KSDLIVENEWS

Real news for everyone

കോഴിക്കോട്ട് കോവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

SHARE THIS ON

കോഴിക്കോട്: കോവിഡ് രോഗിയെ ആശുപത്രിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അത്തോളി ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജിൽ കഴിഞ്ഞദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരനായ അശ്വിനാണ് കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലെ നാലാം നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ മാതാപിതാക്കളെയും പിന്നീട് കോവിഡ് പോസിറ്റീവായി ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് ഹൃദ്രോഗിയായതിനാൽ മാതാവിനൊപ്പം ഒരു മുറിയിൽ സൗകര്യം ചെയ്തുകൊടുക്കണമെന്ന് യുവതി ആശുപത്രി അധികൃതരോട് അഭ്യർഥിച്ചിരുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി യുവതി മുറിയിൽ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാരനായ അശ്വിൻ യുവതിയെ ശല്യംചെയ്യാൻ തുടങ്ങിയത്. ആശുപത്രിയിലെ രജിസ്റ്ററിൽനിന്ന് യുവതിയുടെ നമ്പർ ശേഖരിച്ച അശ്വിൻ ആദ്യം വാട്സാപ്പിലേക്ക് നിരന്തരം അശ്ലീലച്ചുവയിലുള്ള സന്ദേശങ്ങൾ അയക്കുകയായിരുന്നു. മോശമായ രീതിയിൽ സന്ദേശമയക്കുന്നത് തുടർന്നതോടെ യുവതി ഡോക്ടർമാരെ പരാതി അറിയിച്ച് മുറിയിൽ തിരിച്ചെത്തി. ഇതിനുപിന്നാലെയാണ് പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ജീവനക്കാരൻ ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. ആശുപത്രിയിലെ നാലാം നിലയിലേക്കാണ് യുവതിയെ ലിഫ്റ്റിൽ കൂട്ടിക്കൊണ്ടുപോയത്. ഇവിടെവെച്ച് അശ്വിൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. ഇതോടെ ഭയന്നുപോയ യുവതി കോണിപ്പടി വഴി താഴെയിറങ്ങാൻ ശ്രമിച്ചെങ്കിലും അവിടെ ഫർണീച്ചറുകൾ നിരത്തി വഴി അടച്ചിരുന്നു. തുടർന്ന് ലിഫ്റ്റിൽ കയറിയാണ് യുവതി രക്ഷപ്പെട്ടത്. സംഭവത്തിൽ അത്തോളി പോലീസ് കഴിഞ്ഞദിവസം തന്നെ യുവതിയിൽനിന്ന് പ്രാഥമികമായ മൊഴിയെടുത്തിരുന്നു. തിങ്കളാഴ്ച പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!