KSDLIVENEWS

Real news for everyone

ലഖിംപൂര്‍ ഖേരി കൊലക്കേസ് പ്രതിക്കെതിരെയുള്ള കര്‍ഷക ഹരജി സുപ്രീം കോടതി പരിഗണിക്കും

SHARE THIS ON

ലഖിംപൂര്‍ ഖേരി കര്‍ഷക കൊലക്കേസ് പ്രതി ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരായി കര്‍ഷകരുടെ കുടുബം സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അലഹബാദ് ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബമാണ് സുപ്രിം കോടതിയെ സമീപിച്ചത്. കേസിലെ മുഖ്യസാക്ഷി കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടതായി ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസിന് മുന്നില്‍ വ്യക്തമാക്കിയിരുന്നു. കേസിന്റെ അന്വേഷണ പുരോഗതിയും ഇന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും. ഫെബ്രുവരി പത്തിനാണ് ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ ജീപ്പ് കയറ്റിക്കൊന്ന കേസില്‍ 5,000 പേജ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെയാണ് കേസന്വേഷിക്കുന്ന ഉത്തര്‍ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഒക്ടോബര്‍ മൂന്നിന് നടന്ന സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു. “നാല് കര്‍ഷകരുടെയും ഒരു മാധ്യമപ്രവര്‍ത്തകന്റെയും മരണം സംബന്ധിച്ച കേസില്‍ പതിനാല് പേര്‍ക്കെതിരെ അയ്യായിരം പേജുള്ള കുറ്റപത്രം ലഖിംപൂര്‍ ഖേരിയിലെ പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ചു. കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിരേന്ദ്ര കുമാര്‍ ശുക്ല എന്നയാള്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റവും ചാര്‍ത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!