സ്കൂളിൽ പതാക ഉയർത്താൻ എത്തിച്ച കുഴൽ ലൈനിൽ തട്ടി അധ്യാപകൻ ഷോക്കേറ്റ് മരിച്ചു; ആഘോഷം കണ്ണീരിൽ കുതിർന്നു

ബാലസോർ: ഒഡീഷയിലെ ബാലസോറിൽ സ്വാതന്ത്ര്യദിനാഘോഷത്തിനായി സ്കൂളിൽ നടന്ന ഒരുക്കങ്ങൾ അവസാനിച്ചത് പ്രിയപ്പെട്ട അധ്യാപകന്റെ വേർപാടിൽ. സ്കൂളിൽ പതാക ഉയർത്താൻ എത്തിച്ച ഇരുമ്പ് കുഴൽ ഇലക്ട്രിക് ലൈനിൽ തട്ടി അധ്യാപകൻ ഷോക്കേറ്റ് മരിച്ചു. ബാലസോർ ജില്ലയിലെ മൈതാപുരിലെ സ്കൂളിലാണ് ദാരുണ സംഭവമുണ്ടായത്. സ്കൂളിലെ കായിക അധ്യാപകനായ പ്രിയബ്രത ബെഹേരയാണ് ഷോക്കേറ്റ് മരിച്ചത്. ശനിയാഴ്ച രാവിലെ സ്വാതന്ത്ര്യദിനാഘോഷത്തിനായി അധ്യാപകരും വിദ്യാർഥികളും എത്തിച്ചേരുമ്പോഴായിരുന്നു അപകടം. മൂന്ന് വിദ്യാർഥികൾക്കും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു.
രാവിലെ എട്ട് മണിയോടെയാണ് സ്കൂൾ പരിസരത്തു അപകടമുണ്ടായത്. പതാക ഉയർത്താനുള്ള ഇരുമ്പ് പൈപ്പ് അധ്യാപകൻ മുകളിലേക്ക് ഉയർത്തുമ്പോൾ വൈദ്യുതി കമ്പിയിൽ തട്ടി. തുടർന്ന് അധ്യാപകനും അടുത്തുണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾക്കും വൈദ്യുതാഘാതമേറ്റു. ഗുരുതരമായി പരുക്കേറ്റ അധ്യാപകനെ ഭദ്രക് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള വിദ്യാർഥികളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

