കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും ഹിമാചലിലും വന്ദേമാതരം മുഴുവൻ പാടി, കേരളത്തിൽ ഒരുവരിപോലുമില്ല

ഷിംല: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടകയിലും ഹിമാചൽ പ്രദേശിലും സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിന്റെ ഭാഗമായി വന്ദേമാതരം ഗാനം പൂർണമായി ആലപിച്ചു. രണ്ട് സംസ്ഥാനങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഗാനം മുഴുവൻ പാടണമെന്ന പുതിയ മാർഗനിർദേശം പാലിച്ചാണ് ആഘോഷച്ചടങ്ങുകൾ ആരംഭിച്ചത്. അതേസമയം യു.ഡി.എഫ്. ഭരിക്കുന്ന കേരളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത സ്വാതന്ത്ര്യദിനച്ചടങ്ങിൽ വന്ദേമാതരം ഒരുവരിപോലും പാടിയില്ല.
പതാകയുയർത്തുന്നതിന് തൊട്ടുമുൻപാണ് കർണാടകയിൽ വന്ദേമാതരം ആലപിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായല്ല വന്ദേമാതരം മുഴുവനായി ആലപിക്കുന്നത്. നേരത്തേ ലോക്ഭവനിൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചിരുന്നു. അന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവർ വേദിയിൽ നിൽക്കേയാണ് ഗാനം പൂർണമായി ആലപിച്ചിരുന്നത്. ബെംഗളൂരുവിലെ ഫീൽഡ് മാർഷൽ മനേക്ഷാപരേഡ് ഗ്രൗണ്ടിലാണ് കർണാടകയിലെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ നടന്നത്.
അതേസമയം ഡൽഹിയിലെ എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വന്ദേമാതരം മുഴുവനായി പാടി. മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഇടയ്ക്കുകയറി ഇടപെട്ടെങ്കിലും ഗാനം നിർത്തിയില്ല. വന്ദേമാതരം ബിൽ പാർലമെന്റിൽ വന്നപ്പോൾ അതിനെതിരേ ശക്തമായി നിലകൊണ്ട പാർട്ടിയായിരുന്നു കോൺഗ്രസ്. രാജ്യത്ത് കൂടുതൽ വിഭജനം സൃഷ്ടിക്കാൻ വന്ദേമാതരം ബിൽ കാരണമാകുമെന്നായിരുന്നു കോൺഗ്രസ് നിലപാട്.

