ആൾക്കൂട്ടത്തെ ഒഴിവാക്കുന്നതിനിടെ മേൽപ്പറമ്പിൽ പോലീസിനുനേരേ അക്രമം

മേൽപ്പറമ്പ്: ടൗണിൽ കൂടിനിന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പോലീസിനുനേരേ അക്രമം. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ മേൽപ്പറമ്പ് ടൗണിലാണ് സംഭവം. മേൽപ്പറമ്പ് ഇൻസ്പെക്ടർ സി.എൽ. ബെന്നി ലാലു, സബ് ഇൻസ്പെക്ടർ ബൈജു, സിവിൽ പോലീസ് ഓഫീസർ എ.വി. സിനു എന്നിവരെയാണ് അക്രമിച്ചത്. ഇവർ കാസർകോട് ജനറൽ ആസ്പത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ സലാം എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പട്രോളിങ്ങിന് ഇറങ്ങിയ ഇൻസ്പെക്ടറും സംഘവും കീഴൂർ റോഡിലെ ക്വാർട്ടേഴ്സിന് സമീപം കൂടിനിൽക്കുന്നവരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം തുടങ്ങിയത്. സ്ഥലത്തുണ്ടായിരുന്നവരുടെ വീഡിയോ ഇൻസ്പെക്ടർ മൊബൈലിൽ പകർത്തുന്നതിനിടെ ചിലർ ആക്രോശിച്ച് പാഞ്ഞെത്തിയതായി പോലീസ് പറഞ്ഞു. ഇതിനിടെ ഇൻസ്പെക്ടർ ഒരാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരാൾ പാഞ്ഞെത്തി തള്ളിമാറ്റുകയും ഇൻസ്പെക്ടറുടെ മുഖത്തിടിക്കുകയും ചെയ്തു. പോലീസ് വാഹനത്തിന്റെ താക്കോൽ സംഘം ഊരിയെടുത്ത് കൊണ്ടുപോയി. ഒരുമണിക്കൂറിന് ശേഷം പരിസരത്ത് താക്കോൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തിയതോടെയാണ് സംഘർഷം അയഞ്ഞത്. എട്ടുപേരാണ് സംഘർഷത്തിന് നേതൃത്വം നൽകിയതെന്നും ഇവരെ തിരിച്ചറിഞ്ഞതായും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കേസെടുക്കുമെന്നും ഇൻസ്പെക്ടർ സി.എൽ. ബെന്നി ലാലു പറഞ്ഞു. കോവിഡിന് ശേഷം പ്രധാന കവലകളിൽ കർശന നിരീക്ഷണം മേൽപ്പറമ്പ് പോലീസ് നടത്തുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തിയതിന് സംസ്ഥാന പോലീസ് മേധാവിയുടെ ‘കോവിഡ് പോരാളി’ ബഹുമതിക്ക് ബെന്നി ലാലു അർഹനായിരുന്നു.

