KSDLIVENEWS

Real news for everyone

തെരഞ്ഞെടുപ്പ് പ്രഖ്യാപന ശേഷം പെട്രോൾ , ഡീസൽ നിരക്കിന് എന്ത് സംഭവിച്ചു ? ജിഎസ്ഡിയുടെ പരിധിയിലായാൽ രക്ഷയുണ്ടോ?

SHARE THIS ON

പെട്രോളിന്റെയും ഡീസലിന്റെയും വില മാര്‍ച്ച്‌ മാസത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. 2021 മാര്‍ച്ച്‌ 15 ലെ നിരക്കുകളുടെ അടിസ്ഥാനത്തില്‍ നിലവില്‍ രാജ്യത്ത് എല്ലായിടത്തും ഇന്ധന നിരക്ക് റെക്കോര്‍ഡ് ഉയരത്തിലാണ്. ഇന്ധന വില മാര്‍ച്ച്‌ മാസത്തില്‍ ഇതുവരെയും പരിഷ്കരിച്ചിട്ടില്ല, അവസാനമായി നിരക്കില്‍ മാറ്റമുണ്ടായത് 2021 ഫെബ്രുവരി 27 നാണ്. അതായത് തെരഞ്ഞെ‌ടുപ്പ് പ്രഖ്യാപനം ഉണ്ടായതിന് ശേഷം നിരക്കുകളില്‍ മാറ്റം വന്നിട്ടില്ല. അന്ന് പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസല്‍ ലിറ്ററിന് 15 പൈസയുമാണ് കൂടിയത്.

ദില്ലിയില്‍ പെട്രോള്‍ വില ലിറ്ററിന് 91.17 രൂപയും ഡീസല്‍ 81.47 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 97.57 രൂപയും ഡീസലിന് 88.60 രൂപയും തിരുവനന്തപുരത്ത് നിരക്ക് യഥാക്രമം 93.05 രൂപയും ഡീസലിന് 87.53 രൂപയുമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോളിന്റെ നിരക്ക് സെഞ്ച്വറിയടിച്ചിരുന്നു !രാജ്യത്തെ ഇന്ധനത്തിന് ഏറ്റവും ഉയര്‍ന്ന വാറ്റ് ഈടാക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. രാജസ്ഥാനിലെ ശ്രീ ​ഗം​ഗാന​ഗറില്‍ പെട്രോളിന്റെ ചില്ലറ വില്‍പ്പന വില 101.84 രൂപയില്‍ സ്ഥിരമായി തുടരുന്നതായി പ്രമുഖ ദേശീയ മാധ്യമമായ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡീസല്‍ ലിറ്ററിന് 93.77 രൂപയാണ് നിരക്ക്. മധ്യപ്രദേശിലെ അനുപൂരില്‍ പെട്രോളിന് ലിറ്ററിന് 101.59 രൂപയും ഡീസല്‍ 91.97 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

2021 ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 4.87 രൂപയും ഡീസല്‍ നിരക്ക് 4.99 രൂപയും ഉയര്‍ന്നു. ചരക്ക് കൂലിയോടൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതികളും (എക്സൈസ് നികുതി, സംസ്ഥാന വാറ്റ്) സെസ്സുകളും ചുമത്തുന്നതിനാല്‍ ഇന്ധന വില ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്.

വിലയുടെ 60 ശതമാനം നികുതി !

പെട്രോളിന്റെ ചില്ലറ വില്‍പ്പന വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്ര-സംസ്ഥാന നികുതികളാണ്. പെട്രോളിന് ഒരു ലിറ്ററിന് എക്സൈസ് തീരുവ, സെസ്സ് എന്നിവയായി 32.90 രൂപയും ഡീസലിന് ലിറ്ററിന് 31.80 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നത്. സംസ്ഥാന വില്‍പ്പന നികുതി, സെസ്സ് എന്നീ ഇനത്തില്‍ കേരള സര്‍ക്കാരിന് ഒരു ലിറ്റര്‍ പെട്രോള്‍ വില്‍പ്പന നടക്കുമ്ബോള്‍ ഏകദേശം 22 രൂപ ലഭിക്കുന്നു. ഡീസലിന്റെ വില്‍പ്പനയിലൂടെ ഏകദേശം 18 രൂപയും ഖജനാവിലേക്ക് എത്തും (2021 ഫെബ്രുവരി 16 ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍).

