പ്രകൃതിസംരക്ഷണത്തിനും വർഗീയതയ്ക്കുമെതിരേ
140 മണ്ഡലങ്ങൾ സൈക്കിളിൽ ചുറ്റി ഇഖ്ബാൽ തിരിച്ചെത്തി

തൃക്കരിപ്പൂർ : പ്രകൃതിസംരക്ഷണത്തിനും വർഗീയതയ്ക്കുമെതിരേ കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തി മടങ്ങിയെത്തിയ ചെർക്കള സ്വദേശി സി.എ. മുഹമ്മദ് ഇഖ്ബാലിന് (42) ജില്ലാ അതിർത്തിയിൽ ഉജ്ജ്വല സ്വീകരണം. കാസർകോട് പെഡലേഴ്‌സ് നേതൃത്വത്തിലാണ് തൃക്കരിപ്പൂരിൽ പൗരസ്വീകരണം ഒരുക്കിയത്. ഒക്ടോബർ ഒന്നിന് ആരംഭിച്ച യാത്രയാണ് 46 ദിവസം കൊണ്ട് 4500 കിലോമീറ്റർ പിന്നിട്ട് ഞായറാഴ്ച മഞ്ചേശ്വരം മണ്ഡലത്തിൽ സമാപിച്ചത്. ഇഖ്ബാലിനെ സ്വീകരിക്കാൻ കണ്ണൂർ ജില്ലയിലെ പിലാത്തറമുതൽ കാസർകോടുവരെയുള്ള സൈക്ലിസ്റ്റുകൾ അതിരാവിലെ തൃക്കരിപ്പൂരിൽ എത്തിച്ചേർന്നു. കാസർകോട് പെഡലേഴ്‌സിന്റെ സ്വീകരണം നടൻ ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രതീഷ് അമ്പലത്തറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു മയൂരി, വി.എൻ. ശ്രീകാന്ത്, ടി.എം.സി. ഇബ്രാഹിം, മുഹമ്മദ് താജ് എന്നിവർ നേതൃത്വം നൽകി. കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡിൽ ഹൊസ്ദുർഗ് എസ്.ഐ. വിനോദ് കുമാർ പൂമാല അണിയിച്ച് സ്വീകരിച്ചു. തൃക്കരിപ്പൂരിൽനിന്നും കാഞ്ഞങ്ങാട്ടുനിന്നും സൈക്ലിസ്റ്റുകൾ ഇഖ്ബാലിനെ മഞ്ചേശ്വരം വരെ അനുഗമിച്ചു. യാത്ര പൊസഡിഗുമ്പേയിൽ സമാപിച്ചു. അവിടെ ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു സൈക്ലിസ്റ്റുകളെ സ്വീകരിച്ചു

