KSDLIVENEWS

Real news for everyone

അരുണാചലിൽ മിന്നൽ പ്രളയം; നിരവധി പേർ മരിച്ചു, അഞ്ച് സൈനികരെ കാണാതായി

SHARE THIS ON

ഇറ്റനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് വാലി ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും അഞ്ച് സൈനികരെ കാണാതായി. രണ്ട് സൈനിക ഷെൽട്ടറുകൾ ഒലിച്ചുപോകുകയും ചെയ്തു.

അപ്പർ സുബാൻസിരി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി ആളുകൾ മരിച്ചതായാണ് റിപ്പോർട്ട്. നാലുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. റോഡ് നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിലാണ് നാലുപേർ മരിച്ചത്. നിരവധിപേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം.

ദിബാങ് വാലി ജില്ലയിലെ പാസു പാനി ആർമി ക്യാമ്പിലെ 5-ാം ഗ്രനേഡിയേഴ്‌സിന്റെ രണ്ട് ഷെൽട്ടറുകൾ വെള്ളിയാഴ്ച വൈകുന്നേരമാണ് കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയത്. ഏഴ് സൈനികർ അപകടത്തിൽപ്പെട്ടെങ്കിലും രണ്ട് പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തിരച്ചിൽ നടത്തിവരികയാണ്.

ഹവിൽദാർ ഉപേന്ദർ, സൈനികരായ കുന്ദൻ, വിനോദ്, ആദിത്യ, സമുന്ദ എന്നിവരെയാണ് കാണാതായത്. 5-ാം ഗ്രനേഡിയേഴ്‌സിൽ നിന്നുള്ള രണ്ട് രക്ഷാപ്രവർത്തന സംഘങ്ങളെ ഇതിനകം തന്നെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഐ.ടി.ബി.പി,ആർ.സി.സി, അരുണാചൽ പോലീസ്, എസ്.ഡി.ആർ.എഫ് തുടങ്ങിയ സംഘങ്ങളും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിട്ടുണ്ട്.

error: Content is protected !!