സ്വവര്‍ഗ വിവാഹം അസാധുവാക്കി ഹൈക്കോടതി, ഇന്ത്യന്‍ സംസ്കാരത്തിനെതിരെന്ന് യുപി സര്‍ക്കാര്‍

ലക്നൗ: സ്വവര്‍ഗ വിവാഹം (Same Sex Marriage) നിയമം മൂലം അംഗീകരിക്കണമെന്ന യുവതികളുടെ ആവശ്യം തള്ളി അലഹബാദ് ഹൈക്കടോതി (Allahabad High Court).
21 ഉം 23 ഉം വയസ്സുള്ള യുവതികളാണ് വിവാഹം അംഗീകരിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമം (Hindu Marriage Act) ലംഘിച്ചിട്ടില്ലെന്നും അതിനാല്‍ വിവാഹം അംഗീകരിക്കപ്പെടണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
എന്നാല്‍ കോടതിയില്‍ ഇതിനെ എതിര്‍ത്ത യുപി സര്‍ക്കാര്‍, സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ സംസ്കാരത്തിനും ഇന്ത്യയിലെ മതങ്ങള്‍ക്കും എതിരാണെന്നും വാദിച്ചു. അതിനാല്‍ വിവാഹം അസാധുവാണെന്നും കോടതിയില്‍ പറഞ്ഞു. തന്റെ മകളെ മറ്റൊരു യുവതി തടഞ്ഞുവച്ചുവെന്ന് ആരോപിച്ച് സ്ത്രീ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
രണ്ട് യുവതികളോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അംഗീകരിക്കണമെന്നും ഇവര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ജസ്റ്റിസ് ശേഖര്‍ കുമാര്‍ അധ്യക്ഷനായ ബഞ്ച് ഈ ആവശ്യം തള്ളി.

