ദുബായില്‍നിന്ന് സഹോദരിയുടെ വിവാഹത്തിനെത്തിയ ബൈക്ക് യാത്രികരായ യുവദമ്ബതികള്‍ ബസിടിച്ച് മരിച്ചു

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവും ഭാര്യയും ബൈക്കപകടത്തില്‍ മരിച്ചു.തൃശൂര്‍
ദേശീയ പാതയില്‍ ചാവക്കാട് ചേറ്റുവ സ്കൂളിന് സമീപം ബസ് ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്. ചാവക്കാട് അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി വലിയകത്ത് കോയുണ്ണിയുടെയും ഫാത്തിമയുടെയും മകന്‍ മുനൈഫ്(32) ഭാര്യ മുംബൈ സ്വദേശി സുവൈബ(22) എന്നിവരാണ് മരിച്ചത്.ഇരുവരെടും ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് മുനൈഫ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട യാത്ര കഴിഞ്ഞ് ചാവക്കാടേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യബസും ബൈക്കും ഒരേ ദിശയില്‍ വരികയായിരുന്നു. എതിരേ വന്ന വാഹനം ബൈക്കിന്‍റെ ഹാന്‍ഡിലില്‍ തട്ടി ഇരുവരും ബസിനടിയിലേക്ക് മറിയുകയായിരുന്നു. ബസ് കയറിയിറങ്ങിയാണ് മുനൈഫും സുവൈബയും മരിച്ചത്.