അന്താരാഷ്ട്ര വിലയ്ക്കും വിദേശനാണ്യ നിരക്കിന്റെയും അടിസ്ഥാനത്തിലാണ് ഇന്ധന വില സാധാരണയായി ദിവസേന പരിഷ്കരിക്കുന്നത്. എന്നാല്‍, നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര നിരക്ക് ഉയര്‍ന്നിട്ടും രാജ്യത്തെ നിരക്കില്‍ മാറ്റം വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ആഗോളതലത്തില്‍, ക്രൂഡ് ഓയില്‍ വില മാര്‍ച്ച്‌ 15 ഓടെ ഉയര്‍ന്നു, ബ്രെന്റ് ബാരലിന് 70 ഡോളറിനടുത്തെത്തി. പ്രധാന ഉല്‍പാദകരുടെ (ഒപെക് പ്ലസ്) ഉല്‍പാദന വെട്ടിക്കുറവ് ഏപ്രില്‍ വരെ തുടരാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നിരക്ക് ഉയരാന്‍ തുടങ്ങിയത്. ആഗോള സാമ്ബത്തിക, ഇന്ധന ഡിമാന്‍ഡ് വീണ്ടെടുക്കലിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഉയര്‍ന്നുവെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, അന്താരാഷ്ട്ര നിരക്ക് ഉയരുന്നത് ഇന്ത്യ അടക്കമുളള എണ്ണ ഉപഭോ​ക്തൃ രാജ്യങ്ങള്‍ക്ക് ഭീഷണിയാണ്. രാജ്യത്തെ ആകെ ഇന്ധന ഉപഭോ​ഗത്തിന്റെ 83.7 ശതമാനമാനവും ഇറക്കുമതിയിലൂടെയാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

മാര്‍ച്ചില്‍ മാറ്റമില്ലാ നിരക്ക്

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യവും ഉപഭോക്താവുമായ ഇന്ത്യ ആഗോള സാമ്ബത്തിക വീണ്ടെടുക്കലിനെ സഹായിക്കുന്നതിനായി വിതരണ നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന് പ്രധാന എണ്ണ ഉല്‍പാദകരോട് ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നെങ്കിലും പരി​ഗണിക്കപ്പെട്ടില്ല. ഒപെക് പ്ലസ് തീരുമാനത്തിന് പിന്നാലെ സൗദി അറേബ്യ സ്വമേധയാ ഉല്‍പ്പന്ന വെട്ടിക്കുറവ് പ്രഖ്യാപിച്ചതാണ് നിരക്ക് 70 ഡോളറിലേക്ക് ഉയരാനുളള പ്രധാന കാരണം.

മെയ് മാസത്തെ ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 23 സെന്‍റ് (0.3 ശതമാനം) ഉയര്‍ന്ന് 69.45 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ബാരലിന് 65.90 ഡോളറായിരുന്നു. 29 സെന്‍റ് (0.4 ശതമാനം) വര്‍ധന. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് നിരക്ക് ബാരലിന് 56 ഡോളറായിരുന്ന 2021 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്തെ ഒരു ലിറ്റര്‍ പ്രെട്രോളിന്റെ നിരക്ക് 87 -88 രൂപ നിലവാരത്തിലായിരുന്നു. രൂപയുടെ വിനിമയ നിരക്ക് ഡോളറിനെതിരെ 72-73 നിലവാരത്തിലും, അവസാനമായി നിരക്കുകളില്‍ മാറ്റം ഉണ്ടായ ഫെബ്രുവരി 27 ന് ബ്രെന്റ് ക്രൂഡിന്റെ നിരക്ക് 66 ഡോളറും പെട്രോളിന്റെ നിരക്ക് 93.05 രൂപയിലേക്കും ഉയര്‍ന്നിരുന്നു. രൂപയുടെ വിനിമയ നിരക്ക് 73 എന്ന നിലയിലായിരുന്നു.

മാര്‍ച്ച്‌ 15 ലേക്ക് എത്തിയതോടെ ക്രൂഡ് നിരക്ക് 70 ഡോളറിന് സമീപം എത്തി. രൂപയുടെ വിനിമയ നിരക്ക് 72-73 നിലവാരത്തില്‍ തന്നെ തുടരുന്നു. എന്നാല്‍, ഫെബ്രുവരി 27 ന് ശേഷം രാജ്യത്തെ ഇന്ധന നിരക്കുകളില്‍ മാറ്റം ഉണ്ടായിട്ടില്ല.

ഇരട്ട നികുതിയെ ഉണ്ടാകുമോ?

പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പിരിധിയില്‍ എത്തിക്കുന്നതോടെ നിരക്ക് കുറയുമെന്ന വാദ​ഗതി നിലവിലുണ്ടെങ്കിലും ജിഎസ്ടി നിരക്കിനൊപ്പം എക്സൈസ് തീരുവ കൂടി ഏര്‍പ്പെടുത്തിയാല്‍ നിരക്കില്‍ വലിയ കുറവ് പ്രതീക്ഷിക്കാന്‍ കഴിയില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേല്‍ എക്സൈസ് നികുതി പിരിച്ചെ‌ടുക്കാനുളള അധികാരം ഇന്ത്യന്‍ ഭരണഘടനയുടെ സെവന്റ് ഷെഡ്യൂള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നു. അതായത് ജിഎസ്ടിയുടെ പരിധിയിലേക്ക് പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉള്‍പ്പെ‌ടുത്തിയാലും കേന്ദ്ര സര്‍ക്കാരിന് ഇതിന് പുറമേ എക്സൈസ് നികുതി കൂടി പിരിക്കാന്‍ കഴിയും.

