KSDLIVENEWS

Real news for everyone

ഹോസ്റ്റലുകളിലും കാന്റീനുകളിലും ഭക്ഷ്യസുരക്ഷാ പരിശോധന; ഒന്‍പത് സ്ഥാപനങ്ങള്‍ അടപ്പിച്ചു

SHARE THIS ON

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍, കാന്റീനുകള്‍, മെസ്സുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ഒന്‍പത് സ്ഥാപനങ്ങള്‍ അടപ്പിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡിസംബര്‍ 12, 13 തീയതികളിലായി 995 ഹോസ്റ്റല്‍, കാന്റീന്‍, മെസ്സ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വളരെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒന്‍പത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് അവസാനിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 127 സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം കോമ്പൗണ്ടിംഗ് നോട്ടീസും 267 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. കൂടാതെ 10 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നല്‍കിയിട്ടുണ്ട്. വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഹോസ്റ്റലുകളില്‍ നിന്നും മറ്റും ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന് തുടര്‍ച്ചയായി പരാതികള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധനകള്‍ നടത്തിയത്. വിവിധ മേഖലകളിലെ കോച്ചിംഗ് സെന്ററുകളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റല്‍, മെസ്സ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മൂന്നുപേര്‍ വീതം അടങ്ങുന്ന 96 സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. നിയമാനുസൃത ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന 179 സ്ഥാപനങ്ങള്‍ ഈ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുശാസിക്കുന്ന നിയമ നടപടികള്‍ സ്വീകരിക്കും. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം പ്രതിപാദിക്കുന്ന എല്ലാ മാനദണ്ഡങ്ങളും ഹോസ്റ്റല്‍, കാന്റീന്‍, മെസ്സ് നടത്തുന്നവര്‍ കൃത്യമായി പാലിക്കണം. ഈ കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കര്‍ശന നിയമ നടപടി സ്വീകരിക്കുക്കുമെന്നും പരിശോധന തുടരുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!