KSDLIVENEWS

Real news for everyone

ജില്ലയിൽ മുസ്ലിം ലീഗ് സ്ഥാനാർഥി നിർണയം വൈകുന്നു.

SHARE THIS ON

കാസർഗോഡ് : നാലാമങ്കത്തിനിറങ്ങാൻ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ അപേക്ഷിച്ചവർക്ക് ഇളവ് കിട്ടിയില്ല , ഇതേത്തുടർന്നു മുസ്ലിംലീഗ് സ്ഥാനാർഥി പ്രഖ്യാപനം ജില്ലയിൽ വൈകുന്നു . 3 തവണയിലേറെ മത്സരിച്ചു ജയിച്ചവരെ ഇക്കുറി സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നു മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം മാസങ്ങൾക്കു മുൻപേ തീരുമാനിച്ചിരുന്നു . ഇതു നടപ്പാക്കിയാൽ ടി.ഇ.അബ്ദുല്ല , ഫരീദ സക്കീർ അഹമ്മദ് , ആയിഷ പെർള , കെ.ഇ.ബക്കർ , ബീഫാത്തിമ ഇബ്രാഹിം ഉൾപ്പെടെയുള്ളവർക്ക് മത്സരിക്കാൻ സാധിക്കില്ല . എന്നാൽ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പ്രസിഡന്റ് ,നഗരസഭാധ്യക്ഷൻ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ പരിചയ സമ്പന്നരായവരെ നിയോഗിക്കണമെന്ന് വിവിധ ഘടകങ്ങളും മൂന്നു തവണയിലേറെ മത്സരിച്ചവരിൽ ചിലരും മുന്നോട്ടുവച്ച നിർദേശത്തെത്തുടർന്ന് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി മുഖേന സംസ്ഥാന നേതൃത്വത്തിനു കത്ത് നൽകിയിരുന്നു . ഇതു സംബന്ധിച്ച് ഇന്നലെ രാത്രി വൈകിയും സംസ്ഥാന കമ്മിറ്റി തീരുമാനം എടുത്തില്ലെന്നും വീണ്ടും മത്സരിപ്പിക്കാനുള്ള സാധ്യത് വിരളമാണെന്നും ജില്ലയിലെ ഒരു നേതാവ് പറഞ്ഞു . ഇന്ന് ഉച്ചയോടെ ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടായില്ലെങ്കിൽ താഴെ ഘടകങ്ങളിൽ നിന്നു ലഭിച്ച പേരുകൾ ജില്ലാ പാർലമെന്ററി ബോർഡ് യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കാനാണു സാധ്യത . കാസർകോട് നഗരസഭാധ്യക്ഷനായി വീണ്ടും പരിഗണിക്കുന്ന മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കൂടിയായ ടി.ഇ.അബ്ദുല്ല , കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയായി നിശ്ചയിച്ചിട്ടുള്ള ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഫരീദ് സക്കീർ അഹമ്മദ് , പള്ളിക്കര പഞ്ചായത്ത് അംഗമായ മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ഇ.ബക്കർ , ജില്ലാ പഞ്ചായത്ത് എടനീർ ഡിവിഷനിൽ പരിഗണിക്കുന്ന എൻമകജെ പഞ്ചായത്ത് അംഗമായിരുന്ന ആയിഷ പെർള എന്നിവരടക്കമുള്ളവർ മൂന്നിലേറെ തവണ മത്സരിച്ച് ജയിച്ചവരാണ് . ഇതിനു പുറമെ ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിനു കിട്ടുകയാണെങ്കിൽ മുസ്ലിംലീഗിനായിരിക്കും പ്രസിഡന്റ് സ്ഥാനമെന്ന് ഏകദേശം ധാരണയായിട്ടുണ്ട് . ഈ സ്ഥാനത്തേക്കും പരിചയ സമ്പന്നരായ ഒരാളെ പരിഗണിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട് . ജില്ലാ പഞ്ചായത്ത് , കാസർകോട് ബ്ലോക്ക് , കുമ്പള പഞ്ചായത്തുകളിൽ പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ് . യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചാൽ ഇവിടങ്ങളിൽ മുസ്ലിംലീഗിനാണ് പ്രസിഡന്റ് പദവി ലഭിക്കുക .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!