എക്‌സൈസ് തീരുവ, സംസ്ഥാന സര്‍ക്കാരുകളുടെ വാറ്റ്/ വില്‍പ്പന നികുതി എന്നിവ നികുതിവരുമാനത്തിന്റെ പ്രധാന സ്രോതസ്സായതിനാല്‍ ജിഎസ്ടിക്ക് കീഴില്‍ പെട്രോളിനെയും ഡീസലിനെയും കൊണ്ടുവരുന്നത് സര്‍ക്കാരുകള്‍ക്ക് വന്‍ വരുമാന നഷ്ടമുണ്ടാക്കും.

എന്നാല്‍, ജിഎസ്ടിയുടെ ഉയര്‍ന്ന സ്ലാബായി 28 ശതമാനം മാത്രമാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ മേല്‍ ഈടാക്കാന്‍ തീരുമാനിക്കുന്നതെങ്കില്‍ നിരക്കില്‍ വന്‍ കുറവുണ്ടാകും. ഇത്തരത്തിലൊരു സാഹചര്യം ഉണ്ടായാല്‍ ഇന്ധന നിരക്കുകള്‍ ഇപ്പോഴുളളതിന്റെ പകുതിയായി മാറിയേക്കാം. എന്നാല്‍, ജിഎസ്ടി കൗണ്‍സിലിന് പ്രത്യേക സ്ലാബ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കായി ഏര്‍പ്പെടുത്താനും ആകുമെന്നതിനാല്‍ ജിഎസ്ടി കൗണ്‍സിലിന്റെ പരിധിയില്‍ എത്തിയാലും കൗണ്‍സിലിന്റെയും കേന്ദ്ര സര്‍ക്കാരിന്റെ ഇക്കാര്യത്തിലെ നയപരമായ തീരുമാനം നിര്‍ണായകമാകും.

പെട്രോള്‍, ഡീസല്‍, ജെറ്റ് ഇന്ധനം എന്നിവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുളള നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ലെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയത്. ജിഎസ്ടി കൗണ്‍സിലില്‍ ഇതുവരെ സംസ്ഥാനങ്ങള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. എല്ലാ ഘടകങ്ങളും പരിഗണിച്ച്‌ ഉചിതമായ സമയത്ത് പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കൗണ്‍സില്‍ പരിഗണിച്ചേക്കാമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇന്ധന വില കുറക്കുന്നതിനായി നികുതി കുറയ്ക്കാനായും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.

പുതിയ സെസ്സുകള്‍ ‘ഇനിയില്ല’

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയതായി ഒരു സെസ്സും ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ രാജ്യത്തെ പെട്രോളിനും ഡീസലിനും മുകളില്‍ റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്സ്, അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് സെസ്സ് എന്നിവ ചുമത്തുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ അടിസ്ഥാന എക്സൈസ് തീരുവ, സ്പെഷ്യല്‍ അഡീഷണല്‍ എക്സൈസ് തീരുവ എന്നിവയ്ക്ക് പുറമേയാണ് ഇത് ഇടാക്കുന്നത്. 2021 ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്റര്‍ 2.5 രൂപയും, ലിറ്ററിന് നാല് രൂപയും കാര്‍ഷിക സെസ്സ് പ്രഖ്യാപിച്ചിരുന്നു. ഈ പുതിയ സെസ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന്, അടിസ്ഥാന എക്‌സൈസ് തീരുവ (ബിഇഡി) പ്രത്യേക അധിക എക്‌സൈസ് തീരുവ (എസ്‌ഇഡി) എന്നിവയില്‍ കുറവ് വരുത്തിയിരുന്നു.

”സിജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 9 (2) അനുസരിച്ച്‌ ജിഎസ്ടിയില്‍ ഈ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശ ആവശ്യമാണ്. ജിഎസ്ടിക്ക് കീഴില്‍ പെട്രോളും ഡീസലും ഉള്‍പ്പെടുത്തുന്നതിന് ഇതുവരെ ജിഎസ്ടി കൗണ്‍സില്‍ ഒരു ശുപാര്‍ശയും നല്‍കിയിട്ടില്ല, ” രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി അനുരാഗ് താക്കൂര്‍ പറഞ്ഞു.

ഉപഭോ​ഗത്തില്‍ ഇടിവ്

രാജ്യത്തെ ഇന്ധന ഉപഭോഗം ഫെബ്രുവരിയില്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് രേഖപ്പെടുത്തിയത്. വിലക്കയറ്റമാണ് ഉപഭോഗം കുറയാന്‍ കാരണമെന്നാണ് സാമ്ബത്തിക വിദ​ഗ്ധരുടെ നിഗമനം.

ഫെബ്രുവരിയില്‍ 17.21 ദശലക്ഷം ടണ്‍ ഇന്ധനമാണ് ഫെബ്രുവരിയിലെ ഉപഭോഗം. 4.9 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. പെട്രോളും ഡീസലും ഉപഭോഗം കുറഞ്ഞുവെന്ന് പെട്രോളിയം ആന്റ് നാചുറല്‍ ഗ്യാസ് മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ റിപ്പോര്‍ട്ട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!