KSDLIVENEWS

Real news for everyone

പ്രതിപക്ഷനേതാവ് വീണിടത്ത് കിടന്ന് ഉരുളുന്നു; കിഫ്ബിയെ മറ്റൊരു ലാവ്‌ലിനാക്കാന്‍ ശ്രമം- തോമസ് ഐസക്ക്

SHARE THIS ON

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് കിഫ്ബിക്കെതിരായ ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സിഎജി അംസബന്ധം എഴുന്നള്ളിച്ചാൽ തുറന്നുകാട്ടും. വീണിടത്ത് കിടന്ന് ഉരുളുന്ന നിലപാടാണ് ചെന്നിത്തലയുടേതെന്നും പ്രസക്തമായ ചോദ്യങ്ങൾക്ക് അദ്ദേഹത്തിന് മറുപടിയില്ലെന്നും ധനമന്ത്രി പറഞ്ഞു.’പ്രതിപക്ഷ നേതാവ് ലാവ്ലിൻ കേസ് തുടങ്ങിയതുമായി ബന്ധപ്പെട്ട് ഒന്നാലോചിക്കണം. ഒരു സി.എജി കരട് റിപ്പോർട്ട് വച്ചാണ് ലാവ്ലിൻ കേസിന്റെ തുടക്കം. 374 കോടി രൂപ മുടക്കിയതിന് ഒരു ഗുണവും സംസ്ഥാനത്തിന് ഉണ്ടായില്ല എന്നാണ് ആ കരട് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. മൊത്തം പാഴായി പോയി എന്നും കരട് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇത് ചോർത്തിയാണ് 10 വർഷത്തോളം ആറാടിയത്.പിന്നീട് ഇക്കാര്യം തിരുത്തി സിഎജി പൂർണ്ണ റിപ്പോർട്ട് നൽകിയപ്പോഴും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പഴയ കരട് റിപ്പോർട്ടിലെ വിവരമാണ് ഉദ്ധരിച്ചത്. ഇന്നും 374 കോടിയുടെ കണക്കുവെച്ചാണ് പ്രചാരണം.തങ്ങൾക്കതിന്റെ അനുഭവമുണ്ട്. കിഫ്ബിയിലും ഇതാവർത്തിക്കാമെന്നാണ് പ്രതിപക്ഷ നേതാവും കൂട്ടരും കരുതിയിരുന്നത്. അത് പൊളിഞ്ഞു. അതിന്റെ വെപ്രാളമാണ് കണ്ടത്’ ധനമന്ത്രി പറഞ്ഞു.സംസ്ഥാനത്തിന്റെ ധനകാര്യ നിലനിൽപ്പിന്റെ പ്രശ്നമാണിത്. 50000 കോടിയുടെ പദ്ധതികൾ ഭരണാനുമതി നൽകി. 30000 കോടി രൂപയുടെ ടെൻഡർ വിളിച്ചു. സംസ്ഥാന സർക്കാരിനോട് ഒരിക്കൽ പോലും ഇത് ഭരണഘടനാനുസൃമാണോ എന്ന് ചോദിക്കാതെയുള്ള ഒരു റിപ്പോർട്ട് സിഎജി അല്ല ആരുണ്ടാക്കിയാലും കണ്ടില്ലെന്ന് നടിച്ച് പോകാനാകില്ല. കരട് റിപ്പോർട്ടിലെ ലക്കും ലഗാനുമില്ലാത്ത പരാമർശങ്ങളുടെ ഉന്നം രാഷ്ട്രീയ മുതലപ്പെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.വായ്പ എടുക്കുന്നത് എങ്ങനെ ഭരണഘടനാ വിരുദ്ധമാകുമെന്ന് ചെന്നിത്തല പറയണം. വായ്പ എടുക്കാനുള്ള അധികാരം ഒഴിവാക്കണോ എന്ന് യുഡിഎഫ് വ്യക്തമാക്കണം. 2002,2003 വർഷങ്ങളിൽ യുഡിഎഫ് കിഫ്ബി ഉപയോഗിച്ച് വായ്പ എടുത്തിട്ടുണ്ട്. കിഫ്ബിയിൽ സിഎജി ഓഡിറ്റ് വേണ്ടെന്ന് വയ്ക്കുന്നത് യുഡിഎഫാണ്. ഇപ്പോഴും കിഫ്ബി അതേ നിലപാടാണ് എടുത്തത്. അതിൽ എന്താണ് തെറ്റെന്ന് പറയാൻ തയ്യാറാകണം. നിങ്ങളുടെ കാലത്ത് എന്തുകൊണ്ടാണ് ഓഡിറ്റ് വേണ്ടെന്ന് തീരുമാനിച്ചതിന്റെ കാരണം ആദ്യം വ്യക്തമാക്കണമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!