ങള്‍ നടത്തിയ പ്രക്ഷോഭത്തിലും നീലം പങ്കെടുത്തിരുന്നെന്നാണ് വിവരം. ഇത്രയും പഠിച്ചിട്ടും രണ്ടുനേരത്തെ ഭക്ഷണത്തിനുപോലുമുള്ള വക സമ്പാദിക്കാൻ കഴിയുന്നില്ലെന്നും ഇതിലും നല്ലത് ആത്മഹത്യയാണെന്നും മകള്‍ പറയാറുണ്ടെന്ന് നീലത്തിന്റെ മാതാവ് സരസ്വതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഹയര്‍സെക്കന്‍ഡറി ടീച്ചര്‍മാരുടെ യോഗ്യതാ പരീക്ഷയുടെ പരിശീലനത്തിനായി ആറ് മാസം മുമ്പ് നീലം ജിന്ദിലേക്കുപോയതായി സഹോദന്‍ പറഞ്ഞു. ബി.എ, എം.എ, എം.ഫില്‍, നെറ്റ് എന്നിവയെല്ലാം നേടിയിട്ടും അവള്‍ തൊഴില്‍ രഹിതയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. ആര്‍മിയില്‍ ചേരാന്‍ ആഗ്രഹിച്ച അമോല്‍ പട്ടികജാതി വിഭാഗക്കാരനായ അമോല്‍ മഹാരാഷ്ട്രയിലെ ലത്തൂർ സ്വദേശിയാണ്. കർഷക തൊഴിലാളികളുടെ മകനായ ഈ 25-കാരന്‍ പോലീസിലേക്കും ആര്‍മിയിലേക്കുമുള്ള പ്രവേശന പരീക്ഷകള്‍ പലപ്പോഴായി എഴുതിയെങ്കിലും പരാജയപ്പെട്ടു. പോലീസ് റിക്രൂട്‌മെന്‌റിനെന്ന് പറഞ്ഞ് ഡിസംബര്‍ ഒമ്പതിനാണ് അമോല്‍ വീട്ടില്‍നിന്ന് പോയതെന്നും മകന്‍ പാര്‍ലമെന്റില്‍ എന്താണ് ചെയ്തതെന്ന് ഞങ്ങള്‍ക്കറിയില്ലെന്നുമാണ് അമോലിന്റെ പിതാവ് പറയുന്നത്. ദൃശ്യങ്ങൾ പകർത്തിയ ലളിത് ഝായെ പിടികൂടാനായില്ല പ്രതികളെ ഗുരുഗ്രാമിലെ വീട്ടില്‍ താമസിപ്പിച്ച വിക്കിശര്‍മയും ഇയാളുടെ ഭാര്യ രേഖയും പോലീസിന്റെ പിടിയിലായിട്ടുണ്ട്. എക്‌സ്‌പോര്‍ട്ട് കമ്പനിയിലെ ഡ്രൈവറാണ് വിക്കി. സംഭവസ്ഥലത്തുനിന്നും ഓടിപ്പോയ പ്രതികളിലൊാളായ ബീഹാര്‍ സ്വദേശി ലളിത് ഝായെ പിടികൂടാനായിട്ടില്ല. പാര്‍ലമെന്റിനു പുറത്ത് നീലവും അമോലും മഞ്ഞയും ചുവപ്പും സ്പ്രേ അടിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത് ലളിതായിരുന്നു. പിന്നീട് കൂട്ടാളികളുടെ ഫോണുകളുമായി ഓടിപ്പോയ ഇയാള്‍, ഒരു എന്‍.ജി.ഒ നേതാവിന് ഈ ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു. ദൃശ്യങ്ങള്‍ ഭദ്രമായി സൂക്ഷിക്കാനും സംഭവത്തിന് മാധ്യമശ്രദ്ധ കിട്ടിയെന്ന് ഉറപ്പാക്കാനും ലളിത് ഇയാളോട് നിര്‍ദേശിച്ചുവെന്നാണ് വിവരം.


