KSDLIVENEWS

Real news for everyone

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം

SHARE THIS ON

കാലിഫോർണിയ: ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണു. അമേരിക്കൻ വ്യോമസേനയുടെ സബ് സോണിക് ശേഷിയുള്ള ബി52 സ്ട്രാറ്റോഫോർട്രെസ് ബോംബർ വിമാനമാണ് കാലിഫോർണിയയിലെ എഡ്വേർഡ്സ് വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണത്. അപകടം നടന്നയുടൻ തന്നെ അടിയന്തര രക്ഷാപ്രവർത്തക സംഘം സംഭവസ്ഥലത്ത് എത്തിച്ചേർന്നതായും നിലവിൽ അവിടെ രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എട്ട് പേർ കൊല്ലപ്പെട്ടതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  സാധാരണ നിലയിൽ അഞ്ച് അംഗ ക്രൂ ആണ് ബി52 ബോംബർ വിമാനത്തിലുണ്ടാവാറുള്ളത്.

ആണവായുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ബി52 ബോംബർ വിമാനങ്ങൾക്ക് ഏകദേശം 70,000 പൗണ്ട് (ഏകദേശം 31,750 കിലോഗ്രാം) ഭാരം വരെ വഹിക്കാൻ സാധിക്കും. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 110 മില്യൺ ഡോളർ (ഏകദേശം 1,065 കോടി രൂപ) വിലവരുന്ന അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഒന്നാണിത്. 1955 മുതൽ അമേരിക്കൻ വ്യോമസേനയുടെ ഭാഗമാണ് ഈ വിമാനം. അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ സൈനിക സംഘർഷങ്ങളിൽ ബോംബിംഗ് ദൗത്യങ്ങൾക്കായി ബി52 ബോംബർ ഉപയോഗിച്ചിരുന്നു. 

ലോസ് ഏഞ്ചൽസിന് വടക്കുകിഴക്കായി പടിഞ്ഞാറൻ മൊജാവേ മരുഭൂമിയിലാണ് ഈ സൈനിക താവളം സ്ഥിതി ചെയ്യുന്നത്. അപകടസ്ഥലത്തുനിന്നുള്ള ആകാശദൃശ്യങ്ങളിൽ വിമാനം തകർന്നുവീണ ഭാഗത്ത് വലിയ രീതിയിൽ പുകയുന്ന നിലയിലുള്ള കരിഞ്ഞ അടയാളങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. ദീർഘദൂര ആക്രമണങ്ങൾക്കും കനത്ത പ്രഹരശേഷിയുള്ള യുദ്ധമുറകൾക്കുമായി ഉപയോഗിക്കുന്ന ഒരു തന്ത്രപ്രധാന യുദ്ധവിമാനമാണ് ബോയിംഗ് കമ്പനി നിർമ്മിച്ച ബി-52 സ്ട്രാറ്റോഫോർട്രെസ്. 

error: Content is protected !!