അമേരിക്കയിലെ മയോ ക്ലിനിക്കിൽ രണ്ടുതവണ ചികിത്സ: മുഖ്യമന്ത്രി ചെലവിട്ടത് 72.09 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞവർഷം രണ്ടുതവണ അമേരിക്കയിലെ മയോ ക്ലിനിക്കിൽ നടത്തിയ ചികിത്സയ്ക്ക് മാത്രം ചെലവായത് 72.09 ലക്ഷം രൂപ. അമേരിക്കയിലേക്കുള്ള മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യാത്രാടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങിയ മറ്റു ചെലവുകൾ കൂടാതെയാണിത്. 2022 ജനുവരി 11 മുതൽ 27 വരെനടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപയും 2022 ഏപ്രിൽ 26 മുതൽ മേയ് ഒമ്പതുവരെ നടത്തിയ ചികിത്സയ്ക്ക് 42.27 ലക്ഷം രൂപയുമാണ് ചെലവിട്ടത്. ഈ തുക അനുവദിക്കണമെന്ന മുഖ്യമന്ത്രിയുടെ അപേക്ഷ ലഭിച്ചതിനെത്തുടർന്ന് പൊതുഭരണവകുപ്പിൽനിന്ന് തുക നൽകി ഉത്തരവിറക്കി. ചികിത്സയ്ക്കായി മുഖ്യമന്ത്രി മയോക്ലിനിക്കിലേക്ക് പോയപ്പോൾ ഭാര്യ കമല, പി.എ. സുനിഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. എം.എൽ.എ. ഹോസ്റ്റലിലെ ഹെൽത്ത് ക്ലിനിക്കിൽ മുഖ്യമന്ത്രിയുടെ ഭാര്യ നടത്തിയ ചികിത്സയുടെ ചെലവ് സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. 2022 ഏപ്രിൽ 21 മുതൽ 2022 ഡിസംബർവരെ ലെജിസ്ലേറ്റേഴ്സ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ അവർക്കായി 47,796 രൂപ ചെലവായി. മുഖ്യമന്ത്രിക്ക് ഇതേക്ലിനിക്കിൽ ചെലവായത് 28,646 രൂപയാണ്. 2021 ഏപ്രിൽ 16 മുതൽ 2021 ഓഗസ്റ്റ് വരെ ഇരുവരുടെയും ലെജിസ്ലേറ്റേഴ്സ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിലെ ചികിത്സയ്ക്ക് 42,057 രൂപയും അനുവദിച്ചിരുന്നു. ചികിത്സാചെലവ് അനുവദിച്ചെങ്കിലും മുഖ്യമന്ത്രി അമേരിക്കയിലെ മയോക്ലിനിക്കൽ എന്ത് ചികിത്സയാണ് നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കെ.പി.സി.സി. സെക്രട്ടറി സി.ആർ. പ്രാണകുമാർ വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും മറുപടി നൽകിയിട്ടില്ല

